വാഷിംഗ്ടണ്‍: അമേരിക്കയിലെ ജനവിധിയെ ചോദ്യം ചെയ്ത് ക്യാപിറ്റോള്‍ മന്ദിരത്തിന് മുന്നില്‍ ട്രംപ് അനുകൂലികള്‍ നടത്തുന്ന പ്രതിഷേധത്തില്‍ ഇന്ത്യന്‍ പതാക ഉയര്‍ന്നത് വിവാദമാകുന്നു.
ഏതാനും മണിക്കൂറുകളായി പൊട്ടിപ്പുറപ്പെട്ട പ്രതിഷേധത്തിലാണ് ഇന്ത്യയുടെ പതാക പിടിച്ച് ചിലരെത്തിയത്. കാപിറ്റോളിനു മുന്നിലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും അമേരിക്കയുടെയും പതാകകള്‍ക്കിടയില്‍ ഇന്ത്യന്‍ പതാക പാറുന്നത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.
ജനവിധിയെ ചോദ്യം ചെയ്ത് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രകടനത്തില്‍ ഇന്ത്യന്‍ പതാകയ്ക്ക് എന്തുകാര്യം എന്ന ചോദ്യവും ഉയര്‍ന്നുകഴിഞ്ഞിട്ടുണ്ട്. ട്രംപ് അനുകൂലികള്‍ക്കൊപ്പം ഇന്ത്യന്‍ പതാക പിടിച്ച് അണിചേര്‍ന്ന പ്രതിഷേധക്കാര്‍ക്കതെിരെയാണ് വിമര്‍ശനം ശക്തമാകുന്നത്.
പാര്‍ലമെന്റ് അംഗവും ബി.ജെ.പി നേതാവുമായ വരുണ്‍ഗാന്ധിയടക്കമുള്ളവര്‍ ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
Why is there an Indian flag there??? This is one fight we definitely don’t need to participate in… pic.twitter.com/1dP2KtgHvf
എന്തുകൊണ്ടാണ് അവിടെ ഒരു ഇന്ത്യന്‍ പതാക പാറുന്നത്? ഇത് തീര്‍ച്ചയായും നമ്മള്‍ പങ്കെടുക്കേണ്ടതില്ലാത്ത ഒരു പോരാട്ടമാണ്’ എന്നാണ് വരുണ്‍ ഗാന്ധി പറഞ്ഞത്.
ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസ് ഒഴിയാന്‍ പതിനാല് ദിവസം മാത്രം ബാക്കി നില്‍ക്കേയാണ് ക്യാപിറ്റോള്‍ മന്ദിരത്തില്‍ ഇത്രവലിയ ആക്രമണം നടക്കുന്നത്. അമേരിക്കന്‍ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു പ്രതിഷേധം നടക്കുന്നത്.
ക്യാപിറ്റോള്‍ കെട്ടിടത്തില്‍ മുദ്രാവാക്യം വിളിച്ചെത്തിയ ട്രംപ് അനുകൂലികള്‍ സായുധ പൊലീസുമായി ഏറ്റുമുട്ടുകയായിരുന്നു സംഘര്‍ഷത്തിനിടെ നാല് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. ട്രംപിന്റെ പുതിയ ട്വീറ്റുകളും വീഡിയോയും അക്രമത്തിന് ആഹ്വാനം ചെയ്യുന്നതാണെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററും ഫേസ്ബുക്കും യൂട്യൂബും ഇവ നീക്കം ചെയ്തിരുന്നു. ട്വിറ്റര്‍ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു.
അതേസമയം ക്യാപിറ്റോള്‍ മന്ദിരത്തിന് നേരെ നടന്ന ആക്രമണത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിര രൂക്ഷ വിമര്‍ശനവുമായി ലോക നേതാക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. ലിബറല്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന അമേരിക്കയില്‍ ഇത്തരമൊരു അട്ടിമറി നീക്കങ്ങള്‍ നടക്കുന്നത് അപലപനീയമാണെന്ന് നേതാക്കള്‍ പറഞ്ഞു.
തികച്ചും അപമാനകരമായ കാര്യങ്ങളാണ് അമേരിക്കയില്‍ നടക്കുന്നതെന്നാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞത്.
അമേരിക്കന്‍ സ്ഥാപനത്തിന് നേരെയുള്ള ആക്രമണം ജനാധിപത്യത്തിന് നേരെയുള്ള ആക്രമണമാണ്. അത് അപലപിക്കുന്നു. അമേരിക്കന്‍ ജനങ്ങളുടെ ആഗ്രഹവും വോട്ടും വിലക്കെടുക്കണമെന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി പറഞ്ഞത്.
അമേരിക്കയില്‍ നടക്കുന്ന സ്ഥിതിഗതികള്‍ തികച്ചും ഭീതിതമാണെന്ന് സ്‌കോട്ടിഷ് പ്രധാനമന്ത്രി നിക്കോളാ സ്റ്റര്‍ജിയോണ്‍ വ്യക്തമാക്കി.
പോളണ്ട് വിദേശകാര്യമന്ത്രി റാഡെക് സിക്രോസ്‌കി അമേരിക്കന്‍ ക്യാബിനറ്റ് ഭരണഘടനയുടെ 25ാം ഭേദഗതി പ്രകാരം ഡൊണാള്‍ഡ് ട്രംപിന്റെ അധികാരം റദ്ദ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അക്രമ സംഭവങ്ങളെ അപലപിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു.’വാഷിംഗ്ടണ്‍ ഡിസിയില്‍ നടക്കുന്ന അക്രമസംഭവങ്ങളില്‍ ദുഃഖമുണ്ടെന്നും അധികാര കൈമാറ്റം സമാധാന പരമായി നടക്കേണ്ടതുണ്ടെന്നുമായിരുന്നു മോദി പ്രതികരിച്ചത്.
‘ജനാധിപത്യം തന്നെ വിജയിക്കും വോട്ട് ചെയ്ത് സമാധാനപരമായി ഭരണകര്‍ത്താവിനെ തെരഞ്ഞെടുത്ത ജനങ്ങളുടെ ശബ്ദത്തിന് വില കൊടുക്കണം, അക്രമാസക്തരായ ആള്‍ക്കൂട്ടത്തിന്റെ ശബ്ദമല്ല കേള്‍ക്കേണ്ടത്,” എന്നാണ് ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡന്‍ പറഞ്ഞത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക