Sports News
ഒറ്റ ദിവസത്തില്‍ മൂന്ന് മത്സരം, മൂന്ന് അതിഗംഭീര ജയം; കഴിഞ്ഞുപോയത് ഏഷ്യന്‍ ടീമുകളുടെ ദിവസം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 13, 03:25 am
Thursday, 13th February 2025, 8:55 am

ക്രിക്കറ്റ് ആരാധകരെ ആവേശം കൊള്ളിച്ച ദിവസമായിരുന്നു കഴിഞ്ഞുപോയത്. മൂന്ന് തകര്‍പ്പന്‍ ഏകദിനങ്ങള്‍ക്കായിരുന്നു കഴിഞ്ഞ ദിവസം ക്രിക്കറ്റ് ആരാധകര്‍ സാക്ഷ്യം വഹിച്ചത്.

ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഡെഡ് റബ്ബര്‍ മത്സരം, ഓസ്‌ട്രേലിയ – ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം, ചാമ്പ്യന്‍സ് ട്രോഫിക്ക് മുമ്പുള്ള ട്രൈനേഷന്‍ സീരീസിലെ പാകിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക മത്സരം എന്നിവയായിരുന്നു കഴിഞ്ഞ ദിവസം നടന്നത്.

മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0ന് തൂത്തുവാരിയാണ് ആതിഥേയരായ ഇന്ത്യ ഇംഗ്ലണ്ടിനെ കെട്ടുകെട്ടിച്ചത്. കഴിഞ്ഞ ദിവസം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 142 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ആദ്യ രണ്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ മൂന്നാം മത്സരത്തിന് മുമ്പ് തന്നെ പരമ്പര സ്വന്തമാക്കിയിരുന്നു. പരമ്പര ക്ലീന്‍ സ്വീപ് ചെയ്യാനുറച്ച് കളത്തിലിറങ്ങിയ ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കുകയും ചെയ്തു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ 356ന് പുറത്തായി ശുഭ്മന്‍ ഗില്ലിന്റെ സെഞ്ച്വറിയും ശ്രേയസ് അയ്യര്‍, വിരാട് കോഹ്‌ലി എന്നിവരുടെ അര്‍ധ സെഞ്ച്വറികളുമാണ് ഇന്ത്യന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായത്.

ഗില്‍ 102 പന്തില്‍ 112 റണ്‍സ് അടിച്ചെടുത്തു. ശ്രേയസ് അയ്യര്‍ 64 പന്തില്‍ 78 റണ്‍സും വിരാട് കോഹ്‌ലി 55 പന്തില്‍ 52 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 214 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്.

ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് അടക്കമുള്ള സൂപ്പര്‍ താരങ്ങളുടെ അഭാവത്തിലിറങ്ങിയ ഓസ്‌ട്രേലിയയെയാണ് ലങ്ക സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുത്തിയത്. 49 റണ്‍സിനായിരുന്നു ലങ്കയുടെ വിജയം.

ക്യാപ്റ്റന്‍ ചരിത് അസലങ്കയുടെ സെഞ്ച്വറിയുടെയും സൂപ്പര്‍ താരം മഹീഷ് തീക്ഷണ ഫോര്‍ഫറിന്റെയും കരുത്തിലാണ് ലങ്ക വിജയം സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക 46 ഓവറില്‍ 214ന് പുറത്തായി. തൊട്ടതെല്ലാം പിഴച്ച് ലങ്ക പതറിയപ്പോള്‍ ക്യാപ്റ്റന്‍ ചരിത് അസലങ്കയുടെ ചെറുത്തുനില്‍പ്പ് ടീമിന് തുണയായി. 126 പന്ത് നേരിട്ട് 127 റണ്‍സ് നേടിയാണ് താരം പുറത്തായത്. 30 റണ്‍സ് നേടിയ ദുനിത് വെല്ലാലാഗെയാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 165 റണ്‍സിന് പുറത്തായി. 41 റണ്‍സടിച്ച അലക്‌സ് കാരിയാണ് ടോപ് സകോറര്‍.

ശ്രീലങ്കയ്ക്കായി മഹീഷ് തീക്ഷണ നാല് വിക്കറ്റുമായി മികച്ച പ്രകടനം നടത്തി.

കറാച്ചി നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന പാകിസ്ഥാന്‍ – സൗത്ത് ആഫ്രിക്ക മത്സരത്തില്‍ ആതിഥേയര്‍ പ്രോട്ടിയാസിനെ പരാജയപ്പെടുത്തി. ഹൈ സ്‌കോറിങ് ത്രില്ലറില്‍ ആറ് വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത സൗത്ത് ആഫ്രിക്ക നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 352 റണ്‍സ് നേടി.

ഹെന്‌റിക് ക്ലാസന്‍ (56 പന്തില്‍ 87), മാത്യൂ ബ്രീറ്റ്‌സ്‌കെ (84 പന്തില്‍ 83) ക്യാപ്റ്റന്‍ തെംബ ബാവുമ (96 പന്തില്‍ 82), കൈല്‍ വെരായ്‌നെ (32 പന്തില്‍ പുറത്താകാതെ 44) എന്നിവരുടെ കരുത്തിലാണ് പ്രോട്ടിയാസ് സ്‌കോര്‍ ഉയര്‍ത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ സല്‍മാന്‍ അലി ആഘയുടെയും ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാന്റെയും സെഞ്ച്വറി കരുത്തില്‍ അനായാസ വിജയം സ്വന്തമാക്കുകയായിരുന്നു.

ആഘാ സല്‍മാന്‍ 103 പന്തില്‍ 134 റണ്‍സ് നേടിയപ്പോള്‍ റിസ്വാന്‍ 128 പന്തില്‍ പുറത്താകാതെ 122 റണ്‍സും സ്വന്തമാക്കി.

ഈ വിജയത്തിന് പിന്നാലെ ട്രൈ നേഷന്‍ സീരിസിന്റെ ഫൈനലിനും ആതിഥേയര്‍ യോഗ്യത നേടി. വെള്ളിയാഴ്ചയാണ് ഫൈനല്‍. കറാച്ചിയില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.

 

 

Content Highlight: India, Sri Lanka and Pakistan wins the matches