ഉത്തരാഖണ്ഡിലെ കാട്ടുതീ നിയന്ത്രണ വിധേയമെന്ന് കേന്ദ്രസര്‍ക്കാര്‍
Daily News
ഉത്തരാഖണ്ഡിലെ കാട്ടുതീ നിയന്ത്രണ വിധേയമെന്ന് കേന്ദ്രസര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 2nd May 2016, 7:46 am

utharakhand forest fire2

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ ഒരാഴ്ചയായി തുടരുന്ന കാട്ടുതീ നിയന്ത്രണവിധേയമാക്കിയതായി കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. 75 ശതമാനത്തോളം പ്രദേശത്തെ തീയണക്കാന്‍ കഴിഞ്ഞതായി പുതുതായി പുറത്തെത്തിയ ഉപഗ്രഹചിത്രങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. നൈനിറ്റാള്‍,പുരി ജില്ലകളില്‍ പടരുന്ന കാട്ടുതീ അണക്കാന്‍ വ്യോമസേനയുടെ മൂന്നു ഹെലികോപ്റ്ററുകളാണ് എത്തിയിട്ടുള്ളത്.

അതേസമയം ഹിമാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഷിംലയിലേക്കും തീ പടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം ഉത്തരാഖണ്ഡിലെത്തിയിരുന്നു. കാടിന് തീയിട്ടതാണെന്ന സൂചനയെത്തുടര്‍ന്ന് നിരവധിപേരെ ഇതിനോടകം അറസ്റ്റ് ചെയിതിട്ടുണ്ട്. അതേസമയം സംഭവത്തെ കേന്ദ്ര സര്‍ക്കാരിനെതിരായ ആയുധമാക്കാനാണ് സംസ്ഥാന സര്‍ക്കാറിന്റെ നീക്കം. കാട്ടുതീയില്‍ ഇതിനോടകം ഏഴുപേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും 2269 ഹെക്ടര്‍ വനഭൂമി നശിക്കുകയും ചെയ്തിട്ടുണ്ട്.