മഅ്ദനിയുടെ പേര് പി. ചിദംബരം വിട്ടുകളഞ്ഞത് കുറ്റബോധം കൊണ്ടോ? ഫാറൂഖിക്കും കാപ്പനും വേണ്ടിയൊഴുക്കിയത് മുതലക്കണ്ണീരെന്നും ഐ.എന്‍.എല്‍ നേതാവ്
Kerala
മഅ്ദനിയുടെ പേര് പി. ചിദംബരം വിട്ടുകളഞ്ഞത് കുറ്റബോധം കൊണ്ടോ? ഫാറൂഖിക്കും കാപ്പനും വേണ്ടിയൊഴുക്കിയത് മുതലക്കണ്ണീരെന്നും ഐ.എന്‍.എല്‍ നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 23rd January 2021, 1:26 pm

തിരുവനന്തപുരം: കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കും മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനും പരമോന്നത നീതിപീഠം ജാമ്യം നിഷേധിക്കുന്നതിലെ അനീതിയെ കുറിച്ച് സംസാരിച്ച മുന്‍ ആഭ്യന്തരമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം ബെംഗളുരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെടുത്തി തുറുങ്കിലടച്ചിട അബ്ദുള്‍നാസര്‍ മഅദനിയുടെ പേര് വിട്ടുകളഞ്ഞത് കുറ്റംബോധം കൊണ്ടാണോ എന്ന് ഐ.എന്‍.എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍

മുനവ്വര്‍ ഫാറൂഖിക്കും സിദ്ധീഖ് കാപ്പനും പരമോന്നത നീതിപീഠം ജാമ്യം നിഷേധിക്കുന്നതിലെ അനീതിയെ കുറിച്ച് ചിദംബരം ധര്‍മരോഷം കൊള്ളുമ്പോള്‍ ഒരുനിമിഷം നാം സ്തബ്ധരാകുന്നത് അബ്ദുള്‍ നാസര്‍ മഅ്ദനിയെ ബെംഗളൂരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെടുത്തി തുറുങ്കിലടച്ചിടാന്‍ അന്ന് ചിദംബരം കാണിച്ച അമിതാവേശവും ‘ഭീകരവിരുദ്ധ’ ഔല്‍സുക്യവും ഓര്‍മയിലൂടെ കടന്നുപോകുന്നത് കൊണ്ടാണെന്നും കാസിം ഇരിക്കൂര്‍ ഫേസ്ബുക്കില്‍ എഴുതി.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുനവ്വറിന്റെയും സിദ്ധീഖിന്റെയും ജാമ്യം തങ്ങളുടെ മുന്നില്‍ പരിഗണനക്ക് വരുമ്പോള്‍ സുപ്രീംകോടതി ജഡ്ജിമാര്‍ പലതും പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ലജ്ജാവഹമായ കാഴ്ച നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്നവരെ അലോസരപ്പെടുത്തുന്നുണ്ട് എന്നത് നേരാണ്.

‘ജാമ്യമാണ് നിയമം, ജയില്‍ അപവാദം മാത്രം’ എന്ന നിയമതത്ത്വം ലംഘിക്കപ്പെടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് നീതിപീഠത്തിന്റെ പക്കല്‍ പോലും ഉത്തരമില്ല. സമത്വം എന്നാല്‍ നീതി പ്രാപ്തമാക്കുന്നതിലുള്ള തുല്യാവസരവും നിയമതത്ത്വങ്ങളുടെ തുല്യ പ്രയോഗവുമാണെന്ന് ചിദംബരം കോടതിയെ ഓര്‍മിപ്പിക്കുന്നു. സമത്വത്തെ കുറിച്ച് വൈകിയുദിച്ച ഈ കാഴ്ചപ്പാടിന് ചിദംബരത്തോട് നമുക്ക് നന്ദി പറയാം.

