കാതല്‍ എന്ന ചിത്രത്തില്‍ ജ്യോതിക അവതരിപ്പിച്ച ഓമനയുടെ സഹോദരനായ ടോമിയെന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരിക്കുകയാണ് നടന്‍ ജോജി ജോണ്‍. കാതലില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രം കൂടിയാണ് ജോജിയുടേത്. ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ ജോജി എന്ന ചിത്രത്തിലെ പനച്ചേല്‍ ജെയ്സണ്‍ എന്ന കഥാപാത്രത്തിലൂടെയാണ് ജോജി മലയാള സിനിമയിലെത്തുന്നത്. മമ്മൂട്ടിക്കൊപ്പം ആദ്യമായി ഒരു ചിത്രത്തില്‍ അഭിനയിക്കാനായതിന്റെ സന്തോഷത്തിലാണ് ജോജി. കാതല്‍ പോലൊരു സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതിനെ കുറിച്ചും മമ്മൂട്ടിയും ജിയോയും തന്നെ ഈ കഥാപാത്രത്തിലേക്ക് വിളിച്ചതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ജോജി ജോണ്‍.
കാതല്‍ വലിയ വിജയമായി മാറിക്കഴിഞ്ഞു. സിനിമയുമായി ബന്ധപ്പെട്ട് വലിയ ചര്‍ച്ചകള്‍ ഉയര്‍ന്നുവരുന്നുണ്ട്. ജോജിയുടെ മികച്ച ഒരു കഥാപാത്രമായി ടോമി മാറുകയാണ്. എങ്ങനെയാണ് കാതലിന്റെ ഭാഗമാകുന്നത്?
കാഞ്ഞിരപ്പള്ളി- ഈരാറ്റുപേട്ട ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ഒരു കുടുംബത്തിന്റെ കഥയാണ് കാതല്‍ പറയുന്നത്. മമ്മൂക്കയാണ് എന്നെ ഈ സിനിമയിലേക്ക് നിര്‍ദേശിക്കുന്നത്.
ഒരു പ്രദേശവാസിയെന്ന നിലയിലും ഇത്തരം സിനിമകളുടെ ഭാഗമാകുന്ന ബോഡി ലാംഗ്വേജും ഭാഷയുമൊക്കെയുള്ള, അത്തരം കഥാപാത്രങ്ങളുമായി ചേര്‍ന്നു നില്‍ക്കുന്ന മാനസിക സംഘര്‍ഷങ്ങളൊക്കെയുള്ള ചില കഥാപാത്രങ്ങള്‍ അവതരിപ്പിച്ചതുകൊണ്ടുമൊക്കെയാവാം അത്.
കാതലിലെ കഥാപാത്രം എന്റെ കരിയര്‍ ബെസ്റ്റ് എന്ന് പറയാന്‍ ഞാന്‍ ആളല്ല. ഞാന്‍ കരിയര്‍ തുടങ്ങിയിട്ടല്ലേ ഉള്ളൂ. എനിക്ക് തോന്നുന്നത് ഈ സിനിമ പലരുടേയും കരിയര്‍ ബെസ്റ്റാവുമെന്നാണ്. മമ്മൂക്കയുടെ തന്നെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ നാളെ അടയാളപ്പെടുത്തുമ്പോള്‍ അതില്‍ കാതല്‍ ഉണ്ടാകുമെന്ന് എനിക്ക് ഉറപ്പാണ്. മമ്മൂക്കയുടെ മികച്ച 25 വേഷങ്ങള്‍ എടുത്താല്‍ അതില്‍ ഒരുപക്ഷേ ഉണ്ടാകേണ്ട സിനിമയാണ് കാതല്‍ എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
സാമ്പത്തികപരമായി വലിയ വിജയങ്ങളുണ്ടായ സിനിമകള്‍ മലയാളത്തില്‍ വന്നിട്ടുണ്ടാകാം. എങ്കിലും ഇത്രയേറെ ചര്‍ച്ച ചെയ്ത സിനിമ ജോജിക്ക് ശേഷം കാതല്‍ തന്നെയാണ് എന്നാണ് വിശ്വസിക്കുന്നത്. ഈ രണ്ട് സിനിമകളുടേയും ഭാഗമാകാന്‍ കഴിഞ്ഞത് ഭാഗ്യമെന്നോ ദൈവാനുഗ്രഹമെന്നോ പറയാം.
