ടോപ്പ് ക്ലാസ്സ്‌ സ്പിന്നേഴ്സ് വന്നാൽ ഇന്ത്യൻ ബാറ്റർമാരുടെ മുട്ടിടിക്കും; ഇന്ത്യയെ ട്രോളി ആരാധകർ
Cricket news
ടോപ്പ് ക്ലാസ്സ്‌ സ്പിന്നേഴ്സ് വന്നാൽ ഇന്ത്യൻ ബാറ്റർമാരുടെ മുട്ടിടിക്കും; ഇന്ത്യയെ ട്രോളി ആരാധകർ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 1st March 2023, 10:20 pm

ഓസീസിനെതിരെയുള്ള ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിൽ വലിയ വിജയങ്ങൾ സ്വന്തമാക്കിയ ശേഷം മൂന്നാം ടെസ്റ്റിന്റെ ആദ്യ ദിവസം തന്നെ വലിയ തിരിച്ചടിയാണ് ഇന്ത്യൻ ടീമിന് നേരിടേണ്ടിവന്നത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ ഓസീസ് വെറും 109 റൺസിന് ചുരുട്ടികെട്ടുകയായിരുന്നു.

22 റൺസെടുത്ത വിരാട്, 21 റൺസെടുത്ത ശുഭ്മാൻ ഗിൽ, 17 റൺസെടുത്ത ശ്രീകാർ ഭരത്ത്, എന്നിവരായിരുന്നു ഇന്ത്യൻ ബാറ്റിങ്‌ നിരയിലെ ടോപ്പ് സ്കോറർമാർ.

ടീമിലെ അഞ്ച് ബാറ്റർമാർക്ക് ഇരട്ടയക്കം കടക്കാൻ സാധിച്ചിരുന്നില്ല. അഞ്ച് വിക്കറ്റ് നേടിയ മാത്യു കുനെമാൻ, മൂന്ന് വിക്കറ്റെടുത്ത നാഥൻ ലിയോൺ എന്നീ സ്ലോ ബോളേഴ്സാണ് ഇന്ത്യൻ ബാറ്റിങ്‌ നിരയെ എറിഞ്ഞൊതുക്കിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ആദ്യ ദിവസം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 156 റൺസെടുത്ത് ബാറ്റിങ്ങ് തുടരുകയാണ്.
ആറ് വിക്കറ്റ് ശേഷിക്കെ ഇപ്പോൾ തന്നെ ഓസീസ് ടീമിന് 47 റൺസിന്റെ ലീഡുണ്ട്.

ഇനി നാല് ദിവസം കൂടി മത്സരം ശേഷിക്കെ കളി വിജയിക്കണമെങ്കിൽ ഇന്ത്യൻ ടീമിന് രണ്ടാം ഇന്നിങ്സിൽ മികച്ച പ്രകടനം കാഴ്ചവെക്കേണ്ടതുണ്ട്.

സ്പിന്നിനെ തുണക്കുന്ന ഇൻഡോർ പിച്ചിൽ രവീന്ദ്ര ജഡേജക്കൊഴികെ മറ്റ് ബോളേഴ്സിനൊന്നും ഓസീസ് ബാറ്റർമാർക്കെതിരെ കാര്യമായിട്ടൊന്നും ചെയ്യാനില്ലായിരുന്നു.

എന്നാലിപ്പോൾ മത്സരത്തിൽ തകർന്നടിഞ്ഞതിന് പിന്നാലെ ഇന്ത്യൻ ബാറ്റർമാർക്കെതിരെ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ ടീം ആരാധകർ.

ടോപ്പ് ക്ലാസ് ബോളർമാർ വന്നാൽ ഇന്ത്യൻ ബാറ്റിങ്ങ് നിരയുടെ മുട്ടിടിക്കുമെന്നും, രണ്ട് കളി ജയിച്ച ഇന്ത്യ പടിക്കൽ കലമുടയ് ക്കുമെന്നുമൊക്കെയാണ് ഇന്ത്യൻ ആരാധകരുടെ പരിഹാസം.

നാല് മത്സരങ്ങൾ അടങ്ങിയ ബോർഡർ-ഗവാസ്ക്കർ സീരീസിൽ ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ച ഇന്ത്യൻ ടീമിന് ഒരു ടെസ്റ്റ് കൂടി സമനിലയിലാക്കാൻ ശ്രമിച്ചാൽ പരമ്പര സ്വന്തമാക്കാൻ സാധിക്കും. പരമ്പര വിജയിച്ചാൽ മാത്രമേ ടീം ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനൽ കളിക്കാൻ സാധിക്കൂ.

 

Content Highlights:Indian batters can’t play top-class spinners: fans roast team india