ജയ്പൂര്‍: ന്യൂസിലാന്റിനെതിരായ ആദ്യ ടി-20യില്‍ ജയത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. ന്യൂസിലാന്റ് ഉയര്‍ത്തിയ 165 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടക്കുകയായിരുന്നു.
62 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 48 റണ്‍സെടുത്ത രോഹിത് ശര്‍മയുമാണ് ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.
70 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്ടിലിന്റെയും 63 റണ്‍സ് നേടിയ മാര്‍ക്ക് ചാപ്മാന്റെയും പ്രകടനത്തിന്റെ ബലത്തിലാണ് കിവീസ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഒരു ഘട്ടത്തില്‍ വലിയ സ്‌കോറിലേക്ക് കുതിക്കുകയായിരുന്ന കിവീസിനെ അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ വരിഞ്ഞുമുറുക്കുകയായിരുന്നു.
18ാം ഓവര്‍ എറിയാനെത്തിയ ദീപക് ചഹാറിനെ ആദ്യ പന്തില്‍ തന്നെ സിക്‌സ് അടിച്ചാണ് ഗപ്ടില്‍ വരവേറ്റത്. സിക്‌സടിച്ച ശേഷം ഗപ്ടില്‍ ചഹാറിനെ രൂക്ഷമായി നോക്കുകയും ചെയ്തു.
തൊട്ടടുത്ത പന്തില്‍ ഗപ്ടിലിന്റെ വിക്കറ്റെടുത്തായിരുന്നു ചഹാര്‍ ഇതിന് മറുപടി നല്‍കിയത്. തീര്‍ന്നില്ല, ഗപ്ടിലിനുള്ള മറുപടിയെന്നോണം തിരിച്ചും രൂക്ഷമായി നോക്കിയാണ് ചഹാര്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.
ഇന്ത്യയ്ക്ക് വേണ്ടി അശ്വിനും ഭുവനേശ്വര്‍ കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദീപക് ചാഹറും മുഹമ്മദ് സിറാജും ഓരോ വിക്കറ്റ് സ്വന്തമാക്കി.