നാല് തവണ ടോസ് നഷ്ടപ്പെട്ടാലും അഞ്ചാം മത്സരത്തില്‍ ടോസ് ഞാന്‍ നേടും, അതിനുള്ള ഒരു കൂടോത്രം എന്റെ കയ്യിലുണ്ട്: റിഷബ് പന്ത്
Sports News
നാല് തവണ ടോസ് നഷ്ടപ്പെട്ടാലും അഞ്ചാം മത്സരത്തില്‍ ടോസ് ഞാന്‍ നേടും, അതിനുള്ള ഒരു കൂടോത്രം എന്റെ കയ്യിലുണ്ട്: റിഷബ് പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th June 2022, 10:59 am

ഇന്ത്യ – ദക്ഷിണാഫ്രിക്ക പരമ്പരയില്‍ നാലാം മത്സരത്തില്‍ ജയിച്ച് പരമ്പര 2-2ന് സമനിലയിലെത്തിയിരുന്നു. ബാറ്റര്‍മാരും ബൗളര്‍മാരും നിറഞ്ഞാടിയ ആവേശകരമായ മത്സരത്തില്‍ 82 റണ്‍സിനായിരുന്നു ഇന്ത്യ വിജയമാഘോഷിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ തുണച്ചത് ദിനേഷ് കാര്‍ത്തിക്കിന്റേയും ഹര്‍ദിക് പാണ്ഡ്യയുടെയും മാസ്മരിക ഇന്നിങ്‌സാണ്.
20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 169 റണ്‍സെടുത്തിരുന്നു.

അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച ഹാര്‍ദിക് പാണ്ഡ്യ – ദിനേഷ് കാര്‍ത്തിക്ക് സഖ്യമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ഇരുവരും ചേര്‍ന്ന് അടിച്ചുകൂട്ടിയ 65 റണ്‍സാണ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്.

27 പന്തില്‍ നിന്ന് രണ്ട് സിക്സും ഒമ്പത് ഫോറുമടക്കം 55 റണ്‍സാണ് കാര്‍ത്തിക്ക് നേടിയത്. അവസാന ഓവറുവരെ താരം പിടിച്ചുനിന്നു. 31 പന്തുകള്‍ നേരിട്ട പാണ്ഡ്യ മൂന്ന് വീതം സിക്സും ഫോറുമടക്കം 46 റണ്‍സെടുത്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക 87 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ പരമ്പരയിലെ മറ്റു മത്സരങ്ങളിലും ടോസ് ഭാഗ്യം പന്തിനെ തുണച്ചിരുന്നില്ല. പരമ്പരയിലെ എല്ലാ മത്സരത്തിലും ടോസ് നേടിയ സൗത്ത് ആഫ്രിക്ക ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

ഇപ്പോഴിതാ, പരമ്പരയിലെ അവസാന മത്സരത്തില്‍ ടോസ് താന്‍ നേടുമെന്നും അതിനായി തന്റെ പക്കല്‍ ഒരു പൊടിക്കൈ ഉണ്ടെന്നും പറയുകയാണ് ഇന്ത്യന്‍ നായകന്‍ റിഷബ് പന്ത്.

അടുത്ത മത്സരത്തില്‍ താന്‍ വലതുകൈ കൊണ്ട് കോയിന്‍ ടോസ് ചെയ്യുമെന്നും, അതോടെ ടോസ് ഇന്ത്യയ്ക്ക് അനുകൂലമാവുമെന്നും പന്ത് പറയുന്നു.

‘ഞങ്ങള്‍ മികച്ച ക്രിക്കറ്റ് കളിക്കുന്നതിനെ കുറിച്ചും കളിക്കളത്തിലെ പ്രകടനത്തെ കുറിച്ചുമാണ് സംസാരിച്ചത്. അതിന്റെ ഫലം നമുക്ക് അനുകൂലമായിരുന്നു. ടീം മികച്ച ക്രിക്കറ്റ് കളിക്കുകയും ജയിക്കുകയും ചെയ്തു.

ഈ പരമ്പരയില്‍ ഒരിക്കല്‍പ്പോലും ഞാന്‍ ടോസ് ജയിച്ചിട്ടില്ല. അടുത്ത മത്സരത്തില്‍ ഞാന്‍ വലതുകൈകൊണ്ട് ടോസ് ചെയ്യും. അത് പോസിറ്റീവായിവരുമെന്ന് എനിക്കുറപ്പുണ്ട്,’ പന്ത് പറയുന്നു.

ഇന്ത്യയ്ക്കായി മികച്ച ബാറ്റിങ് പ്രകടനം പുറത്തെടുത്ത ഹര്‍ദിക്കിനെയും ദിനേഷ് കാര്‍ത്തിക്കിനെയും താരം അഭിനന്ദിക്കുകയും ചെയ്തു.

‘അവര്‍ രണ്ട് പേരും മികച്ച രീതിയിലാണ് കളിച്ചത്. ഡി.കെ. അവസാന ഓവറുകളില്‍ ബൗളര്‍മാരെ ആക്രമിച്ചുകളിക്കുകയായിരുന്നു. ഇത് ടീമിന് വളരെയധികം ഗുണകരമായി,’ പന്ത് പറഞ്ഞു.

ജൂണ്‍ 19ന് ബെംഗളൂരുവിലാണ് പരമ്പരയിലെ അഞ്ചാമത്തേതും അവസാനത്തേതുമായ മത്സരം. ബെംഗളൂരുവിലെ കളിയില്‍ ജയിക്കുന്നവര്‍ക്ക് പരമ്പര സ്വന്തമാക്കാം.

 

Content Highlight: Indian skipper Rishabh Pant says he will toss with his right hand in the final match