കാതലില്‍ പൊതുവേ ഡയലോഗുകള്‍ കുറവാണ്. പക്ഷേ ടോമിയെന്ന അളിയന്റെ കഥാപാത്രം അദ്ദേഹത്തിന് പറയാനുള്ള കാര്യങ്ങള്‍ ലൗഡായി സംസാരിക്കുന്നുണ്ട്. പ്രത്യേകിച്ച് മമ്മൂട്ടിയുമായുള്ള രംഗങ്ങളില്‍. എങ്ങനെയായിരുന്നു ആ സീനുകളുടെ ചിത്രീകരണമൊക്കെ ?
മമ്മുക്കയേ ആദ്യം കണ്ടപ്പോള്‍ മാനസികമായി ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു. കാരണം ഞാന്‍ ഈ വലിയ മനുഷ്യനെ ആദ്യമായിട്ടാണ് അടുത്ത് കാണുന്നതും ഇടപെടുന്നതും. പക്ഷേ നമുക്ക് ഇത് ആദ്യ അനുഭവമാണെങ്കിലും അദ്ദേഹത്തിനത് എന്നെ പോലെ പല തുടക്ക കാരെയും കണ്ടു കണ്ട് തന്നെ അവരുടെ മാനസികാവസ്ഥ മനസിലാക്കാന്‍ സാധിക്കുന്നു എന്നതാണ്.
അതുകൊണ്ട് തന്നെ അദ്ദേഹം നമ്മളോട് നന്നായി ഇടപെടുകയും നമ്മുടെ മാനസിക സംഘര്‍ഷം കുറയ്ക്കുവാനായിട്ടുള്ള ടിപ്പുകള്‍ പ്രയോഗിക്കുകയും ചെയ്തിരുന്നു. നമ്മളെ പരമാവധി ഫ്രീ ആക്കും. സീനുകള്‍ മനോഹരമാക്കുവാന്‍ എല്ലാവരും കൂടി ചേര്‍ന്ന് പരിശ്രെമിക്കുന്നത് ആണ് അവിടെ കണ്ടത്.
ഏതെങ്കിലും രംഗങ്ങളില്‍ മമ്മൂട്ടി പ്രത്യേകമായി എന്തെങ്കിലും സജഷന്‍സ് പറഞ്ഞിരുന്നോ?
ഓരോ സീനുകളിലും നമ്മള്‍ അഭിനയിക്കുമ്പോള്‍ അത് കൂടുതല്‍ മികച്ചതാക്കാനുള്ള ടിപ്സ് മമ്മൂക്ക പറഞ്ഞു തരുമായിരുന്നു. ഉദാഹരണത്തിന് ഞാന്‍ മമ്മൂക്കയോട് പറയുന്ന ഒരു ഡയലോഗുണ്ട്. നാളെ പഞ്ചായത്ത്, പിന്നീട് ജില്ലാ പഞ്ചായത്ത്, അത് കഴിഞ്ഞ് ബ്ലോക്ക് പിന്നീട് അസംബ്ലി, എം.പി എന്നൊക്കെ. ആ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ അദ്ദേഹം എന്നോട് ഒരു കാര്യം പറഞ്ഞിരുന്നു. ഓരോ തൊഴിലുമായി ബന്ധപ്പെട്ട ആളുകള്‍ക്കും അവരുടെ തൊഴിലുമായി ബന്ധപ്പെട്ട ബോഡി ലാംഗ്വേജ് ഉണ്ടാകുമെന്ന്.
ഉദാഹരണത്തിന് ഡ്രൈവര്‍ ആയി ജോലി ചെയ്യുന്ന ഒരാള്‍ ഒരുപക്ഷേ സംസാരിക്കുമ്പോള്‍ അദ്ദേഹം ഗിയര്‍ മാറ്റുന്നതിന്റേയോ സ്റ്റിയറിങ് പിടിക്കുന്നതിന്റെയോ മാനറിസങ്ങള്‍ ചില സമയത്ത് നേരിയ തോതില്‍ പ്രയോഗിക്കും. അത്തരത്തില്‍ മൈന്യൂട്ട് ആയി നമ്മള്‍ ഓരോ വ്യക്തിയേയും നോക്കിയാല്‍ അവരുടെ തൊഴിലുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരുടെ സംസാരത്തിലും പ്രവൃത്തിയിലും കാണുമെന്ന് പറഞ്ഞിരുന്നു. അത് എന്നെ പറഞ്ഞു മനസിലാക്കിയിരുന്നു. ഇതൊക്കെ നമുക്ക് നാളെകളില്‍ ഉപകരിക്കുന്ന കാര്യങ്ങളാണ്. ഞാന്‍ അതിനെ കുറിച്ച് ഓര്‍ത്തിട്ടുണ്ട്. പുതിയ കഥാപാത്രങ്ങള്‍ കിട്ടുമ്പോള്‍ നമുക്ക് ആ രീതിയില്‍ അത് ഉപകരിക്കുമെന്ന് കരുതുന്നു
കാതലിന്റെ കഥ കേട്ടപ്പോള്‍ എന്താണ് തോന്നിയത്. പൊതുവെ ആളുകള്‍ സ്വീകരിക്കാന്‍ മടിക്കുന്ന, അല്ലെങ്കില്‍ ഭയക്കുന്ന കഥയും കഥാപരിസരവുമാണല്ലോ കാതലിന്റേത്?