എന്നാല്‍, ഇതേ ചിദംബരം തന്നെയാണ്, രണ്ടാം യു.പി.എ ഭരണകാലത്ത്, കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയെ ബെംഗളുരു സ്‌ഫോടനക്കേസില്‍പ്പെടുത്തി ജയിലിലടക്കുന്നത്. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലങ്ങുമിങ്ങോളം ഇടതുമുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം നടത്തിയതിലുള്ള രാഷ്ട്രീയ പക പോക്കലായിരുന്നു അതിനു പിന്നില്‍.

ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രമായിരുന്നു അന്ന് ആഭ്യന്തര സഹമന്ത്രി. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്‌ലിം ലീഗ് നേതാക്കളുടെ േ്രപരണയും സമ്മര്‍ദവുമായിരുന്നു ബെംഗളുരു സ്‌ഫോടനത്തിന്റെ പേരില്‍ മഅ്ദനിക്ക് കാരാഗൃഹവാസം ഒരുക്കിക്കൊടുക്കുന്നതിനു പിന്നില്‍.

മുല്ലപ്പള്ളി അന്ന് മനസ്സ് വെച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ 20വര്‍ഷമായി തടവറ ജീവിതം അനുഭവിക്കുന്ന മഅ്ദനിയുടെ ദുര്യോഗം ഇത്ര ദയാരഹിതവും ഭയാനകവുമാകുമായിരുന്നില്ല. മുല്ലപ്പള്ളിയുടെ മുന്നില്‍ മഅ്ദനിയുടെ നിരപരാധിത്വം സമര്‍പ്പിക്കാന്‍ ചെന്ന പാര്‍ട്ടിക്കാരോട് അദ്ദേഹം പറഞ്ഞത് ആ പേര് തന്നെ തനിക്ക് കേള്‍ക്കേണ്ടാ എന്നാണെത്ര.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പരേതനായ എം.ഐ ഷാനവാസ് എം.പിയും ചിദംബരത്തെ നേരില്‍ കണ്ട് മഅ്ദനിയോട് അല്‍പം ദയ കാണിക്കണമെന്ന് കേണപേക്ഷിച്ചു. ഒരു മുസ്‌ലിം ഭീകരവാദിക്കുവേണ്ടി വാദിക്കാന്‍ എവിടുന്നാ നിങ്ങള്‍ക്ക് ധൈര്യം ലഭിച്ചത് എന്നായിരുന്നുവെത്ര ചിദംബരത്തിന്റെ പ്രതികരണം.

കാവ്യനീതി എന്നേ പറയേണ്ടൂ, ഇതേ ചിദംബരത്തിന് 105 ദിവസം തിഹാര്‍ ജയിലില്‍ കഴിയേണ്ടിവന്നു; ഐ.എന്‍.എസ് മീഡിയ കേസില്‍. പുത്രന്‍ കീര്‍ത്തി ചിദംബരവും അഴികള്‍ക്കുള്ളിലായിരുന്നു അന്ന്. എന്നാല്‍ അവരെല്ലാം പുറത്തിറങ്ങിയപ്പോഴും ക്രൂര വ്യവസ്ഥിതി മഅ്ദനിയോട് മാത്രം ദയാദാക്ഷിണ്യം കാട്ടിയില്ല.

അദ്ദേഹം കൊടും ഭീകരവാദിയാണെന്ന് രാഷ്ട്രീയ മുഖ്യധാരയും ജുഡീഷ്യറിയും ഫോര്‍ത്ത് എസ്‌റ്റേറ്റുമൊക്കെ അപ്പോഴേക്കും വിധി എഴുതിക്കഴിഞ്ഞിരുന്നു. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന് നിരപരാധിയായി പുറത്തുവന്നതും പൊതുസമൂഹത്തിന്റെ വരവേല്‍പ് ഏറ്റുവാങ്ങിയതൊന്നും ആരും ഗൗനിച്ചില്ല. ഒരു കാലഘട്ടത്തിന്റെ പ്രതീകവും പ്രതിനിധാനവുമായി ആ ജീവിതം അഴികള്‍ക്കുള്ളില്‍ കത്തിത്തീരുകയാണിന്ന്.

