ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജയും യു.എസ് മസാച്യുസെറ്റ്‌സിലെ വെല്ലസ് ലി ബാബ്‌സണ്‍ ബിസിനസ് സ്‌കൂളിലെ പ്രൊഫസറുമായ ലക്ഷ്മി ബാലചന്ദ്രയെ വംശീയവും ലിംഗപരവുമായ വിവേചനത്തിന് ഇരയാക്കിയതായി റിപ്പോര്‍ട്ട്. കോളേജിലെ സംരംഭകത്വ വിഭാഗം (Assciate professor of entrepreneur-ship)
പ്രൊഫസറും മുന്‍ ചെയര്‍മാനുമായ ആന്‍ഡ്രൂ കോര്‍ബെറ്റ് തന്നോട് വംശീയവും ലിംഗപരവുമായ വിവേചനം കാണിച്ചുവെന്ന് ലക്ഷ്മി ബാലചന്ദ്ര തന്നെയാണ് പരാതി നല്‍കിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായും ദ ബോസ്‌റ്റോണ്‍ ഗ്ലോബ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 27ന് ബോസ്റ്റണിലെ യു.എസ്. ഡിസ്ട്രിക്ട് കോടതിയിലാണ് പരാതി സമര്‍പ്പിച്ചത്. ഈ സംഭവം തന്റെ തൊഴിലവസരങ്ങള്‍ നഷ്ടമാക്കിയെന്നും തന്റെ പ്രശസ്തിയെ പ്രതികൂലമായി ബാധിച്ചെന്നും ലക്ഷ്മി പരാതിയില്‍ പറഞ്ഞു.
അധ്യാപന നിയമനങ്ങള്‍, ക്ലാസ് ഷെഡ്യൂളിങ്, വാര്‍ഷിക അവലോകനങ്ങള്‍ എന്നിവയുടെ മേല്‍നോട്ടം വഹിച്ചിരുന്ന കോര്‍ബറ്റ് തന്റെ ഇഷ്ടത്തെ മാനിക്കാതെ സംരംഭ കോഴ്‌സുകള്‍ പഠിപ്പിക്കാന്‍ നിര്‍ബന്ധിച്ചുവെന്നും തനിക്ക് ഇലക്ടീവ് പേപ്പറുകള്‍ പഠിപ്പിക്കാനായിരുന്നു താത്പര്യമെന്നും ലക്ഷ്മി നല്‍കിയ പരാതിയിലുണ്ട്.
നേരത്തെ എം.ഐ.ടി സ്ലോണ്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലും ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളിലും ഇലക്ടീവ് പേപ്പറുകള്‍ പഠിപ്പിച്ച ലക്ഷ്മി 2012ലാണ് ബാബ്‌സണില്‍ ജോയിന്‍ ചെയ്യുന്നത്.
ബാബ്‌സണിലെ വെള്ളക്കാരും പുരുഷന്മാരായ ഫാക്വല്‍റ്റിയും കോര്‍ബറ്റിനെയാണ് അനുകൂലിക്കുന്നതെന്നും നിരവധി ഗവേഷണ റെക്കോഡുകളുണ്ടായിട്ടും കോളേജില്‍ വര്‍ഷങ്ങളോളം സേവനമനുഷ്ടിച്ച പരിചയ സമ്പത്തുണ്ടായിട്ടും തന്റെ അവസരങ്ങള്‍ നിഷേധിക്കപ്പെടുകയാണെന്നും അവര്‍ ആരോപിച്ചു. മസാച്യുസെറ്റ്‌സ് കമ്മീഷനിലും വിവേചനത്തിനെതിരെ പരാതി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ലക്ഷ്മി ബാലചന്ദ്രയുടെ അഭിഭാഷക മോണിക്ക ഷാ പറഞ്ഞു.
അതേസമയം, പരാതിയെ ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നും സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി പ്രശ്‌നത്തിന് പരിഹാരമുണ്ടാക്കുമെന്നും ബാബ്‌സണ്‍ കോളേജ് വക്താവ് പറഞ്ഞു. കാമ്പസില്‍ ഏതെങ്കിലും തരത്തിലുള്ള വിവേചനം വെച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാഷണല്‍ സയന്‍സ് ഫൗണ്ടേഷനില്‍ ഫെലോഷിപ്പിനായി ഇപ്പോള്‍ അവധിയില്‍ കഴിയുന്ന ലക്ഷ്മി ബാലചന്ദ്ര നഷ്ടപരിഹാരം ആവശ്യപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.