ജിയോ ബേബിയാണ് എന്നോട് ഈ കഥ പറയുന്നത്. മമ്മൂക്കയുടെ കഥാപാത്രം ഗേ ആണെന്ന് പറഞ്ഞിരുന്നു. പ്രത്യേകിച്ച് ഈ പടം സിങ്ക് സൗണ്ട് കൂടി ആയതുകൊണ്ട് അഭിനയിച്ച ശേഷം പിന്നീട് സിനിമയെ കുറിച്ച് ഒരു അപ്ഡേഷനും ലഭിച്ചിരുന്നില്ല. സാധാരണ ഡബ്ബിങ് ടൈമില്‍ നമ്മള്‍ എങ്ങനെ ചെയ്തു എന്നൊക്കെ ചെറിയ ഐഡിയ ലഭിക്കാറുണ്ട്.
പക്ഷേ കാതലിന് ഡബ്ബിങ് ഉണ്ടായിരുന്നില്ല. പാച്ച് വര്‍ക്ക് പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമ എങ്ങനെ വരുമെന്നോ, എങ്ങനെയാണ് ഇവര്‍ ഇത് ചെയ്ത് വെച്ചതെന്നോ അറിയില്ലായിരുന്നു. അത് അറിയാന്‍ വലിയ ആകാംക്ഷ ഉണ്ടായിരുന്നു. തിയേറ്ററില്‍ സിനിമ കണ്ടതും അത്ഭുതപ്പെട്ടുപോയി. അത് ജിയോയുടെ കഴിവാണ്. അദ്ദേഹം അത് അത്ര മനോഹരമായി ചെയ്തുവെച്ചു. അതിന് അദ്ദേഹത്തിന് മലയാളികള്‍ കയ്യടി കൊടുത്തേ തീരൂ.
കാതലിലൂടെ മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ജ്യോതിക. ജ്യോതികയ്ക്കൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളെ കുറിച്ച്?
ജ്യോതിക മാഡം ഞാന്‍ അഭിനയിച്ച ജോജി കണ്ടിരുന്നു. അതിനെ കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. എന്റെ ആദ്യ സീന്‍ കഴിഞ്ഞപ്പോള്‍ തന്നെ മാഡം എന്നെ അഭിനന്ദിക്കുകയുണ്ടായി. പള്ളീലച്ചനേയും ഇടവകക്കാരേയും കൂട്ടി മാത്യുവിന്റെ വീട്ടില്‍ വരുന്ന സീനാണ് ആദ്യം തന്നെ എടുത്തത്. ആ സീന്‍ ഞങ്ങള്‍ ട്രയല്‍ ചെയ്തിരുന്നു. റിഹേഴ്സല്‍ കഴിഞ്ഞ ശേഷമാണ് സീന്‍ എടുത്തത്. ജ്യോതിക മാഡത്തില്‍ നിന്ന് നല്ല പിന്തുണയും പ്രോത്സാഹനവും ലഭിച്ചിരുന്നു.
വളരെ സിംപിളായിട്ടുള്ള വ്യക്തിയാണ് അവര്‍. അവരുടെ ഒരു അസിസ്റ്റന്റിനെ മാത്രമേ ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളൂ. വലിയ ബഹളങ്ങളൊന്നുമില്ലാത്ത നല്ല കോപ്പറേറ്റീവ് ആയിട്ടുള്ള ആര്‍ടിസ്റ്റാണ് അവര്‍.
ജ്യോതികയുടെ കൂടെ അഭിനയിക്കുമ്പോള്‍ സത്യംപറഞ്ഞാല്‍ എനിക്ക് ഒരു ടെന്‍ഷനും ഉണ്ടായിരുന്നില്ല. മമ്മൂക്കയുടെ കൂടെയുള്ള സീനുകളില്‍ മാത്രമേ ആദ്യം ടെന്‍ഷന്‍ ഉണ്ടായിരുന്നുള്ളൂ. അത് ചെറുപ്പം മുതലുള്ള ആരാധനയും ബഹുമാനവുമൊക്കെ കൂടിയതിന്റെ ആവാം അങ്ങനെ നമുക്കൊരു പേടിയുണ്ടാകുമല്ലോ. ആരാധന കൂടിയാലുണ്ടാകുന്ന പ്രശ്നമാണ്. അത് വേറൊരു ഫീലാണ്. അങ്ങനെ ഒരു ഫീല്‍ ഉണ്ടായിരുന്നു.
പലരും എന്നെ ഭയപ്പെടുന്നുണ്ട്. അത് എന്തിനാണെന്ന് എനിക്ക് മനസിലാകുന്നില്ലെന്ന് മമ്മൂക്ക തന്നെ ഒരിടത്തു എഴുതിയിരിക്കുന്നത് പിന്നീട് ഞാന്‍ വായിച്ചു അദ്ദേഹത്തോടൊപ്പം അഭിനയിക്കാന്‍ വരുന്ന പുതിയ ആളുകള്‍ക്ക് ഇങ്ങനെ ഒരുപ്രശ്‌നം ഉണ്ട് എന്നെ അദ്ദേഹത്തിന് നന്നായി അറിയാം ആ തിരിച്ചറിവാണ് അദ്ദേഹത്തിന്റെ പ്ലസ്. അത് മനസിലാക്കി അദ്ദേഹം നമ്മളോട് പെരുമാറും.
ആദ്യമായി സിനിമയില്‍ അഭിനയിക്കുന്ന ആര്‍.എസ് പണിക്കരെ പോലുള്ള ആളുകള്‍. ചെറിയ വേഷങ്ങളിലൂടെ വര്‍ഷങ്ങളായി സിനിമയില്‍ തുടരുന്ന സുധി കോഴിക്കോടിനെ പോലുള്ളവര്‍. ഇവരെയൊക്കെ നേരത്തെ അറിയാമായിരുന്നോ ?
എനിക്ക് സുധിയുമായി നേരിട്ടുള്ള സീനുകള്‍ സിനിമയില്‍ ഇല്ല. സുധിയെ എനിക്ക് അറിയില്ലായിരുന്നു. അദ്ദേഹത്തെ കുറിച്ച് കേട്ടിട്ടുണ്ട്. പക്ഷേ പേഴ്സണലി അറിയില്ല. കാതല്‍ എന്ന സിനിമയുടെ കാര്യത്തില്‍ എടുത്തു പറയേണ്ട കാര്യം അതിലെ കാസ്റ്റിങ് തന്നെയാണ്. എല്ലാവരും ഗംഭീകരമായി ചെയ്തുവെച്ചിട്ടുണ്ട്. ചെറിയ വേഷങ്ങള്‍ പോലും വളരെ മികച്ച രീതിയില്‍ ചെയ്തവരുണ്ട്. പിന്നെ തിരക്കഥാകൃത്തായ ആദര്‍ശ് അതില്‍ അഭിനയിച്ചിട്ടുണ്ട്. കാതലില്‍ എടുത്തു പറയേണ്ടിയ ഒന്ന് തന്നെ യാണ് അതിലെ കാസ്റ്റിങ്. ആ കാര്യത്തില്‍ ജിയോ ബേബി നൂറ് ശതമാനം വിജയിച്ചിട്ടുണ്ട്.
ആദര്‍ശും പോള്‍സണും ജിയോയും എങ്ങനെയാണ് ടോമിയെന്ന കഥാപാത്രത്തെ വിവരിച്ചു തന്നത്?
കഥാപാത്രത്തെ കുറിച്ച് വ്യക്തമായി തന്നെ പറഞ്ഞു തന്നിരുന്നു. ഇത്രയും പ്രാദാന്യ മുള്ള പ്രമേയം ആയതിനാലാവണം അവിടെ ക്യാമറ സൈഡ് ആയാലും ഡയറക്ടര്‍ ആയാലും എല്ലാ ടെക്നിക്കല്‍ ടീമും വളരെ വിജിലന്റ് ആയിരുന്നു.
