national news
ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതണം; ഒന്നാം സ്വാതന്ത്ര്യ സമരത്തെ ഇന്ത്യയുടെ കണ്ണിലൂടെ കാണണം- അമിത് ഷാ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Oct 17, 03:23 pm
Thursday, 17th October 2019, 8:53 pm

വാരാണസി: ചരിത്രം ഇന്ത്യയുടെ കണ്ണിലൂടെ തിരുത്തി രചിക്കപ്പെടണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒന്നാം സ്വാതന്ത്ര്യ സമരം ചരിത്രത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടുള്ളത് ബ്രിട്ടീഷുകാരുടെ കണ്ണിലൂടെയാണെന്നും, ഇത് വീര്‍ സവര്‍ക്കര്‍ക്ക് വേണ്ടിയല്ല പറയുന്നത് എന്നുമായിരുന്നു അമിത് ഷാ പറഞ്ഞത്.

വി.ഡി സവര്‍ക്കര്‍ക്ക് ഭാരത രത്‌ന നല്‍കണമെന്ന വാദങ്ങള്‍ നടക്കുന്നതിനിടെയാണ് അമിത് ഷായുടെ ചരിത്രം തിരുത്തിയെഴുതണമെന്ന പരാമര്‍ശം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ ശിപായി ലഹളയായി കാണുന്നത് ഒഴിവാക്കപ്പെടണമെന്നുള്ളതു കൊണ്ടാണ് ചരിത്രം തിരുത്തി എഴുതണമെന്ന് പറഞ്ഞതെന്നാണ് അമിത് ഷായുടെ വാദം.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാരണാസിയിലെ ബനാറസ് യൂണിവേഴ്‌സിറ്റിയില്‍ രണ്ടു ദിവസമായി നടക്കുന്ന ‘ഗുപ്ത് വന്‍ശക്-വീര്‍: സ്‌കന്ദഗുപ്ത വിക്രമാദിത്യ’ അന്താരാഷ്ട്ര സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ആരെയും കുറ്റപ്പെടുത്തിയല്ല പക്ഷേ, ഇന്ത്യയുടെ കണ്ണിലൂടെ നോക്കിക്കാണുന്ന ഒരു ചരിത്രം രചിക്കപ്പെടണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുന്നു’ അമിത് ഷാ പറഞ്ഞു.

മതിയായ രേഖകളില്ലാത്തതിനാല്‍ സ്‌കന്ദഗുപ്ത വിക്രമാദിത്യയെ പോലുള്ള ഇന്ത്യക്കാരുടെ ധീരതയും അവരുടെ സംഭാവനകളും ഇന്നത്തെ യുവത്വത്തിന് അറിയില്ലെന്നും ഷാ പറഞ്ഞു.