നെതന്യാഹുവിനും ഹമാസ് നേതാക്കള്‍ക്കുമെതിരായ അറസ്റ്റ് വാറണ്ടില്‍ തീര്‍പ്പുണ്ടാക്കണം: ഐ.സി.സി പ്രോസികൂട്ടര്‍
World News
നെതന്യാഹുവിനും ഹമാസ് നേതാക്കള്‍ക്കുമെതിരായ അറസ്റ്റ് വാറണ്ടില്‍ തീര്‍പ്പുണ്ടാക്കണം: ഐ.സി.സി പ്രോസികൂട്ടര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th August 2024, 5:56 pm

ഹേഗ്: ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ടില്‍ ഉടന്‍ തീര്‍പ്പുണ്ടാക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ചീഫ് പ്രോസിക്യൂട്ടര്‍. പ്രോസിക്യൂട്ടര്‍ കരിം ഖാനാണ് താന്‍ മുന്നോട്ടുവെച്ച നടപടിയില്‍ അടിയന്തരമായി തീരുമാനമെടുക്കണമെന്ന് ഐ.സി.സി ജഡ്ജിമാരോട് ആവശ്യപ്പെട്ടത്. നെതന്യാഹുവിനും ഇസ്രഈല്‍ പ്രതിരോധ മന്ത്രിക്കും ഹമാസ് നേതാക്കള്‍ക്കുമെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്നായിരുന്നു പ്രോസിക്യൂട്ടറുടെ ആവശ്യം.

നടപടികളിലെ കാലതാമസം യുദ്ധത്തിന്റെ ഇരകളുടെ അവകാശങ്ങളെ ദോഷകരമായി ബാധിക്കുമെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു. ഗസയിലെ ജനതക്കെതിരെ അക്രമം അഴിച്ചുവിടുന്ന ഇസ്രഈലിന്മേല്‍ ഐ.സി.സിക്ക് അധികാരമുണ്ട്. യുദ്ധക്കുറ്റങ്ങളില്‍ നടപടി എടുക്കുന്നതിനെതിരെ കേസിലെ മറ്റു കക്ഷികള്‍ ചൂണ്ടിക്കാട്ടിയ വെല്ലുവിളി കോടതി തള്ളിക്കളയണമെന്നും കരിം ഖാന്‍ ആവശ്യപ്പെട്ടു.

അറസ്റ്റ് വാറണ്ടിനുള്ള കരിം ഖാന്റെ നീക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് ഇസ്രഈലും ഹമാസ് നേതാക്കളും രംഗത്തെത്തി. പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടിയ യുദ്ധക്കുറ്റങ്ങള്‍ ഇരുപക്ഷവും നിഷേധിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ നാണക്കേടാണെന്നും ഇസ്രഈലി സൈന്യത്തിനും ഇസ്രഈല്‍ എന്ന രാഷ്ട്രത്തിനും എതിരായ നടപടിയാണിതെന്നും നെതന്യാഹു പ്രതികരിച്ചു.

അതേസമയം തങ്ങളുടെ നേതാക്കളെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ‘ഇരകളും ആരാച്ചാരും’ തമ്മിലുള്ള ബന്ധത്തെയാണ് ഓര്‍മിപ്പിക്കുന്നതെന്നായിരുന്നു ഹമാസിന്റെ പ്രതികരണം.

നിലവില്‍ ഇസ്രഈല്‍ അന്താരാഷ്ട്ര കോടതിയിലെ അംഗമല്ല. അതിനാല്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചാല്‍ തന്നെ നെതന്യാഹുവും പ്രതിരോധ മന്ത്രി യോവ് ഗാലന്റും ഉടന്‍ വിചാരണ നേരിടേണ്ടി വരില്ല. പക്ഷെ ഐ.സി.സി നടപടിയെടുക്കുകയും അതിനോട് സഹകരിക്കാതെ ഇരിക്കുകയും ചെയ്യുന്ന പക്ഷം ഇസ്രഈല്‍ നേതാക്കള്‍ക്ക് മറ്റു രാജ്യങ്ങളിലേക്ക് സഞ്ചരിക്കാനുള്ള അവകാശത്തില്‍ നിയന്ത്രണങ്ങളുണ്ടാകും.

മെയ്യിലാണ് ഇസ്രഈല്‍, ഹമാസ് നേതാക്കള്‍ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് പ്രോസികൂട്ടര്‍ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്. നെതന്യാഹുവിനും ഗാലന്റിനും ഹമാസ് നേതാക്കളായ യഹ്യ സിന്‍വാര്‍, ഇസ്മായില്‍ ഹനിയ, ഇബ്രാഹിം അല്‍മസ്രി എന്നിവരാണ് കരിം ഖാന്റെ അറസ്റ്റ് വാറണ്ട് അപേക്ഷ നേരിടുന്നത്.

സാധാരണക്കാരെ പട്ടിണിക്കിടുക, ശരീരത്തില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുക, ക്രൂരമായ പെരുമാറ്റം, മനഃപൂര്‍വമായ കൊലപാതകം, ഒരു സിവിലിയന്‍ ജനതയ്‌ക്കെതിരായ ആക്രമണം, പട്ടിണി മൂലമുണ്ടാകുന്ന മരണം എന്നീ കുറ്റകൃത്യങ്ങളാണ് ഇസ്രഈലിനെതിരെ ചൂണ്ടിക്കാട്ടിയത്.

അതേസമയം കൊലപാതകം, തടവിലാക്കല്‍, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഹമാസ് നേതാക്കള്‍ക്കെതിരെ വാറണ്ട് അപേക്ഷയില്‍ പറയുന്നത്. കുറ്റാരോപിതരായ ഹമാസ് നേതാക്കളില്‍ ഒരാളായ ഹനിയ, ഇറാനിലുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

തുടര്‍ന്ന് ഹമാസിന്റെ തലപ്പത്തേക്ക് സിന്‍വാര്‍ എത്തുകയും ചെയ്തു. ഇബ്രാഹിം അല്‍മസ്രി തങ്ങള്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്ന് ഇസ്രഈല്‍ വാദമുയര്‍ത്തിയെങ്കിലും ഹമാസ് ഇത് നിഷേധിക്കുകയുമുണ്ടായി.

Content Highlight: International Criminal Court Chief Prosecutor Calls for Immediate Decision on Arrest Warrant Against Netanyahu