നല്ല രീതിയിലുള്ള റിഹേഴ്സല്‍ കഴിഞ്ഞതിന് ശേഷമാണ് സീനുകള്‍ എടുത്തിരുന്നത് ഞാന്‍ രാവിലെ ചെല്ലുമ്പോള്‍ തന്നെ എങ്ങനെയാണ് ആ സീന്‍ എന്ന് ഞങ്ങളുടെ കൂടെയിരുന്ന് വ്യക്തമായി പറഞ്ഞു തന്ന് അഭിനയിപ്പിച്ചു നോക്കിയതിന് ശേഷമാണ് ടേക്ക്‌പോയിരുന്നത്. അത് വളരെ സഹായകരമായിരുന്നു.
ടോമിയെന്ന എന്റെ കഥാപാത്രം ആ വീട്ടിലെ അടുക്കളയില്‍ വരെ എത്താനും അവരോടൊക്കെ എത്ര സ്വാതന്ത്ര്യത്തില്‍ വേണമെങ്കിലും സംസാരിക്കാനും പവ്വ റുള്ള കഥാപാത്രമാണ്. ആ വീടുമായിട്ട് അത്രയും ഇഴുകിച്ചേര്‍ന്ന, എല്ലാ അര്‍ത്ഥത്തിലും ആ വീടുമായി ബന്ധമുള്ള കഥാപാത്രമായിട്ടാണ് ടോമിയെ കാണിക്കുന്നത്.
അത് റിവീല്‍ ചെയ്യാന്‍ വേണ്ടിയിട്ടാണ് അദ്ദേഹത്തിന്റെ ആദ്യ സീന്‍ തന്നെ അടുക്കളയില്‍ നിന്ന് ഇറങ്ങി വരുന്നതായിട്ടാണ് കാണിക്കുന്നത്. അടുക്കളയില്‍ നിന്ന് വന്ന് ഡൈനിങ് ടേബിളില്‍ ഇരുന്ന് കുപ്പി പൊട്ടിച്ച് അടിക്കാന്‍ അയാള്‍ക്ക് സ്വാതന്ത്ര്യം ഉണ്ട്. അപ്പനോട് പോലും ഒരെണ്ണം അടിക്കുന്നോ എന്ന് ചോദിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് . നമ്മുടെയൊക്കെ കത്തോലിക്കാ തറവാടുകളിലെ ഒരു ഡൈനിങ് ടേബിളുകളിലെ ശീലമാണ് അത്. അതിന്റെ എല്ലാ അന്തസത്തയും ആ സീനിന് ഉണ്ടായിരിക്കണമെന്ന് ജിയോയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. അത് ആ രീതിയില്‍ തന്നെ വന്നിട്ടുണ്ട് താനും.
ആ സീനൊക്കെ കുറേ റിഹേഴ്സല്‍ ഉണ്ടായിരുന്നോ?
രണ്ടോ മൂന്നോ ടേക്കുകള്‍ മാത്രമാണ് പോയിട്ടുള്ളത്.
മമ്മൂട്ടിയുമായുള്ള ഒരു രംഗത്തില്‍ സഹോദരിയുടെ ഇഷ്ടത്തിനൊപ്പം താന്‍ ഇതുവരെ നിന്നിട്ടില്ലെന്നും ഇനിയെങ്കിലും അവള്‍ക്കൊപ്പം നില്‍ക്കണണെന്നും പറയുന്ന ഡയലോഗുണ്ട്. ആ സീന്‍ ചിത്രീകരിക്കുന്ന സമയം എന്താണ് തോന്നിയത്?
സിങ്ക് സൗണ്ട് ആയതുകൊണ്ടും മമ്മൂക്കയുടെ ഒപ്പമുള്ള സീനായതുകൊണ്ടും തലേ ദിവസം തന്നെ ഡയലോഗുകള്‍ ഹൃദ്യസ്ഥമാക്കിയിരുന്നു. ആ മാനസിക സംഘര്‍ഷം ഉള്‍ക്കൊണ്ട് തന്നെയാണ് ആ സീന്‍ ചെയ്തത്. മമ്മൂക്ക കൂടി വന്ന് ഒരു ഫൈനല്‍ റിഹേഴ്സല്‍ എടുത്ത ശേഷമാണ് ടേക്കിലേക്ക് പോയത്. ആ സീനിന്റെ ഡെപ്ത് എത്രത്തോളമുണ്ടെന്ന് ജിയോ പറഞ്ഞ് മനസിലായിക്കിയിരുന്നു. അതുകൊണ്ട് തന്നെ അത് ഉള്‍ക്കൊണ്ട് അഭിനയിക്കാന്‍ സാധിച്ചു.
