ഇന്ത്യ – സൗത്ത് ആഫ്രിക്ക ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ധോണിയുടെ ജന്മദേശമായ റാഞ്ചിയില്‍ നടക്കും. ജാര്‍ഖണ്ഡിലെ ജെ.എസ്.സി.എ ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയം കോംപ്ലെക്‌സില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട ഇന്ത്യക്ക് പരമ്പരയില്‍ സജീവമാവാന്‍ ഈ മത്സരം ജയിച്ചേ തീരൂ. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ജയിച്ചതോടെ 1-0 എന്ന ലീഡാണ് പ്രോട്ടീസിനുള്ളത്. ഈ മത്സരത്തില്‍ ജയിക്കുകയാണെങ്കില്‍ പരമ്പര സ്വന്തമാക്കാന്‍ സൗത്ത് ആഫ്രിക്കക്ക് സാധിക്കും.
കഴിഞ്ഞ മത്സരത്തിലെ അതേ ഫോം തുടരാന്‍ തന്നെയാവും സഞ്ജു സാംസണ്‍ ഇറങ്ങുന്നത്. വിക്കറ്റ് കീപ്പിങ്ങിലും ബാറ്റിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച സഞ്ജുവാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.
ടീമിന്റെ മുന്‍ നിര ബാറ്റര്‍മാരെല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്ന മത്സരത്തില്‍ മിഡില്‍ ഓര്‍ഡറാണ് ഇന്ത്യന്‍ ഇന്നിങ്‌സിനെ വീഴാതെ കാത്തുരക്ഷിച്ചത്. അഞ്ചാമനായി ഇറങ്ങിയ ശ്രേയസ് അയ്യരും ആറാമനായി ഇറങ്ങിയ സഞ്ജുവുമാണ് സ്‌കോറിങ്ങില്‍ കരുത്തായത്.
അയ്യര്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയപ്പോള്‍ 63 പന്തില്‍ നിന്നു 86 റണ്‍സായിരുന്നു സഞ്ജു ഇന്നിങ്‌സിലേക്ക് സംഭാവന നല്‍കിയത്.
ശിഖര്‍ ധവാനും, ശുഭ്മന്‍ ഗില്ലും ഋതുരാജ് ഗെയ്ക്ക്വാദുമടക്കം ടീമിന്റെ ടോപ് ഓര്‍ഡര്‍ കാലിടറി വീണതാണ് ഇന്ത്യയുടെ പരാജയത്തിന് കാരണം. രണ്ടാം മത്സരത്തില്‍ ടോപ് ഓര്‍ഡര്‍ അറിഞ്ഞുകളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് വമ്പന്‍ തിരിച്ചടിയാവും നേരിടേണ്ടി വരിക.
അതേസമയം, രണ്ടാം മത്സരവും ജയിച്ച് പരമ്പര നേടാനാവും സൗത്ത് ആഫ്രിക്കയും ശ്രമിക്കുക. മോശം ഫോമില്‍ തുടരുന്ന ഇന്ത്യയുടെ ബൗളിങ് ഡിപ്പാര്‍ട്‌മെന്റിനെ തച്ചുതകര്‍ക്കാന്‍ തന്നെയാവും ബാവുമയും സംഘവും ഇറങ്ങുക.
ക്വിന്റണ്‍ ഡി കോക്കും, ഡേവിഡ് മില്ലറും, ഹെന്റിച്ച് ക്ലാസനും അടങ്ങുന്ന ബാറ്റിങ് നിരയും കഗീസോ റബാദ, കേശവ് മഹാരാജ് എന്നിവര്‍ നേതൃത്വം നല്‍കുന്ന ബൗളിങ് നിരയും ഇന്ത്യയെ പരീക്ഷിക്കുമെന്നുറപ്പാണ്.