മോദിയും യോഗിയും അമിത് ഷായും നേതൃത്വം നല്‍കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണത്തിന്‍ കീഴില്‍ പൗരാവകാശങ്ങള്‍ (വിശിഷ്യാ ന്യൂനപക്ഷങ്ങളുടെ) , പച്ചയായി ഹനിക്കപ്പെടുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ കെല്‍പില്ലാത്ത വിധം മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് വരിയുടക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് ചിദംബരത്തെപ്പോലുള്ളവരുടെ മുതലക്കണ്ണീര്‍, വില കുറഞ്ഞ രാഷ്ട്രീയ ഗിമ്മിക്കായി പരിണമിക്കുന്നത് ജനാധിപത്യ ഇന്ത്യയില്‍ കെട്ടഴിഞ്ഞുവീഴുന്ന ദുരന്തങ്ങളിലൊന്നുമാത്രം.

ആ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് അബ്ദുള്‍ നാസര്‍ മഅ്ദനി. 130കോടി പൗരന്മാരുടെ മന:സാക്ഷിക്കുമുന്നില്‍ ഉത്തരമില്ലാത്ത ചോദ്യമായി, രണ്ടുപതിറ്റാണ്ടായി ജയിലലടക്കപ്പെട്ട ഒരു ഹതഭാഗ്യന്‍. സകലമാന രോഗപീഢകളാല്‍ തളര്‍ത്തപ്പെട്ട ആ വികലാംഗ പണ്ഡിതന്‍ ഇന്ന് ജീവിതത്തിനും മരണത്തിനു മിടയില്‍, നീതിന്യായ വ്യവസ്ഥയുടെ നിരാര്‍ദ്രമായ കരങ്ങളില്‍ ബന്ധസ്ഥനായി മരിച്ചുജീവിക്കുകയാണ്.

ഒറ്റക്കാലില്‍, ശരീരഭാഗങ്ങള്‍ നിശ്ചേതനമായി കൊണ്ടിരിക്കുന്ന, ജീവച്ഛവം പോലുള്ള മനുഷ്യന്‍ കേരളമണ്ണില്‍ കാല് കുത്തിയാല്‍ ഇവിടെ കലാപം പൊട്ടിപ്പുറപ്പെടുമെത്ര. ഭീകരവാദം പരന്നൊഴുകും പോലും. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സാക്ഷാല്‍ എ.കെ ആന്റണിയാണ് ഈ സിദ്ധാന്തം സുപ്രീംകോടതിയെ ആദ്യം പഠിപ്പിച്ചത്.

ഈ മനുഷ്യന്‍ യഥാര്‍ഥത്തില്‍ ഭീകരവാദത്തിന്റെ ഇരയാണെന്നും അങ്ങനെയാണ് ഒരു കാല്‍ നഷ്ടപ്പെട്ട് ഈ പരുവത്തില്‍ വികലാംഗനായതെന്നും അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ ന്യായാസനത്തെ ഓര്‍മിപ്പെടുത്തിയപ്പോള്‍ ജഡ്ജി ജെ.എസ് ചൗഹാന്‍ പറഞ്ഞത് എന്താണെന്നല്ലേ ഭീകരവാദകുറ്റങ്ങളാണ് ഈ മനുഷ്യന്റെമേല്‍ ചുമത്തപ്പെട്ടതെന്ന് മറന്നുപോകരുത്!

