മയാമിയുടെ നെഞ്ച് തുളച്ച് അഞ്ചു വെടിയുണ്ട; കുഞ്ഞന്‍ ടീമിന് മുന്നിലും രക്ഷകനാകാന്‍ മെസിക്ക് സാധിച്ചില്ല
Sports News
മയാമിയുടെ നെഞ്ച് തുളച്ച് അഞ്ചു വെടിയുണ്ട; കുഞ്ഞന്‍ ടീമിന് മുന്നിലും രക്ഷകനാകാന്‍ മെസിക്ക് സാധിച്ചില്ല
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 11th April 2024, 1:05 pm

കോണ്‍കാകാഫ് ചാമ്പ്യന്‍സ് കപ്പിലെ രണ്ടാം പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്റര്‍ മയാമിക്ക് വീണ്ടും തോല്‍വി. എസ്റ്റാഡിയോ സ്റ്റേഡിയത്തില്‍ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് മൊണ്ടേറിയോടാണ് മയാമി തോല്‍വി വഴങ്ങി.

ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ട് 2 – 1 എന്ന നിലയില്‍ മയാമി പരാജയപ്പെട്ടപ്പോള്‍ അവസാന ക്വാട്ടറില്‍ 3-1 നും തകരുകയായിരുന്നു. ഇതോടെ മെസിക്കും കൂട്ടര്‍ക്കും 5-2ന് പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്.

മയാമിയുടെ രക്ഷകനായ ലയണല്‍ മെസിക്ക് ടീമിനുവേണ്ടി ഒന്നും ചെയ്യാന്‍ സാധിച്ചില്ല. ആദ്യത്തെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും മെസിക്ക് ടീമിന് വേണ്ടി ഗോള്‍ നേടാന്‍ സാധിച്ചില്ലായിരുന്നു.

രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 31ാം മിനിട്ടില്‍ ബ്രണ്ടന്‍ വാസ്‌കസ് മിയാമിയുടെ വലകുലുക്കിയപ്പോള്‍ 58ാം മിനിട്ടില്‍ ജര്‍മന്‍ ബര്‍ട്ടറേമും മൊണ്ടേറിക്ക് വേണ്ടി ഗോള്‍ നേടി. 64ാം മിനിട്ടില്‍ ജീസസ് കലാര്‍ ഗോള്‍ നേടിയതോടെ മയാമി സമ്മര്‍ദത്തില്‍ ആവുകയായിരുന്നു. ആശ്വാസ ഗോളിനായി മയാമിക്ക് വേണ്ടി ഡിയാഗോ ഗോമസ് 85ാം മിനിട്ടില്‍ എതിരാളികളുടെ വലകുലുക്കി.

4- 4 – 2 എന്ന ഫോര്‍മേഷനില്‍ ആയിരുന്നു മൊണ്ടേറി ഇറങ്ങിയത്. എന്നാല്‍ മയാമി 3- 5- 2 എന്ന ഫോര്‍മേഷനിലാണ് ഇറങ്ങിയത്. 17 ഷോട്ടുകളാണ് മൊണ്ടേറി മയാമിക്ക് നേരെ അടിച്ചത്.

അതില്‍ 9 എണ്ണം ടാര്‍ഗറ്റിലേക്കും ആയിരുന്നു. എന്നാല്‍ വെറും 5 ഷോട്ടുകളില്‍ നിന്ന് ഒരു ഷോട്ട് മാത്രമാണ് മയാമിക്ക് എതിരാളികള്‍ക്കെതിരെ അടിക്കാന്‍ സാധിച്ചത്. പന്ത് കൂടുതല്‍ കൈവശം വച്ചെങ്കിലും മയാമി എതിരാളികള്‍ക്കു മുമ്പില്‍ തകരുകയായിരുന്നു.

78ാം മിനിട്ടില്‍ ജോര്‍ഡി അല്‍ബയാണ് മയാമിക്ക് വേണ്ടി ചുവപ്പ് കാര്‍ഡ് വാങ്ങിയത്. ഇതോടെ ടീം ഏറെ സമ്മര്‍ദത്തിലാവുകയും ചെയ്തു. മൊണ്ടേറിക്ക് ഏഴു കോര്‍ണര്‍ കിക്കുകുകള്‍ ലഭിച്ചപ്പോള്‍ മയാമിക്കു രണ്ടെണ്ണം മാത്രമാണ് കിട്ടിയത്.

 

Content Highlight: Inter Miami Eliminated In Concacaf Cup