24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാവും
മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനത്തിൻ്റെ ഭാഗമായുള്ള ബെയ്‌ലി പാലത്തിൻ്റെ നിർമാണം പൂര്‍ത്തിയായി. ദുരന്തത്തിൽ തകർന്നു പോയ മുണ്ടക്കൈ പാലത്തിന് ബദലായാണ് പുതിയ പാലത്തിന്റെ നിർമാണം. പാലം രക്ഷാപ്രവർത്തന രംഗത്ത് വലിയ സഹായകമാവും.
മുണ്ടക്കൈയിലേക്ക് ചൂരല്‍മലയില്‍ നിന്ന് പ്രവേശിക്കാന്‍ സാധിക്കുന്ന തരത്തിലാണ് താത്കാലിക പാലത്തിന്റെ നിർമാണം. ഇന്ന് വൈകുന്നേരത്തോടെയാണ് പണി പൂര്‍ത്തിയായത്. പാലത്തിലൂടെയുള്ള സൈനീക വാഹനം കടത്തിവിട്ടുകൊണ്ടുള്ള ടെസ്റ്റ് റണ്ണും നടത്തി. ആദ്യം സൈന്യത്തിന്റെ വാഹനമാണ് കടന്നുപോയത്.
24 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂര്‍ത്തിയായതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവര്‍ത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാവും. നീളം കൂടുതലായതിനാല്‍ പുഴയ്ക്ക് മധ്യത്തില്‍ തൂണ്‍ സ്ഥാപിച്ചാണ് പാലം നിർമിച്ചിരിക്കുന്നത്.
അതേസമയം, ഉരുൾപൊട്ടൽ ദുരന്തത്തില്‍ മരണ സംഖ്യ 297 ആയി ഉയര്‍ന്നു. 34 മൃതദേഹങ്ങളാണ് ഇന്ന് കണ്ടെടുത്തത്. മുണ്ടക്കൈയിൽ ഇനി ജീവനോടെ ആരെയും കണ്ടെത്താനില്ലെന്ന് സൈന്യം സർക്കാരിനെ അറിയിച്ചു. 240 പേരെ ഇപ്പോഴും കാണാനില്ല.