ഇന്ത്യക്ക് എളുപ്പമാകില്ല, കാരണം ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യമാണ് പാകിസ്ഥാന്റെ ഏറ്റവും വലിയ ശക്തി
Sports News
ഇന്ത്യക്ക് എളുപ്പമാകില്ല, കാരണം ഇന്ത്യയുടെ ഏറ്റവും വലിയ ദൗര്‍ബല്യമാണ് പാകിസ്ഥാന്റെ ഏറ്റവും വലിയ ശക്തി
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 3rd September 2022, 3:32 pm

വീണ്ടും ഒരു ഇന്ത്യ – പാക് മത്സരത്തിന് കൂടി കളമൊരുങ്ങുകയാണ്. ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. ഏഷ്യാ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയപ്പോള്‍ വിജയം ഇന്ത്യക്കൊപ്പമായിരുന്നു എന്ന വസ്തുത നിലനിര്‍ത്തിക്കൊണ്ടുതന്നെ പറയട്ടെ, അടുത്ത മത്സരം ഇന്ത്യക്ക് പണിയാവും.

കഴിഞ്ഞ മത്സരത്തിലെ പ്രകടനം മാത്രം അടിസ്ഥാനപ്പെടുത്തി പാകിസ്ഥാന്‍ എത്രത്തോളം അപകടകാരികളാണെന്ന കാര്യം വ്യക്തമാവുന്നതാണ്. ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ 155 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് പാകിസ്ഥാന്‍ സ്വന്തമാക്കിയത്. ടി-20 ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയ മാര്‍ജിനുകളില്‍ ഒന്നാണിത്.

ബൗളിങ് നിര തന്നെയായിരുന്നു പാകിസ്ഥാന്റെ ഏറ്റവും വലിയ ശക്തി. കേവലം 11 ഓവറിനിടെ, 38 റണ്‍സിന് ഹോങ്കോങ്ങിന്റെ പത്ത് വിക്കറ്റും പാക് ബൗളര്‍മാര്‍ എറിഞ്ഞിട്ടിരുന്നു. ഹോങ്കോങ് നിരയിലെ ഒരാളെ പോലും ഇരട്ടയക്കം കാണിക്കാതെയാണ് ഷദാബ് ഖാനും മുഹമ്മദ് നവാസും നസീം ഷായും ചേര്‍ന്ന് പുറത്താക്കിയത്.

 

ഇന്ത്യക്കെതിരായ മത്സരത്തില്‍ ആവേശ് ഖാന്‍, അര്‍ഷ്ദീപ് സിങ് എന്നിവരടക്കമുള്ള ബൗളിങ് നിരയെ ആക്രമിച്ചു കളിച്ച അതേ ബാറ്റര്‍മാരെയാണ് പാക് നിര വിറപ്പിച്ചത്. ഇന്ത്യക്കെതിരെ 41 റണ്‍സെടുത്ത ഹോങ്കോങ്ങിന്റെ ടോപ് സ്‌കോററായ ബാബര്‍ ഹയാത്തിനെ പൂജ്യത്തിനായിരുന്നു പാക് ബൗളര്‍മാര്‍ പുറത്താക്കിയത്.

മത്സരത്തില്‍ ഭുവനേശ്വര്‍ കുമാറാണ് പേസ് നിരയില്‍ ആശ്വാസകരമായ പ്രകടനം കാഴ്ചവെച്ചത്. എന്നാല്‍ പാക് നിരയിലെ ഓരോ ബൗളര്‍മാരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെച്ചത്.

തങ്ങളുടെ ഓരോ ട്രാന്‍സിഷന്‍ പിരീഡ് കഴിയുമ്പോളും മികച്ച ഫാസ്റ്റ് ബൗളേഴ്‌സിനെ വളര്‍ത്തിയെടുക്കാന്‍ പാകിസ്ഥാനാവുന്നുണ്ട് എന്നതാണ് ഏറ്റവും വലിയ വസ്തുത. വഖാര്‍ യൂനിസ്, ഇമ്രാന്‍ ഖാന്‍ പിന്നീടെത്തിയ ഷോയിബ് അക്തര്‍, ഇപ്പോഴത്തെ സൂപ്പര്‍ താരമായ ഷഹീന്‍ അഫ്രിദി മുതല്‍ യുവരക്തമായ നസീം ഷാ വരെ പാകിസ്ഥാന്റെ പേസര്‍മാര്‍ വേള്‍ഡ് ക്ലാസ് പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.

