ഒരു വൈഡെങ്കിലും എറിയാമായിരുന്നില്ലേ... ഒറ്റ റണ്‍സിന് നഷ്ടപ്പെട്ടത് റെക്കോഡ്; സൗത്ത് ആഫ്രിക്ക ചിരിക്കുന്നു
Sports News
ഒരു വൈഡെങ്കിലും എറിയാമായിരുന്നില്ലേ... ഒറ്റ റണ്‍സിന് നഷ്ടപ്പെട്ടത് റെക്കോഡ്; സൗത്ത് ആഫ്രിക്ക ചിരിക്കുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th September 2023, 9:10 am

കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നടന്ന ഇന്ത്യ – ഓസ്‌ട്രേലിയ പരമ്പരയിലെ രണ്ടാം ഏകദിനത്തില്‍ വെറും ഒറ്റ റണ്‍സിന് ഇന്ത്യക്ക് നഷ്ടമായത് തകര്‍പ്പന്‍ റെക്കോഡ്. മത്സരത്തില്‍ നിശ്ചിത അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 399 റണ്‍സാണ് ഇന്ത്യ നേടിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവുമധികം തവണ 400/400+ സ്‌കോര്‍ നേടിയ ടീമുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്താനുള്ള അവസരമാണ് ഇന്ത്യക്ക് നഷ്ടമായത്.

ആറ് തവണയാണ് ഇന്ത്യ ഏകദിനത്തില്‍ 400 റണ്‍സ് മാര്‍ക് പിന്നിട്ടത്. ഏഴ് തവണ ഈ നേട്ടം കൈവരിച്ച സൗത്ത് ആഫ്രിക്കയാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാര്‍. പത്ത് ദിവസം മുമ്പ് ഓസീസിനെതിരെ 416 റണ്‍സടിച്ചുകൂട്ടിയാണ് സൗത്ത് ആഫ്രിക്ക ഒന്നാം സ്ഥാനത്തെത്തിയത്. ഇന്‍ഡോര്‍ ഏകദിനത്തില്‍ ഒരു റണ്‍സ് കൂടി നേടാന്‍ സാധിച്ചിരുന്നെങ്കില്‍ ഇന്ത്യക്ക് പ്രോട്ടീസിനൊപ്പം പട്ടികയില്‍ വീണ്ടും ഒന്നാമതെത്താന്‍ സാധിക്കുമായിരുന്നു.

418/5 (vs വെസ്റ്റ് ഇന്‍ഡീസ് – 2011), 414/7 (vs ശ്രീലങ്ക – 2009), 413/5 (vs ബെര്‍മുഡ – 2007), 409/8 (vs ബംഗ്ലാദേശ് – 2022), 404/5 (vs ശ്രീലങ്ക – 2014), 401/3 (vs സൗത്ത് ആഫ്രിക്ക – 2010) എന്നിങ്ങനെയാണ് ഇന്ത്യയുടെ ഏകദിനത്തില്‍ 400+ സ്‌കോറുകള്‍.

ഇന്ത്യയും സൗത്ത് ആഫ്രിക്കയും അടക്കം ഏഴ് ടീമുകളാണ് ഇതുവരെ ഏകദിനത്തില്‍ 400 റണ്‍സ് മാര്‍ക് പിന്നിട്ടത്.

ഏകദിനത്തില്‍ ഏറ്റവുമധികം 400+ സ്‌കോര്‍ നേടിയ ടീമുകള്‍

സൗത്ത് ആഫ്രിക്ക – 7

ഇന്ത്യ – 6

ഇംഗ്ലണ്ട് – 5

ശ്രീലങ്ക – 2

ഓസ്ട്രേലിയ – 2

ന്യൂസിലാന്‍ഡ് – 1

സിംബാബ്‌വേ – 1

 

 

നേരത്തെ മൂന്ന് ടീമുകള്‍ 399 റണ്‍സ് വരെയെത്തിരുന്നു. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട്, പാകിസ്ഥാന്‍ എന്നിവരാണ് ചരിത്രനേട്ടത്തിന് തൊട്ടടുത്തെത്തിയിട്ടും വീണുപോയത്.

2010ലാണ് സൗത്ത് ആഫ്രിക്ക 399ല്‍ വീണത്. ബെനോനിയില്‍ നടന്ന മത്സരത്തില്‍ സിംബാബ്‌വേ ആയിരുന്നു എതിരാളികള്‍. ആറ് വര്‍ഷങ്ങള്‍ക്കിപ്പുറം ബ്ലോയംഫോണ്ടെയ്നില്‍ നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്കയോടാണ് ഇംഗ്ലണ്ട് 399ല്‍ പോരാട്ടം അവസാനിപ്പിച്ചത്.

2018 ജൂലൈ 20ന് ബുലവായില്‍ നടന്ന മത്സരത്തിലാണ് പാകിസ്ഥാന് സ്വപ്നനേട്ടം കയ്യകലത്ത് നിന്നും നഷ്ടമായത്. സിംബാബ്‌വേ ആയിരുന്നു എതിരാളികള്‍. ഫഖര്‍ സമാന്റെ ഇരട്ട സെഞ്ച്വറിയും (122 പന്തില്‍ 210*) ഇമാം ഉള്‍ ഹഖിന്റെ സെഞ്ച്വറിയും (122 പന്തില്‍ 113) ആസിഫ് അലിയുടെ വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയും (22 പന്തില്‍ 50*) ആണ് പാകിസ്ഥാനെ 399ലെത്തിച്ചത്. ഇക്കൂട്ടത്തിലേക്കാണ് ഇപ്പോള്‍ ഇന്ത്യയും എത്തിയിരിക്കുന്നത്.

ഇതിന് പുറമെ രണ്ട് ടീമുകള്‍ 398 റണ്‍സിനും 397 റണ്‍സിനും പുറത്തായിരുന്നു. ശ്രീലങ്കയും ന്യൂസിലാന്‍ഡും 398 റണ്‍സിന് പോരാട്ടമവസാനിപ്പിച്ചപ്പോള്‍ ഇംഗ്ലണ്ടിനും ന്യൂസിലാന്‍ഡിനുമാണ് 397ന് ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നത്.

അതേസമയം, ഓസീസിനെതിരെ നടന്ന രണ്ടാം ഏകദിനത്തിലും വിജയിച്ചതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കിയിരിക്കുകായണ്. ഡക്ക്‌വര്‍ത്ത്-ലൂയീസ്-സ്റ്റേണ്‍ നിയമപ്രകാരം 33 ഓവറില്‍ 317 റണ്‍സായി വിജയലക്ഷ്യം പുനര്‍നിര്‍ണയിച്ചിരുന്നു. എന്നാല്‍ 28.2 ഓവറില്‍ ഓസീസ് 217 റണ്‍സിന് ഓള്‍ ഔട്ടായിരുന്നു.

സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരം. സൗരാഷ്ട്രയാണ് വേദി.

 

Content highlight: India scored 399 runs in 50 overs against Australia