ലോകകപ്പിന് മുമ്പ് നടക്കാനിരുന്ന ഇന്ത്യയുടെ അവസാന സന്നാഹ മത്സരം ഉപേക്ഷിച്ചു. മത്സര വേദിയായ ഗാബയില്‍ മഴ പെയ്തതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ അവസാന സന്നാഹ മത്സരം ഉപേക്ഷിച്ചത്.
മഴ മാറുമെന്ന് കരുതി കാത്തിരുന്നെങ്കിലും ഒറ്റ പന്ത് പോലും എറിയാന്‍ സാധിക്കാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ലോകകപ്പിന് മുമ്പ് തന്നെ മൊമെന്റം നിലനിര്‍ത്താനൊരുങ്ങിയ ഇന്ത്യക്ക് ഈ മത്സരം ഉപേക്ഷിച്ചത് അത്ര കണ്ട് ഗുണകരമാവില്ല.
ഇതിന് മുമ്പ്, 17ാം തീയ്യതി ഓസ്‌ട്രേലിയക്കെതിരെ നടന്ന സന്നാഹ മത്സരത്തില്‍ ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ആറ് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം.
അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ 11 റണ്‍സ് വേണമെന്നിരിക്കെ നാല് റണ്‍സിന് ഒരു റണ്‍ ഔട്ടടക്കം നാല് വിക്കറ്റാണ് ഷമിയെറിഞ്ഞ 20ാം ഓവറില്‍ വീണത്.
ലോകകപ്പില്‍ മഴ വില്ലനായേക്കും എന്ന റിപ്പോര്‍ട്ടുകളും സജീവമായിരുന്നു. ഒക്ടോബര്‍ 23ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കാനിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരവും മഴയുടെ ഭീഷണിയിലാണ്.
അഥവാ മഴ പെയ്യുകയാണെങ്കില്‍ മറ്റൊരു തീയ്യതിയില്‍ നടത്തുന്നതിന് പകരം മത്സരം ഉപേക്ഷിക്കിക്കാന്‍ തന്നെയാവും സംഘാടകര്‍ ഒരുങ്ങുന്നത്. അങ്ങനെയെങ്കില്‍ ഓരോ പോയിന്റ് വീതം ഇരു ടീമിനും ലഭിക്കും.
അവസാന വാം അപ് മാച്ച് ഉപേക്ഷിച്ചത് ഇന്ത്യയെ മാത്രമല്ല, ഒക്ടോബര്‍ 22ന് ഓസീസിനെ നേരിടാനൊരുങ്ങുന്ന ന്യൂസിലാന്‍ഡിനെയും ബാധിച്ചേക്കാം.
ജസ്പ്രീത് ബുംറക്ക് പകരക്കാരനായി ഇന്ത്യന്‍ ടീമിലെത്തിയ മുഹമ്മദ് ഷമിക്ക് കൂടുതല്‍ മത്സരം കളിക്കാനുള്ള അവസരവും ഇന്നത്തെ മത്സരം ഉപേക്ഷിച്ചതോടെ നഷ്ടമായി. ലോകകപ്പിന് മുമ്പ് കൂടുതല്‍ മത്സരം കളിച്ച് സജ്ജനാവാനുള്ള ഷമിയുടെ ശ്രമങ്ങള്‍ക്കും ഇതോടെ തിരിച്ചടിയായി.
ഓസീസിനെതിരെ നടന്ന കഴിഞ്ഞ സന്നാഹ മത്സരത്തില്‍ ഒറ്റ ഓവര്‍ മാത്രമായിരുന്നു ഷമി എറിഞ്ഞത്. നാല് വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാന്‍ 11 വേണ്ടപ്പോള്‍ അവസാന ഓവര്‍ എറിയാനായിരുന്നു രോഹിത് ഷമിയെ നിയോഗിച്ചത്.
ഓവറിലെ ആദ്യ രണ്ട് പന്തിലും ഡബിള്‍ നേടിയ പാറ്റ് കമ്മിന്‍സിനെ മൂന്നാം പന്തില്‍ ബൗണ്ടറി ലൈനിന് സമീപം വിരാടിന്റെ കൈകളിലെത്തിച്ച് മടക്കിയ ഷമി, നാലാം പന്തില്‍ ആഷ്ടണ്‍ അഗറിനെ റണ്‍ ഔട്ടാക്കുകയായിരുന്നു.
അഞ്ചാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെയും കെയ്ന്‍ റിച്ചാര്‍ഡ്‌സണെയും ക്ലീന്‍ ബൗള്‍ഡാക്കിയ ഷമി ഇന്ത്യക്ക് ആറ് റണ്‍സിന്റെ വിജയം സമ്മാനിക്കുകയായിരുന്നു.
ന്യൂസിലാന്‍ഡിനെതിരെയും തിളങ്ങാനുറച്ച ഷമിക്ക് തിരിച്ചടിയായാണ് മത്സരം മഴ കൊണ്ടുപോയത്. ഒക്ടോബര്‍ 23ന് നടക്കുന്ന മത്സരത്തിനിടെ മഴ പെയ്യരുതേ എന്ന പ്രാര്‍ത്ഥനയിലാണ് ആരാധകര്‍.
Content Highlight: India vs New Zealand warm up match dropped due to rain