കൊവിഡ് 19; മറ്റു രാജ്യക്കാര്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം
India
കൊവിഡ് 19; മറ്റു രാജ്യക്കാര്‍ക്ക് പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തി കേന്ദ്രം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 12th March 2020, 10:50 am

ന്യൂദല്‍ഹി: കൊവിഡ് 19 നെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചതിന് പിന്നാലെ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍. തിരഞ്ഞെടുത്ത വിഭാഗങ്ങള്‍ ഒഴികെയുള്ള എല്ലാ വിസകളും റദ്ദാക്കി. ഏപ്രില്‍ 15 വരെയുള്ള വിസകളാണ് റദ്ദാക്കിയിരിക്കുന്നത്.

നേരത്തെ കൊവിഡ് 19 ബാധ സ്ഥിരീകരിച്ച രാജ്യങ്ങള്‍ക്ക് മാത്രമായിരുന്നു വിലക്ക് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ആഗോള മഹാമാരിയായി പ്രഖ്യാപിച്ചതോടെയാണ് സര്‍ക്കാര്‍ നടപടി കടുപ്പിച്ചത്. വിസ വിലക്ക് വെള്ളിയാഴ്ച മുതല്‍ നിലവില്‍ വരും.

ഇതിന് പുറമെ അതിര്‍ത്തികള്‍ ഒരു മാസത്തേക്ക് അടച്ചിടാനും തീരുമാനമായി. എപ്പിഡെമിക് ഡിസീസ് ആക്റ്റ്, 1897 ലെ വ്യവസ്ഥകള്‍ നടപ്പാക്കാന്‍ എല്ലാ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിസ വിലക്ക് ഏര്‍പ്പെടുത്തിയതോടെ അടുത്ത ഒരു മാസത്തേക്ക് ഒരു വിദേശ വിനോദ സഞ്ചാരികള്‍ക്കും ഇന്ത്യയില്‍ പ്രവേശിക്കാന്‍ സാധിക്കില്ല.

അതേസമയം വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അന്താരാഷ്ട്ര തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഇന്ത്യ നോഡല്‍ ഓഫീസറെ നിയമിക്കും. നാളെ നടക്കാനിരുന്ന സംസ്ഥാന ധനമന്ത്രിമാരുമായി നടത്താനിരുന്ന ഫിനാന്‍സ് കമ്മിഷന്റെ യോഗം മാറ്റിവച്ചിട്ടുണ്ട്.

കൊവിഡ് 19 ലോകാരോഗ്യ സംഘടനയാണ് ആഗോള മഹാമാരിയായി പ്രഖ്യാപിച്ചത്. നൂറിലധികം രാജ്യങ്ങളില്‍ രോഗം പടര്‍ന്നു പിടിച്ച സാഹചര്യത്തിലാണ് പ്രഖ്യാപനം.

അത്യന്തം ആശങ്കാജനകമായ സാഹചര്യമാണ് ലോകത്തെന്ന് ലോകാരോഗ്യ സംഘടന വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ചൈനക്ക് പുറത്ത് രോഗവ്യാപനം അതിവേഗമാണ് സ്ംഭവിച്ചതെന്ന് ഇതില്‍ പറയുന്നു. രണ്ടാഴ്ചക്കിടെ രോഗികളുടെ എണ്ണത്തില്‍ 13 മടങ്ങ് വര്‍ധനവുണ്ടായെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

ലോകാരോഗ്യസംഘടനയുടെ കണക്ക് പ്രകാരം 1,21,500 പേര്‍ക്കാണ് ലോകമെമ്പാടും കൊവിഡ് 19 സ്ഥിരീകരിച്ചിട്ടുള്ളത്. ചൈനയില്‍ മാത്രം ഇതുവരെ 3000 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

ചൈന കഴിഞ്ഞാല്‍ ഇറ്റലിയിലാണ് കൊവിഡ് 19 ഏറ്റവും കൂടുതല്‍ വ്യാപിച്ചത്. 617 പേരാണ് ഇറ്റലിയില്‍ കൊവിഡ് 19 മൂലം മരിച്ചത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