ദിവസങ്ങള്‍ക്ക് മുമ്പ് ശത്രക്രിയക്ക് വിധേയമായിട്ടും ആരോഗ്യനില വീണ്ടെടുക്കാനാവാതെ ശേഷിക്കുന്ന ജീവനില്‍ പ്രതീക്ഷയര്‍പ്പിച്ച് നിമിഷങ്ങള്‍ തള്ളിനീക്കുകയാണദ്ദേഹമിന്ന്. മഅ്ദനി എന്ന പേര് പോലും വിസ്മൃതിയിലേക്ക് മാഞ്ഞുകൊണ്ടിരിക്കുന്നു. പൊതുസമൂഹത്തിന്റെ പരിഗണനാ അജണ്ടയില്‍ ഒരിക്കലും കയറിവരാത്തവിധം മുദ്രയടിക്കപ്പെട്ടുകഴിഞ്ഞു ആ പേരും സ്വത്വവുമെല്ലാം.

വര്‍ഗീയമായി വിഭജിക്കപ്പെട്ട ‘പുതിയ കേരളത്തില്‍’ ആ പേര് ഉച്ചരിക്കുന്നത് പോലും ബാധ്യതയായി മാറുമെന്ന് മുഖ്യധാര ഭയപ്പെടുന്നു. പൗരന്റെ ജീവന് കാവാലാളാവേണ്ട ന്യായാസനങ്ങള്‍ ‘ഇന്ത്യന്‍ ബിന്‍ലാദിനായി’ അദ്ദേഹത്തെ വളര്‍ത്തിയെടുത്ത് അര്‍ഥഗര്‍ഭമായ മൗനത്തിലാണ്. അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെ ആ മൗനം തുടരാതിരിക്കില്ല.

മരണശയ്യയില്‍ കിടക്കുന്ന മാതാവിനെ കാണാന്‍ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച സന്ദര്‍ഭത്തില്‍ ജസ്റ്റിസ് വെങ്കിടാചലം, വേദന കലര്‍ന്ന സ്വരത്തില്‍, കേട്ടുനില്‍ക്കുന്നവരെ അമ്പരപ്പിച്ചുകൊണ്ട് ചോദിച്ചു; ”എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ ജയിലിലടച്ച് കഷ്ടപ്പെടുത്തുന്നത് തെളിവുകളുണ്ടെങ്കില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടത് ‘ എന്തു തെളിവ് എന്തു ശിക്ഷ ബെംഗളുരു സ്‌ഫോടനക്കേസില്‍ മഅ്ദനി 32ാം പ്രതിയാണ്. ഒന്നാം പ്രതി കണ്ണൂര്‍ക്കാരനായ തടിയന്റവിട നസീറും.

നസീറിലെ ഭീകരവാദി ആരുടെയൊക്കെയോ സൃഷ്ടിയാണെന്നും നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഒരു കൊടും ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മഅ്ദനിയെ പോലൊയൊരാളെ യു.എ.പി.എ ചുമത്തി തടവറയില്‍ ഇഞ്ചിഞ്ചായി കൊല്ലുന്നതിലെ നീതികേടും നെറികേടും ആര്‍.എസ്.എസിന്റെ ഭീകര വാഴ്ചക്കാലത്ത് ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ലെന്നും ആര്‍ക്കാണറിഞ്ഞുകൂടാത്തത്.

ഒരു മനുഷ്യന്റെ ആയുസ്സും വപുസ്സും പാരതന്ത്രത്തിന്റെ കരാളഹസ്തങ്ങളില്‍ വിട്ടുകൊടുത്ത്, മൗലികാവകാശങ്ങള്‍ എണ്ണിയെണ്ണി പറയുന്ന ഭരണഘടനയുടെ മേല്‍ കൈവെച്ച് പ്രതിജ്ഞ പുതുക്കുന്ന കാപട്യം ഈ റിപ്പബ്ലിക് ദിനത്തിലും തുടരുമ്പോള്‍ ജനാധിപത്യ കൈരാതങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച പി.ചിദംബരത്തെ പോലുള്ളവര്‍ നമ്മുടെ ചിന്താശേഷിയെ ചോദ്യം ചെയ്യുന്ന കാഴ്ച എന്തുമാത്രം അശ്ലീലകരമല്ല? , കാസിം ഇരിക്കൂര്‍ ഫേസ്ബുക്കില്‍ എഴുതി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

കൊമേഡിയന്‍ മുനവ്വര്‍ ഫാറൂഖിക്കും മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ധീഖ് കാപ്പനും പരമോന്നത നീതിപീഠം ജാമ്യം നിഷേധിക്കുന്നതിലെ അനീതിയെ കുറിച്ച് മുന്‍ ആഭ്യന്തര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം ധര്‍മരോഷം കൊള്ളുമ്പോള്‍ ഒരുനിമിഷം നാം സ്തബ്ധരാകുന്നത് അബ്ദുന്നാസര്‍ മഅ്ദനിയെ ബെംഗളുരു സ്‌ഫോടനക്കേസില്‍ ഉള്‍പ്പെടുത്തി തുറുങ്കിലടച്ചിടാന്‍ അന്ന് ചിദംബരം കാണിച്ച അമിതാവേശവും ‘ഭീകരവിരുദ്ധ’ ഔല്‍സുക്യവും ഓര്‍മയിലൂടെ കടന്നുപോകുന്നത് കൊണ്ടാണ്.

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട മുനവ്വറിന്റെയും സിദ്ധീഖിന്റെയും ജാമ്യം തങ്ങളുടെ മുന്നില്‍ പരിഗണനക്ക് വരുമ്പോള്‍ സുപ്രീംകോടതി ജഡ്ജിമാര്‍ പലതും പറഞ്ഞ് ഒഴിഞ്ഞുമാറുന്ന ലജ്ജാവഹമായ കാഴ്ച നിയമത്തിലും നീതിന്യായ വ്യവസ്ഥയിലും വിശ്വസിക്കുന്നവരെ അലോസരപ്പെടുത്തുന്നുണ്ട് എന്നത് നേരാണ്.

‘ജാമ്യമാണ് നിയമം, ജയില്‍ അപവാദം മാത്രം’ എന്ന നിയമതത്ത്വം ഉല്ലംഘിക്കപ്പെടുന്നത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് നീതിപീഠത്തിന്റെ പക്കല്‍ പോലും ഉത്തരമില്ല. സമത്വം എന്നാല്‍ നീതി പ്രാപ്തമാക്കുന്നതിലുള്ള തുല്യാവസരവും നിയമതത്ത്വങ്ങളുടെ തുല്യ പ്രയോഗവുമാണെന്ന് ചിദംബരം കോടതിയെ ഓര്‍മിപ്പിക്കുന്നു. സമത്വത്തെ കുറിച്ച് വൈകിയുദിച്ച ഈ കാഴ്ചപ്പാടിന് ചിദംബരത്തോട് നമുക്ക് നന്ദി പറയാം.

എന്നാല്‍, ഇതേ ചിദംബരം തന്നെയാണ്, രണ്ടാം യു.പി.എ ഭരണകാലത്ത്, കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ അബ്ദുള് നാസര്‍ മഅ്ദനിയെ ബെംഗളുരു സ്‌ഫോടനക്കേസില്‍പ്പെടുത്തി ജയിലലിടക്കുന്നത്. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിലങ്ങുമിങ്ങോളം ഇടതുമുന്നണി സ്ഥാനാര്‍ഥിയെ വിജയിപ്പിക്കണമെന്ന് ആഹ്വാനം നടത്തിയതിലുള്ള രാഷ്ട്രീയ പക പോക്കലായിരുന്നു അതിനു പിന്നില്‍.

ഇന്നത്തെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രമായിരുന്നു അന്ന് ആഭ്യന്തര സഹമന്ത്രി. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള മുസ്‌ലിം ലീഗ് നേതാക്കളുടെ പ്രേരണയും സമ്മര്‍ദവുമായിരുന്നു ബെംഗളുരു സ്‌ഫോടനത്തിന്റെ പേരില്‍ മഅ്ദനിക്ക് കാരാഗൃഹവാസം ഒരുക്കിക്കൊടുക്കുന്നതിനു പിന്നില്‍.

