Advertisement
IPL 2019
ഐ.പി.എല്‍ വാതുവെപ്പ്: മുംബൈയില്‍ ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനടക്കം രണ്ടുപേര്‍ പിടിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 May 03, 03:00 am
Friday, 3rd May 2019, 8:30 am

മുംബൈ: മുംബൈയില്‍ ഐ.പി.എല്‍ വാതുവെപ്പ് നടത്തിയതിന് ഇന്ത്യന്‍ വംശജനായ ബ്രിട്ടീഷ് പൗരനടക്കം രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. അന്ധേരി വെസ്റ്റിലെ ഒരു ആഡംബര ഹോട്ടലില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.

റിഷി ധരിയാനനി, മഹേഷ് ഖെംലാന എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ഹോങ്കോങ്ങില്‍ താമസക്കാരാണ്. ധരിയാനനിക്കാണ് ബ്രിട്ടീഷ് പൗരത്വമുള്ളത്.

ഇവിടെവെച്ച് ഇവര്‍ വെബ്‌സൈറ്റ് വഴി വാതുവെപ്പ് നടത്തിയിരുന്നതായി പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പണം സ്വീകരിച്ചശേഷം വാതുവെപ്പ് ആഗ്രഹിക്കുന്നവര്‍ക്ക് ഈ സൈറ്റില്‍ പ്രവേശിക്കുന്നതിനുള്ള യൂസര്‍നെയിമും പാസ്‌വേഡും നല്‍കുകയാണ് ഇവര്‍ ചെയ്തിരുന്നു.

ചെന്നൈ സൂപ്പര്‍ കിങ്‌സും ദല്‍ഹി കാപിറ്റല്‍സും തമ്മില്‍ നടന്ന മത്സരത്തില്‍ ഇവര്‍ വാതുവെച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു അറസ്റ്റ്. വ്യാഴാഴ്ച അറസ്റ്റ് ചെയ്ത ഇവരെ മേയ് ആറുവരെ കോടതി പോലീസ് കസ്റ്റഡിയില്‍ വിട്ടു.

വാതുവെപ്പിനു വേണ്ടി മാത്രമാണു തങ്ങള്‍ മുംബൈയിലെത്തിയതെന്ന് ചോദ്യംചെയ്യലില്‍ ഇരുവരും സമ്മതിച്ചു. മാര്‍ച്ചില്‍ ഐ.പി.എല്ലിന്റെ ഈ സീസണ്‍ ആരംഭിച്ചതോടെ ബാന്ദ്രയിലും ജുഹുവിലുമുള്ള ഹോട്ടലുകളില്‍ ഇവര്‍ മാറിത്താമസിച്ചു.

രണ്ട് ലാപ്‌ടോപ്പുകള്‍, ഏഴ് മൊബൈലുകള്‍, ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡുകള്‍, 6.95 ലക്ഷം രൂപയുടെ ഇന്ത്യന്‍, യു.എസ്, ഹോങ്കോങ് കറന്‍സികള്‍ തുടങ്ങിയവ ഹോട്ടലിലെ ഇവരുടെ മുറിയില്‍ നിന്നു കണ്ടെത്തി.