പ്രമേയത്തിനൊപ്പം തന്നെ ടെക്നിക്കല്‍ സൈഡിലും കാതല്‍ മികച്ചു നില്‍ക്കുന്നുണ്ട്. പ്രത്യേകിച്ച് സാലുവിന്റെ ക്യാമറയൊക്കെ. ടെക്നിക്കല്‍ സൈഡിനെ കുറിച്ച് എന്താണ് പറയാനുള്ളത് ?
സിനിമ എങ്ങനെ സ്വീകരിക്കും എന്ന് അറിയാന്‍ ആകാംഷ ഉണ്ടായിരുന്നു ഡയറക്ടര്‍, ക്യാമറ, സ്‌ക്രിപ്റ്റ് ഇവരുടെ ബ്രില്യന്‍സ് ഈ സിനിമയില് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു . ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ മാത്രം മതി ജിയോയേയും സാലുവിനേയുമൊക്കെ അടയാളപ്പെടുത്താന്‍. എന്നാല്‍ കാതല്‍ ഇത്രയേറെ ചര്‍ച്ചയാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരുടേയും പ്രതീക്ഷയ്ക്ക് മുകളില്‍ ചിത്രം സ്വീകരിക്കപ്പെട്ടുവെന്നാണ് കരുതുന്നത്.
സിനിമ കണ്ടിട്ട് എല്ലാവരും എന്താണ് പറഞ്ഞത്? സിനിമയില്‍ തന്നെയുള്ള ആരെങ്കിലും വിളിച്ചിരുന്നോ?
ആദ്യം എന്നെ വിളിച്ചത് ബേസിലാണ്. സിനിമയിലുള്ള എന്റെ എല്ലാ സുഹൃത്തുക്കളും വിളിച്ചു. ദിലീഷ് പോത്തനും ശ്യാമേട്ടനും ആ സര്‍ക്കിളിലുള്ള എല്ലാവരും വിളിച്ചു. ഇപ്പോഴും വിളിച്ചുകൊണ്ടിരിക്കുന്നു. എല്ലാവരും മികച്ച അഭിപ്രായങ്ങള്‍ പറയുന്നുണ്ട്.
ജോജിയിലേക്കുള്ള വരവ് ?
ഒരുപാട് വര്‍ഷമായി അസിസ്റ്റന്റ് ഡയറക്ടറായി സിനിമയില്‍ വര്‍ക്ക് ചെയ്ത ആളാണ് ഞാന്‍. ദിലീഷും ഞാനും നല്ല സുഹൃത്തുക്കളായിരുന്നു. അങ്ങനെയാണ് ദിലീഷ് ജോജിയിലേക്ക് എന്നെ ക്ഷണിക്കുന്നത്. അഭിനയം എന്റെ അജണ്ടയിലുള്ള കാര്യമായിരുന്നില്ല. വളരെ യാദൃശ്ചികമായിട്ടാണ് എത്തിയത്. ആക്ടിങ് വര്‍ക്ക് ഷോപ്പൊക്കെ തന്നാണ് ദിലീഷ് എന്നെ ആ സിനിമയിലേക്ക് കൊണ്ടുവന്നത്. അത് സക്സസ് ആയതോടെ പിന്നീട് വേഷങ്ങള്‍ വന്നു. ഇപ്പോള്‍ 15 സിനിമകളായി.
ചെമ്പന്‍ വിനോദിന്റെ അനുജന്‍ ഉല്ലാസ് സംവിധാനം ചെയ്ത ‘അഞ്ചക്കള്ളക്കോക്കാന്‍’ എന്ന സിനിമയാണ് റിലീസിനൊരുങ്ങുന്നത്. ചെമ്പന്‍ ചേട്ടനും ഞാനും ലുക്ക്മാനുമൊക്കെയുണ്ട്. പിന്നെ ജിസ് ജോയ് സംവിധാനം ചെയ്യുന്ന ബിജു മേനോന്‍ ആസിഫ് അലി ചിത്രം, ദിലീഷിന്റെ കൂടെ ‘സത്യത്തില്‍ സംഭവിച്ചത്’ എന്ന ഒരു ചിത്രം ഇതൊക്കെ വരാനുണ്ട്. ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത് ഹണി റോസ് പ്രധാന കഥാപാത്രത്തിലെത്തുന്ന റേച്ചല്‍ എന്ന സിനിമയിലാണ്. ഇനിയും രണ്ട് മൂന്ന് സിനിമകള്‍ കൂടിയുണ്ട്.
Content Highlight: Interview with actor Joji John Kaathal Movie