മുല്ലപ്പള്ളി അന്ന് മനസ്സ് വെച്ചിരുന്നുവെങ്കില്‍ കഴിഞ്ഞ 20വര്‍ഷമായി തടവറ ജീവിതം അനുഭവിക്കുന്ന മഅ്ദനിയുടെ ദുര്യോഗം ഇത്ര ദയാരഹിതവും ഭയാനകവുമാകുമായിരുന്നില്ല. മുല്ലപ്പള്ളിയുടെ മുന്നില്‍ മഅ്ദനിയുടെ നിരപരാധിത്വം സമര്‍പ്പിക്കാന്‍ ചെന്ന പാര്‍ട്ടിക്കാരോട് അദ്ദേഹം പറഞ്ഞത് ആ പേര് തന്നെ തനിക്ക് കേള്‍ക്കേണ്ടാ എന്നാണെത്ര.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പരേതനായ എം.ഐ ഷാനവാസ് എം.പിയും ചിദംബരത്തെ നേരില്‍ കണ്ട് മഅ്ദനിയോട് അല്‍പം ദയ കാണിക്കണമെന്ന് കേണപേക്ഷിച്ചു. ഒരു മുസ്‌ലിം ഭീകരവാദിക്കുവേണ്ടി വാദിക്കാന്‍ എവിടുന്നാ നിങ്ങള്‍ക്ക് ധൈര്യം ലഭിച്ചത് എന്നായിരുന്നുവത്രെ ചിദംബരത്തിന്റെ പ്രതികരണം.

കാവ്യനീതി എന്നേ പറയേണ്ടൂ, ഇതേ ചിദംബരത്തിന് 105 ദിവസം തിഹാര്‍ ജയിലില്‍ കഴിയേണ്ടിവന്നു; ഐ.എന്‍.എസ് മീഡിയ കേസില്‍. പുത്രന്‍ കീര്‍ത്തി ചിദംബരവും അഴികള്‍ക്കുള്ളിലായിരുന്നു അന്ന്. എന്നാല്‍ അവരെല്ലാം പുറത്തിറങ്ങിയപ്പോഴും ക്രൂര വ്യവസ്ഥിതി മഅ്ദനിയോട് മാത്രം ദയാദാക്ഷിണ്യം കാട്ടിയില്ല.

അദ്ദേഹം കൊടും ഭീകരവാദിയാണെന്ന് രാഷ്ട്രീയ മുഖ്യധാരയും ജുഡീഷ്യറിയും ഫോര്‍ത്ത് എസ്‌റ്റേറ്റുമൊക്കെ അപ്പോഴേക്കും വിധി എഴുതിക്കഴിഞ്ഞിരുന്നു. ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ കിടന്ന് നിരപരാധിയായി പുറത്തുവന്നതും പൊതുസമൂഹത്തിന്റെ വരവേല്‍പ് ഏറ്റുവാങ്ങിയതൊന്നും ആരും ഗൗനിച്ചില്ല. ഒരു കാലഘട്ടത്തിന്റെ പ്രതീകവും പ്രതിനിധാനവുമായ ആ ജീവിതം അഴികള്‍ക്കുള്ളില്‍ കത്തിത്തീരുകയാണിന്ന്.

മോദിയും യോഗിയും അമിത് ഷായും നേതൃത്വം നല്‍കുന്ന ഹിന്ദുത്വ ഫാഷിസ്റ്റ് ഭരണത്തിന്‍ കീഴില്‍ പൗരാവകാശങ്ങള്‍ (വിശിഷ്യാ ന്യൂനപക്ഷങ്ങളുടെ) , പച്ചയായി ഹനിക്കപ്പെടുമ്പോള്‍ അതിനെതിരെ ഒരക്ഷരം ഉരിയാടാന്‍ കെല്‍പില്ലാത്ത വിധം മുഖ്യപ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസ് വരിയുടക്കപ്പെട്ടു കഴിഞ്ഞ സ്ഥിതിക്ക് ചിദംബരത്തെപ്പോലുള്ളവരുടെ മുതലക്കണ്ണീര്‍, വില കുറഞ്ഞ രാഷ്ട്രീയ ഗിമ്മിക്കായി പരിണമിക്കുന്നത് ജനാധിപത്യ ഇന്ത്യയില്‍ കെട്ടഴിഞ്ഞുവീഴുന്ന ദുരന്തങ്ങളിലൊന്നുമാത്രം.

