ന്യൂസിലാന്റിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് 372 റണ്‍സിന്റെ കൂറ്റന്‍ ജയം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 1-0ന് സ്വന്തമാക്കി.
നാലാം ദിവസം ആദ്യ സെഷനില്‍ കിവികളുടെ വാലറ്റനിരയെ ജയന്ത് യാദവ് പിടിച്ചുകെട്ടിയപ്പോള്‍ ആവസാനത്തെ വിക്കറ്റ് ആര്‍. അശ്വിന്‍ സ്വന്തമാക്കി. ഇന്ത്യന്‍ മണ്ണില്‍ അശ്വിന്റെ മുന്നൂറാം വിക്കറ്റായിരുന്നു ഇത്.
പരമ്പരയുടെ ഒന്നാം ടെസ്റ്റില്‍ പിടിച്ചു നിന്ന വാലറ്റനിര തകര്‍ന്നടിയുന്ന കാഴ്ചയാണ് രണ്ടാം ടെസ്റ്റില്‍ കണ്ടത്. കേവലം 27 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ കിവികളുടെ 5 വിക്കറ്റുകളാണ് ഇന്ത്യന്‍ ബൗളര്‍മാര്‍ വീഴ്ത്തിയത്.
56.3 ഓവറുകളില്‍ കേവലം 167 റണ്‍സിന് ന്യസിലാന്റ് ഓള്‍ ഔട്ട് ആകുകയായിരുന്നു. ഇന്ത്യന്‍ മണ്ണില്‍ റണ്ണുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്. 2015ല്‍ ദക്ഷിണാഫ്രിക്കയെ 337 റണ്‍സിന് പരാജയപ്പെടുത്തിയതായിരുന്നു ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ വിജയം.
എക്‌സ്ട്രാ ബൗണ്‍സും ടേണും നിറഞ്ഞ പിച്ച് കിവികള്‍ക്ക് വിനയാവുകയായിരുന്നു.
ആദ്യ ടെസ്റ്റില്‍ വിജയത്തിനരികെയെത്തിയ ഇന്ത്യയെ ന്യൂസിലാന്റ് സമനിലയില്‍ കുരുക്കുകയായിരുന്നു. ഈ വിജയത്തോടെ ടെസ്റ്റ് റാങ്കിംഗില്‍ ഒന്നാമതെത്താനും ഇന്ത്യയ്ക്കായി.
ന്യൂസിലാന്റിനായി ചരിത്ര നേട്ടമായ ഒരു ഇന്നിംഗ്‌സില്‍ 10 വിക്കറ്റ് ഉള്‍പ്പടെ 14 വിക്കറ്റ് നേടി അജാസ് പട്ടേല്‍ മികച്ചു നിന്നു. മായങ്ക് അഗര്‍വാള്‍ (150, 62) കളിയിലെ താരമായപ്പോള്‍, 14 വിക്കറ്റുകളമായി അശ്വിന്‍ പരമ്പരയിലെ താരമായി.
‘പരമ്പര വിജയിച്ചത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. കാണ്‍പൂരില്‍ ഞങ്ങള്‍ വിജയത്തിന്റെ തൊട്ടരികില്‍ വരെയെത്തി എന്നാല്‍ അവസാനത്തെ വിക്കറ്റ് നേടാന്‍ സാധിച്ചില്ല. റിസള്‍ട്ട് ഞങ്ങള്‍ക്ക് അനുകൂലമാണെങ്കിലും പരമ്പരയിലുടനീളം ടീം ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു’ മത്സരശേഷം ഇന്ത്യന്‍ കോച്ച് രാഹുല്‍ ദ്രാവിഡ് പറഞ്ഞു.
‘ചില ഘട്ടങ്ങളില്‍ ഞങ്ങള്‍ പുറകിലായിരുന്നു, തിരിച്ചടിക്കേണ്ട സാഹചര്യങ്ങളില്‍ ടീം മികച്ച രീതിയില്‍ തന്നെ കളിച്ചു. അവസരത്തിനൊത്ത് കളിച്ച ടീമില്‍ താന്‍ സന്തുഷ്ടനാണ്,’ ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു. ദ്രാവിഡിന് കീഴിലെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര വിജയമാണിത്.