ഒന്നിന് പിറകെ ഒന്നായി പേസര്‍മാര്‍ ഉണ്ടാക്കിയെടുക്കുന്ന ഫാക്ടറിയായിട്ടാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പാക് പേസാക്രമണത്തിന്റെ കുന്തമുനയായ ഷഹീന്‍ ഷാ അഫ്രിദിയുടെ അഭാവത്തില്‍ പോലും പാകിസ്ഥാന് ഇത്രയും മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നുണ്ടെങ്കില്‍ ഈ ഡിസാസ്റ്ററസ് ഇലവനിലേക്ക് ഷഹീനും മുഹമ്മദ് വസീമും കൂടിയെത്തുമ്പോള്‍ ലോകകപ്പില്‍ പാകിസ്ഥാന്‍ വീണ്ടും ശക്തിയാര്‍ജിക്കുമെന്നുറപ്പാണ്.

ഇനി ഏഷ്യാ കപ്പിലേക്ക് തിരിച്ചുവരികയാണെങ്കില്‍ പാകിസ്ഥാന്റെ ശക്തി കേന്ദ്രമായ അതേ ബൗളിങ് ഡിപ്പാര്‍ട്‌മെന്റ് തന്നെയാണ് ഇന്ത്യയുടെ വീക്ക് ലെഗ്, ഹോങ്കോങ്ങിനെതിരായ മത്സരത്തില്‍ ഇന്ത്യ അത് തെളിയിച്ചതുമാണ്.

ഇതിനെല്ലാം പുറമെ അടുത്ത മത്സരത്തില്‍ ഇന്ത്യ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം തന്നെയായിരിക്കും. കാല്‍ മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം ഏഷ്യാ കപ്പില്‍ നിന്നും പുറത്തായിരിക്കുകയാണ്.

സ്റ്റാന്‍ഡ് ബൈ ആയി ടീമിനൊപ്പമുണ്ടായിരുന്ന അക്‌സര്‍ പട്ടേലാണ് ജഡേജയുടെ പകരക്കാരനയി ഇടം നേടിയിരിക്കുന്നത്.

ബാറ്റിങ്ങില്‍ ഇന്ത്യ ഇനിയും മികച്ച പ്രകടനം കാഴ്ചവെക്കേണ്ടിയിരിക്കുന്നു. ഏഷ്യാ കപ്പില്‍ ടെസ്റ്റും ഏകദിനവും മാറി മാറി കളിക്കുന്ന കെ.എല്‍. രാഹുലാണ് നിലവില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്രതിസന്ധി. രാഹുലിനോളം സെല്‍ഫിഷ് ആയ ക്രിക്കറ്ററെ അടുത്തൊന്നും കണ്ടിട്ടില്ലെന്നാണ് അദ്ദേഹത്തിനെതിരെ ഉയരുന്ന പ്രധാന വിമര്‍ശനം. രോഹിത്തും കോഹ്‌ലിയും പഴയ താളം ഇനിയും കണ്ടെത്തിയിട്ടില്ല.

ഹര്‍ദിക് പാണ്ഡ്യയാണ് നിലവില്‍ ഇന്ത്യക്ക് പ്രതീക്ഷ നല്‍കുന്ന ഏറ്റവും വലിയ ഘടകം. കഴിഞ്ഞ മത്സരത്തിലെ പ്രകടനം കണക്കിലെടുത്താല്‍ സൂര്യകുമാറും നിര്‍ണായകമാകും.

 

ബൗളിങ്ങിലേക്ക് തിരിച്ചുവന്നാല്‍ പേസിനെയും സ്പിന്നിനെയും ഒരുപോലെ തുണക്കുന്ന ദുബായ് പിച്ചില്‍ സ്പിന്നറായി ഉയര്‍ത്തിക്കാട്ടാനുള്ള ഏറ്റവും ബെസ്റ്റ് ഓപ്ഷന്‍ യുസ്വേന്ദ്ര ചഹലാണ്. സ്‌ക്വാഡിലെ രണ്ടാം പ്യുവര്‍ സ്പിന്നറാവട്ടെ ആര്‍. അശ്വിനുമാണ്.

ഇന്ത്യയുടെ ഡിപ്പന്‍ഡബിള്‍ സ്പിന്നര്‍മാരില്‍ ഒരാളായ ജഡ്ഡുവിപ്പോള്‍ പരിക്കേറ്റ് പുറത്തുമാണ്. അക്‌സര്‍ പട്ടേല്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നാല്‍ മാത്രമേ ഇന്ത്യക്ക് രക്ഷയുണ്ടാവൂ.

 

Content Highlight: India vs Pakistan, Asia Cup Super 4 Match