ആ ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് അബ്ദുള്‍ നാസര്‍ മഅ്ദനി. 130കോടി പൗരന്മാരുടെ മന:സാക്ഷിക്കുമുന്നില്‍ ഉത്തരമില്ലാത്ത ചോദ്യമായി, രണ്ടുപതിറ്റാണ്ടായി ജയിലലടക്കപ്പെട്ട ഒരു ഹതഭാഗ്യന്‍. സകലമാന രോഗപീഢകളാല്‍ തളര്‍ത്തപ്പെട്ട ആ വികലാംഗ പണ്ഡിതന്‍ ഇന്ന് ജീവിതത്തിനും മരണത്തിനു മിടയില്‍, നീതിന്യായ വ്യവസ്ഥയുടെ നിരാര്‍ദ്രമായ കരങ്ങളില്‍ ബന്ധസ്ഥനായി മരിച്ചുജീവിക്കുകയാണ്.

ഒറ്റക്കാലില്‍, ശരീരഭാഗങ്ങള്‍ നിശ്ചേതനമായി കൊണ്ടിരിക്കുന്ന, ജീവച്ഛവം പോലുള്ള മനുഷ്യന്‍ കേരളമണ്ണില്‍ കാല് കുത്തിയാല്‍ ഇവിടെ കലാപം പൊട്ടിപ്പുറപ്പെടുമെത്ര. ഭീകരവാദം പരന്നൊഴുകും പോലും. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സാക്ഷാല്‍ എ.കെ ആന്റണിയാണ് ഈ സിദ്ധാന്തം സുപ്രീംകോടതിയെ ആദ്യം പഠിപ്പിച്ചത്.

ഈ മനുഷ്യന്‍ യഥാര്‍ഥത്തില്‍ ഭീകരവാദത്തിന്റെ ഇരയാണെന്നും അങ്ങനെയാണ് ഒരു കാല്‍ നഷ്ടപ്പെട്ട് ഈ പരുവത്തില്‍ വികലാംഗനായതെന്നും അഭിഭാഷകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍ ന്യായാസനത്തെ ഓര്‍മിപ്പെടുത്തിയപ്പോള്‍ ജഡ്ജി ജെ.എസ് ചൗഹാന്‍ പറഞ്ഞത് എന്താണെന്നല്ലേ ഭീകരവാദകുറ്റങ്ങളാണ് ഈ മനുഷ്യന്റെമേല്‍ ചുമത്തപ്പെട്ടതെന്ന് മറന്നുപോകരുത്!

ദിവസങ്ങള്‍ക്ക് മുമ്പ് ശസ്ത്രക്രിയക്ക് വിധേയമായിട്ടും ആരോഗ്യനില വീണ്ടെടുക്കാനാവാതെ ശേഷിക്കുന്ന ജീവനില്‍ പ്രതീക്ഷയര്‍പ്പിച്ച് നിമിഷങ്ങള്‍ തള്ളിനീക്കുകയാണദ്ദേഹമിന്ന്. മഅ്ദനി എന്ന പേര് പോലും വിസ്മൃതിയിലേക്ക് മാഞ്ഞുകൊണ്ടിരിക്കുന്നു. പൊതുസമൂഹത്തിന്റെ പരിഗണനാ അജണ്ടയില്‍ ഒരിക്കലും കയറിവരാത്തവിധം മുദ്രയടിക്കപ്പെട്ടുകഴിഞ്ഞു ആ പേരും സ്വത്വവുമെല്ലാം.

