വർഷങ്ങളായി മലയാള സിനിമയുടെ ഭാഗമാണ് നടൻ ഇന്ദ്രൻസ്. വസ്ത്രാലങ്കാരത്തിലൂടെയാണ് ഇന്ദ്രൻസ് തന്റെ സിനിമ ജീവിതം ആരംഭിക്കുന്നതെങ്കിലും ഹാസ്യ താരമായി അഭിനയിക്കാൻ തുടങ്ങിയ ശേഷമാണ് വലിയ രീതിയിൽ ശ്രദ്ധ നേടാൻ തുടങ്ങിയത്.
കരിയറിന്റെ വലിയൊരു ഭാഗം കോമഡി വേഷങ്ങളിൽ മാത്രം ഒതുങ്ങിയിരുന്ന ഇന്ദ്രൻസ് ഇന്ന് വേറിട്ട കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. മലയാളത്തിലെ മുൻനിര താരങ്ങളോടൊപ്പമെല്ലാം അഭിനയിച്ച നടനാണ് ഇന്ദ്രൻസ്.
പണ്ടെല്ലാം പല സിനിമകളുടെയും ക്ലൈമാക്സിൽ തന്നോട് നിൽക്കണ്ട എന്ന് പറഞ്ഞിട്ടുണ്ടെന്ന് ഇന്ദ്രൻസ് പറയുന്നു. ആദ്യമെല്ലാം അതുകേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നുവെന്നും എന്നാൽ പിന്നീട് താൻ തന്നെ ക്ലൈമാക്സിന് മുമ്പ് ലൊക്കേഷനിൽ നിന്ന് പോവുമായിരുന്നുവെന്നും ഇന്ദ്രൻസ് പറയുന്നു. നാലാംക്ലാസ് വരെയുള്ള തന്റെ വിദ്യാഭ്യാസജീവിതത്തിൽ സഹപാഠികളും ഇങ്ങനെ മാറ്റി നിർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ക്ലൈമാക്‌സ് സീനിൽ ഇന്ദ്രൻസ് നിൽക്കണ്ട എന്നു പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു
-ഇന്ദ്രൻസ്
‘ ശരിയാണ്, ക്ലൈമാക്‌സ് സീനിൽ ഇന്ദ്രൻസ് നിൽക്കണ്ട എന്നു പറഞ്ഞിട്ടുണ്ട്. ആദ്യമൊക്കെ അത് കേൾക്കുമ്പോൾ വിഷമം തോന്നിയിരുന്നു. പിന്നീടാണ് അതിൻ്റെ യാഥാർത്ഥ്യം എനിക്കു മനസിലായത്. അതുവരെ കോമാളി കളിച്ച് തലകുത്തിനിൽക്കുന്ന കഥാപാത്രങ്ങളായിരിക്കും മിക്കവാറും എന്റേത്. അങ്ങനെ ഒരു വളർച്ചയുമില്ലാത്ത കഥാപാത്രം ക്ലൈമാക്‌സ് സീനിൽ കയറി നിന്നാൽ അതിൻ്റെ ഗൗരവം നഷ്‌ടമാകും. അത് സിനിമയെ ബാധിക്കും.
ഇതു മനസിലാക്കിയതോടെ ഞാൻ തന്നെ സംവിധായകനോടു പറഞ്ഞു തുടങ്ങി, ‘സാർ ഈ സീനിൽ ഞാൻ നിൽക്കാതിരിക്കുന്നതല്ലേ നല്ലതെന്ന്’. അങ്ങനെ സ്വയമങ്ങ് ഒഴിവാകും. പിന്നെപ്പിന്നെ ഞാനിതൊരു സൗകര്യമാക്കി. ‘സാർ ക്ലൈമാക്‌സിൽ ഞാൻ ഇല്ലല്ലോ? എന്നാൽപ്പിന്നെ പൊയ്ക്കോട്ടെ’, സെറ്റിൽ നിന്നു രണ്ടുദിവസം മുമ്പേ സ്‌ഥലം വിടാം. ഒന്നുകിൽ വീട്ടിലേക്ക് അല്ലെങ്കിൽ അടുത്ത ലൊക്കേഷനിലേക്ക്.
രണ്ടായാലും സന്തോഷം മാറ്റിയിരുത്തലും ഇറക്കിവിടലുമൊന്നും എനിക്ക് പുത്തരിയല്ല. നാലാംക്ലാസ് വരെയുള്ള എന്റെ വിദ്യാഭ്യാസജീവിതത്തിൽ പല സഹപാഠികളും പറഞ്ഞിട്ടുണ്ട്. ‘സാറേ, ഈ സുരേന്ദ്രനെ എൻ്റെയടുത്ത് ഇരുത്താൻ പറ്റില്ല, മാറ്റിയിരുത്തണം’ എന്നെല്ലാം,’ഇന്ദ്രൻസ് പറയുന്നു.
Content Highlight: Indrans About His Film Career