പാലക്കാട്: അട്ടപ്പാടിയില്‍ മാവോയിസ്റ്റ് ആക്രമണമുണ്ടാവാന്‍ സാതധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അനധികൃത റിസോര്‍ട്ടുകള്‍ക്കും ക്വാറികള്‍ക്കും നേരെ അക്രമണവുണ്ടായേക്കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതിനിടയില്‍ അട്ടപ്പാടിയിലെ ഒമ്മലയില്‍ വീണ്ടും മാവോയിസ്റ്റ് അനുകൂല പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
നിറ്റാ ജലാറ്റിന്റെ ഒഫീസിനുനേരെയും തിരുനെല്ലിയിലെ റിസോര്‍ട്ടിനു നേരെയും ആക്രമണങ്ങള്‍ക്ക് പിന്നില്‍ തങ്ങളാണെന്ന് മാവോയിസ്റ്റുകള്‍ കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.ആ പശ്ചാത്തലത്തിലാണ് ഇന്റലിജന്‍സ് വിഭാഗം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ആദിവാസികള്‍ക്കായുള്ള ക്ഷേമ പദ്ധതികളിലെ അപാകതകളില്‍ പ്രതിഷേധിച്ച് സ്ഥലത്ത് ആക്രമണങ്ങളുണ്ടായേക്കാമെന്ന് പ്രദേശത്ത് പ്രചരിക്കപെട്ട പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നു. അട്ടപ്പാടിയിലെ ശിശുമരണത്തിനുത്തരവാദി സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തുന്ന പോസറ്റുകളില്‍ ആദിവാസികളോട് ആയുധമെടുക്കാനും ആഹ്വാനം ചെയ്യുന്നുണ്ട്.
സംസ്ഥാനത്ത് ആദിവാസി മേഖലകളില്‍ പ്രത്യേകിച്ച് അട്ടപ്പാടിയില്‍ അനധികൃത റിസോര്‍ട്ടുകള്‍ക്ക് നേരയും അനധികൃത ക്വാറികള്‍ക്ക് നേരേയും തൃശൂരിലെ പാലിയേക്കരയിലുള്‍പ്പെടെയുള്ള ടോള്‍ ബൂത്തുകള്‍ക്ക് നേരേയും ആക്രമണമുണ്ടാകിനടയുണ്ടെന്ന സൂചനയും രഹസ്യാന്വേഷണ വിഭാഗം നല്‍കിയിട്ടുണ്ട്. ആദിവാസികള്‍ നടത്തുന്ന നില്പ് സമരം ഒത്തുതീര്‍പ്പാക്കാനുള്ള നടപടികള്‍ സര്‍ക്കാറില്‍ നിന്നുണ്ടാകാത്തതും പ്രശ്‌നം വഷളാക്കാനിടയുണ്ടെന്നും ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വിവിധ ജില്ലകളിലെ പോലീസ് മേധാവികള്‍ക്ക് ആഭ്യന്തര വകുപ്പ് കൈമാറിയിരിക്കുകയാണ് ഇപ്പോള്‍