വര്‍ഗീയമായി വിഭജിക്കപ്പെട്ട ‘പുതിയ കേരളത്തില്‍’ ആ പേര് ഉച്ചരിക്കുന്നത് പോലും ബാധ്യതയായി മാറുമെന്ന് മുഖ്യധാര ഭയപ്പെടുന്നു. പൗരന്റെ ജീവന് കാവാലാളാവേണ്ട ന്യായാസനങ്ങള്‍ ‘ഇന്ത്യന്‍ ബിന്‍ലാദനായി’ അദ്ദേഹത്തെ വളര്‍ത്തിയെടുത്ത് അര്‍ഥഗര്‍ഭമായ മൗനത്തിലാണ്. അദ്ദേഹത്തിന്റെ അവസാന ശ്വാസം വരെ ആ മൗനം തുടരാതിരിക്കില്ല.

മരണശയ്യയ്യില്‍ കിടക്കുന്ന മാതാവിനെ കാണാന്‍ പരോള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ച സന്ദര്‍ഭത്തില്‍ ജസ്റ്റിസ് വെങ്കിടാചലം, വേദന കലര്‍ന്ന സ്വരത്തില്‍, കേട്ടുനില്‍ക്കുന്നവരെ അമ്പരപ്പിച്ചുകൊണ്ട് ചോദിച്ചു; ”എന്തിനാണ് ഈ മനുഷ്യനെ ഇങ്ങനെ ജയിലിലടച്ച് കഷ്ടപ്പെടുത്തുന്നത് തെളിവുകളുണ്ടെങ്കില്‍ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വാങ്ങിക്കൊടുക്കുകയല്ലേ വേണ്ടത് ‘ എന്തു തെളിവ് എന്തു ശിക്ഷ ബെംഗളുരു സ്‌ഫോടനക്കേസില്‍ മഅ്ദനി 32ാം പ്രതിയാണ്. ഒന്നാം പ്രതി കണ്ണൂര്‍ക്കാരനായ തടിയന്റവിട നസീറും.

നസീറിലെ ഭീകരവാദി ആരുടെയൊക്കെയോ സൃഷ്ടിയാണെന്നും നിരവധി കേസുകളില്‍ ശിക്ഷിക്കപ്പെട്ട ഒരു കൊടും ക്രിമിനലിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ മഅ്ദനിയെ പോലൊയൊരാളെ യു.എ.പി.എ ചുമത്തി തടവറയില്‍ ഇഞ്ചിഞ്ചായി കൊല്ലുന്നതിലെ നീതികേടും നെറികേടും ആര്‍.എസ്.എസിന്റെ ഭീകര വാഴ്ചക്കാലത്ത് ചര്‍ച്ച ചെയ്യുന്നതില്‍ പ്രസക്തിയില്ലെന്നും ആര്‍ക്കാണറിഞ്ഞുകൂടാത്തത്.

ഒരു മനുഷ്യന്റെ ആയുസ്സും വപുസ്സും പാരതന്ത്രത്തിന്റെ കരാളഹസ്തങ്ങളില്‍ വിട്ടുകൊടുത്ത്, മൗലികാവകാശങ്ങള്‍ എണ്ണിയെണ്ണി പറയുന്ന ഭരണഘടനയുടെ മേല്‍ കൈവെച്ച് പ്രതിജ്ഞ പുതുക്കുന്ന കാപട്യം ഈ റിപ്പബ്ലിക് ദിനത്തിലും തുടരുമ്പോള്‍ ജനാധിപത്യ കൈരാതങ്ങള്‍ക്ക് കാര്‍മികത്വം വഹിച്ച പി.ചിദംബരത്തെ പോലുള്ളവര്‍ നമ്മുടെ ചിന്താശേഷിയെ ചോദ്യം ചെയ്യുന്ന കാഴ്ച എന്തുമാത്രം അശ്ലീലകരമല്ല?

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: INL Kassim Irikkur About Abdul Nazer Mahdani and P Chidambaram