ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ച കായിക വിനോദമാണ് ക്രിക്കറ്റ്. ഇംഗ്ലണ്ടിലെ ആട്ടിടയന്‍മാര്‍ സമയം കളയാന്‍ വേണ്ടി കണ്ടുപിടിച്ച ഒരു കളി ലോകം മുഴുവന്‍ കീഴടക്കുന്ന കാഴ്ചയാണ് ശേഷം കണ്ടത്.
ക്രിക്കറ്റിന്റെ വശ്യത നിറഞ്ഞ ടെസ്റ്റും ആവേശം വിതറുന്ന ഏകദിനങ്ങളും ട്വന്റി-ട്വന്റിയും സമയം കുറഞ്ഞ ആവേശം കൂടുന്ന ടി-10 അടക്കം നിരവധി ഫോര്‍മാറ്റുകളാണ് അനുദിനം കാഴ്ചക്കാരെ കൂട്ടുന്ന ക്രിക്കറ്റിനുണ്ടായിക്കൊണ്ടിരിക്കുന്നത്.
ഇത്തരത്തില്‍ ക്രിക്കറ്റില്‍ ഐ.സി.സി അംഗീകരിക്കാത്ത മറ്റൊരു ഫോര്‍മാറ്റ് കൂടിയുണ്ട്. അതാണ് ഗള്ളി ക്രിക്കറ്റ് അഥവാ കണ്ടം കളി.
അന്താരാഷ്ട്ര ക്രിക്കറ്റിലുള്ളതിനേക്കാള്‍ നിയമങ്ങളും മറ്റുമായി നാട്ടിന്‍ പുറത്ത് കളിക്കുന്ന ഇത്തരം കളികള്‍ ഏതൊരു ക്രിക്കറ്റ് പ്രേമിയുടെയും ആവേശവും ഗൃഹാതുരമായ ഓര്‍മയും കൂടിയാണ്.
ഗള്ളി ക്രിക്കറ്റിലെ രസകരമായ പല നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുമുണ്ട്. അത്തരത്തിലുള്ള ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ട്രന്റിംഗാവുന്നത്.
കേവലം ട്രന്റിംഗാവുക മാത്രമല്ല, ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസം മൈക്കല്‍ വോണ്‍ അടക്കമുള്ള താരങ്ങള്‍ വീഡിയോ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
മോണിക് ദാസ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലില്‍ നിന്നുമാണ് വീഡിയോ ആദ്യമായി പങ്കുവെച്ചത്. ‘ബുംറയും മലിംഗയും പതിരാനയുമെല്ലാം മാറി നിന്നോളൂ, ബൗളിംഗ് ആക്ഷനുകളുടെ GOAT എത്തിപ്പോയി’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചത്.
Step aside Bumrah, Malinga & Pathirana. Here comes the 🐐 of all bowling actions !!! 🔥🔥😂😂
ആമിര്‍ ഖാന്‍ നായകനായ ലഗാന്‍ എന്ന ചിത്രത്തിലെ ഗോലി എന്ന കഥാപാത്രത്തിന്റെ ബൗളിംഗിനെ അനുസ്മരിപ്പിക്കുന്ന രീതിയിലായിരുന്നു ‘പാടത്തെ ബുംറ’യുടെ ബൗളിംഗ്. നെടുനീളന്‍ റണ്‍ അപ്പുമായി ബൗള്‍ ചെയ്യാനെത്തിയ ബൗളര്‍ റണ്ണിലുടനീളം കൈകള്‍ കറക്കിക്കൊണ്ടായിരുന്നു ഓടിയെത്തിയത്.
വീഡിയോ വൈറലായതിന് പിന്നാലെ ഫ്രീലാന്‍സ് കമന്റേറ്ററായ ചാള്‍സ് ഡാഗ്നല്ലും വീഡിയോ പങ്കുവെച്ചിരുന്നു.
ഈ വീഡിയോ റീട്വീറ്റ് ചെയ്തുകൊണ്ടാണ് മുന്‍ ഇംഗ്ലണ്ട് നായകനും ക്രിക്കറ്റ് ഇതിഹാസവുമായ മൈക്കിള്‍ വോണ്‍ വീഡിയോ പങ്കുവെച്ചത്. ‘പ്രോപ്പര്‍ ആക്ഷന്‍’ എന്ന ക്യാപ്ഷനോടെയാണ് വോണ്‍ ഡാഗ്നല്ലിന്റെ വീഡിയോ പങ്കുവെച്ചത്.