280 ടെസ്റ്റ് വിക്കറ്റ് നേടിയ ജഡേജക്കും 500 തികയ്ക്കാന്‍ വേണ്ടത് ഒറ്റ വിക്കറ്റ്; അശ്വിനൊപ്പം അഞ്ഞൂറടിക്കാന്‍ ജഡ്ഡുവും
Sports News
280 ടെസ്റ്റ് വിക്കറ്റ് നേടിയ ജഡേജക്കും 500 തികയ്ക്കാന്‍ വേണ്ടത് ഒറ്റ വിക്കറ്റ്; അശ്വിനൊപ്പം അഞ്ഞൂറടിക്കാന്‍ ജഡ്ഡുവും
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 16th February 2024, 9:37 am

ഇന്ത്യ – ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തെരഞ്ഞെടുത്തിരിക്കുകയാണ്. ആദ്യ ദിനം കളി അവസാനിക്കുമ്പോള്‍ 326ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് തുടരുന്നത്.

രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവരുടെ സെഞ്ച്വറിയും അരങ്ങേറ്റക്കാരന്‍ സര്‍ഫറാസ് ഖാന്റെ അര്‍ധ സെഞ്ച്വറിയുമാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്.

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ അശ്വിനെ സംബന്ധിച്ച് ഈ മത്സരം ഏറെ നിര്‍ണായകമാണ്. ടെസ്റ്റ് ഫോര്‍മാറ്റില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കാന്‍ ഒറ്റ വിക്കറ്റ് കൂടിയാണ് അശ്വിന് ആവശ്യമുള്ളത്.

ഈ നേട്ടം സ്വന്തമാക്കിയാല്‍ ഏറ്റവും വേഗത്തില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കുന്ന രണ്ടാമത് താരം, ആദ്യ ഇന്ത്യന്‍ താരം, 500 വിക്കറ്റ് നേടുന്ന രണ്ടാമത് ഇന്ത്യന്‍ താരം തുടങ്ങി നിരവധി നേട്ടങ്ങളാണ് അശ്വിനെ കാത്തിരിക്കുന്നത്.

നിലവില്‍ ടെസ്റ്റ് ഫോര്‍മാറ്റില്‍ 280 വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജക്കും ഈ മത്സരത്തില്‍ 500 വിക്കറ്റ് പൂര്‍ത്തിയാക്കാനുള്ള അവസരമുണ്ട്. ഫസ്റ്റ് ക്ലാസ് ഫോര്‍മാറ്റില്‍ ഇതിനോടകം 499 വിക്കറ്റ് നേടിയ ജഡേജക്ക് ഇംഗ്ലണ്ടിനെതിരെ ഒറ്റ വിക്കറ്റ് കൂടി നേടിയാല്‍ കരിയര്‍ മൈല്‍സ്‌റ്റോണ്‍ മറികടക്കാം.

 

ഫസ്റ്റ് ക്ലാസിലെ 124 മത്സരത്തില്‍ നിന്നും 24.01 എന്ന ശരാശരിയിലും 58.0 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് ജഡേജ 499 വിക്കറ്റ് പൂര്‍ത്തിയാക്കിയത്. ഫസ്റ്റ് ക്ലാസില്‍ 31 തവണ അഞ്ച് വിക്കറ്റ് നേട്ടവും 22 തവണ നാല് വിക്കറ്റ് നേട്ടവും ഈ സൗരാഷ്ട്ര സൂപ്പര്‍ താരം സ്വന്തമാക്കിയിട്ടുണ്ട്.

അന്താരാഷ്ട്ര ടെസ്റ്റ് കരിയറില്‍ 66 മത്സരത്തില്‍ നിന്നും 280 വിക്കറ്റാണ് ജഡേജയുടെ പേരിലുള്ളത്. 24.46 എന്ന ശരാശരിയിലും 59.5 എന്ന സ്‌ട്രൈക്ക് റേറ്റിലും പന്തെറിയുന്ന ജഡേജയുടെ ഒരു ഇന്നിങ്‌സിലെ മികച്ച പ്രകടനം 42 റണ്‍സ് വഴങ്ങി ഏഴ് വിക്കറ്റ് വീഴ്ത്തിയതാണ്.

അന്താരാഷ്ട്ര കരിയറില്‍ 12 വീതം ഫോര്‍ഫറും ഫൈഫറും സ്വന്തമാക്കിയാണ് ജഡേജ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമാകുന്നത്.

മൂന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ ബൗളിങ് നിരയുടെ കുന്തമുനയായ ഇരുവര്‍ക്കും 500 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

Content Highlight: India vs England 3rd Test: Ravindra Jadeja need one wicket to complete 500 First Class wickets