'മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ രണ്ടും എന്നേ തെറിച്ചേനെ, ഇന്ത്യയിലായതുകൊണ്ട് മാത്രം ടീമില്‍ നില്‍ക്കുന്നു'; വിമര്‍ശനം ശക്തം
Sports News
'മറ്റെവിടെയെങ്കിലും ആയിരുന്നെങ്കില്‍ രണ്ടും എന്നേ തെറിച്ചേനെ, ഇന്ത്യയിലായതുകൊണ്ട് മാത്രം ടീമില്‍ നില്‍ക്കുന്നു'; വിമര്‍ശനം ശക്തം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 29th January 2024, 6:38 pm

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ ശുഭ്മന്‍ ഗില്ലിനും ശ്രേയസ് അയ്യര്‍ക്കുമെതിരെ വിമര്‍ശനം ശക്തം.

ഇംഗ്ലണ്ടിനെതിരെയുള്ള ബാറ്റിങ്ങിന് പുറമെ ഇരുവരുടെയും സമീപകാല റെഡ് ബോള്‍ ഫോര്‍മാറ്റിലെ പ്രകടനങ്ങളും ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്.

 

 

ഇംഗ്ലണ്ടിനെതിരായ നിര്‍ണായകമായ രണ്ടാം ഇന്നിങ്‌സില്‍ ശുഭ്മന്‍ ഗില്‍ സില്‍വര്‍ ഡക്കായി മടങ്ങിയപ്പോള്‍ 31 പന്തില്‍ 13 റണ്‍സ് നേടിയാണ് അയ്യര്‍ പുറത്തായത്. ആദ്യ ഇന്നിങ്‌സില്‍ യഥാക്രമം 23ഉം 35ഉം റണ്‍സ് നേടിയാണ് ഇരുവരും പുറത്തായത്.

അവസാന 11 ഇന്നിങ്‌സിലെ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് അയ്യര്‍ ഹൈദരാബാദില്‍ ഇംഗ്ലണ്ടിനെതിരെ കുറിച്ചത്.

അവസാന 11 ഇന്നിങ്‌സില്‍ ഇരുവര്‍ക്കും ഒരു അര്‍ധ സെഞ്ച്വറി പോലും നേടാന്‍ സാധിച്ചിട്ടില്ല എന്നതും നിരവധി തവണ ഒറ്റയക്കത്തിന് പുറത്തായി എന്നതും ഇതോടൊപ്പം ചേര്‍ത്തുവായിക്കണമെന്ന് ആരാധകര്‍ പറയുന്നു.

അവസാന 11 ഇന്നിങ്‌സുകളിലെ ശ്രേയസ് അയ്യരിന്റെ പ്രകടനം : 4, 12, 0, 26, 0, 31, 6, 0, 4, 35, 13

അവസാന 11 ഇന്നിങ്‌സുകളിലെ ശുഭ്മന്‍ ഗില്ലിന്റെ പ്രകടനം : 13, 18, 6, 10, 29, 2, 26, 10, 36, 23, 0

പല മികച്ച താരങ്ങളും പുറത്ത് നില്‍ക്കവെയാണ് ഗില്ലും അയ്യരും ടീമില്‍ തുടരുന്നത് എന്ന വസ്തുത ഏറെ സങ്കടകരമാണെന്നും ആരാധകര്‍ പറയുന്നു.

ആദ്യ ടെസ്റ്റിലെ പാഠമുള്‍ക്കൊണ്ട് ഇന്ത്യ രണ്ടാം ടെസ്റ്റില്‍ ടീമില്‍ കാര്യമായ അഴിച്ചുപണികള്‍ നടത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശുഭ്മന്‍ ഗില്ലിന് പകരം വിരാട് കോഹ്‌ലിക്ക് പകരക്കാരനായി സ്‌ക്വാഡിന്റെ ഭാഗമായ കജത് പാടിദാറിന് ഇന്ത്യ ടെസ്റ്റ് ക്യാപ് നല്‍കിയേക്കും.

പരിക്കേറ്റ് പുറത്തായ കെ.എല്‍. രാഹുല്‍ രണ്ടാം മത്സരത്തില്‍ ഇല്ലാത്തതിനാല്‍ വിരാട് തിരിച്ചെത്തുന്നത് വരെയെങ്കിലും ഇന്ത്യ ശ്രേയസ് അയ്യരെ തന്നെ ആശ്രയിക്കേണ്ടി വന്നേക്കും. ഹൈദരാബാദില്‍ തിളങ്ങാന്‍ സാധിക്കാതെ പോയ അക്‌സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവും സിറാജിന് പകരം മുകേഷ് കുമാറിനെയും പരീക്ഷിക്കാനുള്ള സാധ്യതയും നിലവിലുണ്ട്.

ഫെബ്രുവരി രണ്ടിനാണ് ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ രണ്ടാം മത്സരം. വിശാഖപട്ടണത്തിലെ എ.സി.എ-വി.ഡി.സി.എ ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇംഗ്ലണ്ട് നിലവില്‍ 1-0ന് മുമ്പിലാണ്.

 

Content highlight: India vs England: Criticism against Shubhman Gill and Shreyas Iyer