ചരിത്ര ഇന്നിങ്‌സിനെ ആനന്ദക്കണ്ണീര്‍ ട്രോള്‍ മീമുമായി അഭിനന്ദിച്ച് ഇന്ത്യന്‍ ഇതിഹാസം; അതെനിക്ക് ഇഷ്ടമായി ഭയ്യാ എന്ന് പന്തിന്റെ മറുപടി
Sports News
ചരിത്ര ഇന്നിങ്‌സിനെ ആനന്ദക്കണ്ണീര്‍ ട്രോള്‍ മീമുമായി അഭിനന്ദിച്ച് ഇന്ത്യന്‍ ഇതിഹാസം; അതെനിക്ക് ഇഷ്ടമായി ഭയ്യാ എന്ന് പന്തിന്റെ മറുപടി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 2nd July 2022, 3:14 pm

 

ഇംഗ്ലണ്ടിനെതിരായ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ മകച്ച പ്രകടനവുമായി കയ്യടി നേടുകയാണ് റിഷബ് പന്ത്. തകര്‍ച്ചയിലേക്ക് നീങ്ങിയ ഇന്ത്യയെ രവീന്ദ്ര ജഡേജയെ കൂട്ടുപിടിച്ച് കരകയറ്റിയ പന്ത് ഒട്ടേറെ റെക്കോഡുകളും പഴങ്കഥയാക്കി.

111 പന്തില്‍ 146 റണ്‍സെടുത്താണ് പന്ത് പുറത്തായത്. 89 പന്തില്‍ നിന്നും താരം സെഞ്ച്വറി നേടിയതോടെ എം.എസ്. ധോണിയുടെ 17 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡും തന്റെ പേരിലാക്കി.

ഇതിനെതുടര്‍ന്ന് ട്വിറ്ററടക്കുമുള്ള സമൂഹ മാധ്യമങ്ങളില്‍ പന്തിന്റെ പ്രകടനത്തെ നിരവധി പേരാണ് അഭിനന്ദിക്കുന്നത്. ഇതിനിടയില്‍ റിഷബ് പന്തിനെ അഭിനന്ദിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം വീരേന്ദ്ര സേവാഗ് രംഗത്തെത്തിയിരിക്കുകയാണ്.

‘പന്ത് സ്വന്തമായി ഒരു ലീഗാണ്. ലോകത്തിലെ ഏറ്റവും രസകരമായ ക്രിക്കറ്റ് താരം, ഒരു പ്രത്യേകതയുള്ള താരം,’ എന്നാണ് പന്തിനെ അഭിനന്ദിച്ച് സേവാഗ് എഴുതിയത്. ‘ആനന്തക്കണ്ണീര്‍ ട്രോള്‍ മീമുമായിയാണ് സേവാഗിന്റെ ട്വീറ്റ്. ‘സേവാഗ് ഭയ്യാ. ഇത് ഇഷ്ടമായി, നിങ്ങള്‍ ഏറ്റവും മികച്ചവരില്‍ ഒരാളാണ്,’ എന്നാണിതിന് റിഷഭ് പന്തിന്റെ പ്രതികരണം.

നേരത്തെ മാറ്റിവെച്ച ഇന്ത്യ- ഇംഗ്ലണ്ട് അഞ്ചാം ടെസ്റ്റ് മത്സരം പുരോഗമിച്ചുകൊണ്ടിരിക്കുമ്പോഴാണ് പന്തിന്റെ പ്രകടനം ചര്‍ച്ചയാകുന്നത്. ആദ്യ സെഷനില്‍ ഇംഗ്ലണ്ട് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ പതറിയിരുന്നു. ഒരുപാട് പ്രതീക്ഷയോടെ ബാറ്റിങ്ങിന് ഇറങ്ങിയ പല താരങ്ങള്‍ക്കും ഇംഗ്ലണ്ട് ബൗളിങ്ങിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചിരുന്നില്ല.

എന്നാല്‍ അഞ്ചാമനായി ക്രീസിലെത്തിയ റിഷബ് പന്തിന്റെ മുന്നില്‍ ഇംഗ്ലണ്ട് ബൗളര്‍മാര്‍ ഉത്തരമില്ലാത്ത കാഴ്ചയാണ് കണ്ടത്. ഈ ഇന്നിങ്‌സില്‍
89 പന്തില്‍ നിന്നും താരം സെഞ്ച്വറി നേടിയതോടെ എം.എസ്. ധോണിയുടെ 17 വര്‍ഷം പഴക്കമുള്ള ഒരു റെക്കോഡും തന്റെ പേരിലാക്കിയിരിക്കുകയാണ്.

ടെസ്റ്റില്‍ ഇന്ത്യയ്ക്കായി അതിവേഗ സെഞ്ച്വറി നേടിയ വിക്കറ്റ് കീപ്പറെന്ന ബഹുമതിയും ഇനി പന്തിനൊപ്പമാണ്. 2005ല്‍ പാകിസ്ഥാനെതിരെ ധോണി നേടിയ സെഞ്ച്വറിയാണ് പന്ത് മറികടന്നത്.

ഫൈസലാബാദ് ടെസ്റ്റില്‍ 93 പന്തിലായിരുന്നു ധോണിയുടെ സെഞ്ച്വറി. സെഞ്ച്വറിക്ക് പിന്നാലെ ആഞ്ഞടിച്ച താരം മത്സരം ഇന്ത്യയുടെ വരുതിയിലാക്കുകയും ചെയ്തു. 19 ബൗണ്ടറികളും നാല് സിക്സറുകളും അടങ്ങുന്നതായിരുന്നു പന്തിന്റെ ഇന്നിങ്‌സ്.

പന്തിന്റെ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ച്വറിയാണിത്. ഇംഗ്ലണ്ടിനെതിരെ മാത്രം മൂന്ന് സെഞ്ച്വറികള്‍ താരം നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 2,000 റണ്‍സ് മറികടക്കുന്ന പ്രായം കുറഞ്ഞ താരവും പന്താണ്.