കേപ്ടൗണ്‍: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിന്റെ ഭീതിയില്‍ പര്യടനം റദ്ദാക്കരുതെന്ന് ഇന്ത്യയോട് അഭ്യര്‍ത്ഥിച്ച് സൗത്ത് ആഫ്രിക്ക. സൗത്ത് ആഫ്രിക്കയിലെത്തുന്നത് മുതല്‍ ‘ബയോ സെക്യൂര്‍ അന്തരീക്ഷത്തില്‍’ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും അവര്‍ അറിയിച്ചു.
ഒമിക്രോണ്‍ ഭീതി കാരണം പരമ്പര നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന പരമ്പര റദ്ദാക്കാനുള്ള നടപടികളിലേക്ക് കടക്കാതിരുന്ന ബി.സി.സി.ഐയെ സൗത്ത് ആഫ്രിക്കന്‍ വിദേശകാര്യമന്ത്രാലയമായ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഇന്റര്‍നാഷണല്‍ റിലേഷന്‍ ആന്റ് കോ-ഓപ്പറേഷന്‍ (ഡിര്‍കോ) അഭിനന്ദിച്ചു.
‘ടീമുകളുടെ സുരക്ഷയ്ക്കാവശ്യമായ എല്ലാ നടപടിക്രമങ്ങളും ഞങ്ങള്‍ സ്വീകരിക്കുന്നുണ്ട്. ഇരു ടീമുകളേയും പ്രത്യേകം ബയോ സെക്യൂര്‍ അന്തരീക്ഷത്തില്‍ തന്നെ നിലനിര്‍ത്തും.
ഇന്ത്യന്‍ എ ടീമിന്റെ പര്യടനം തുടരാനനുവദിച്ച ബി.സി.സി.ഐക്കും ഈയവസരത്തില്‍ നന്ദി പറയുന്നു. ഈ അവരത്തിലും ഞങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച ബി.സി.സി.ഐയെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല,’ഡിര്‍കോ പ്രസ്താവനയില്‍ പറഞ്ഞു.
നിലവിവല്‍ ഇന്ത്യന്‍ എ ടീം സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തുകയാണ്. ഇരുവരും തമ്മിലുള്ള രണ്ടാം അനൗദ്യോഗിക ടെസ്റ്റ് മത്സരം ചൊവ്വാഴ്ച ബോലംഫോണ്ടെനില്‍ വെച്ച് നടക്കും.
അടുത്തമാസം മുതലാണ് ആരാധകര്‍ ഏറെ കാത്തിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പര ആരംഭിക്കുന്നത്. ഡിസംബര്‍ 17 മുതല്‍ ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് ടെസ്റ്റുകളും മൂന്ന് ഏകദിനങ്ങളും നാല് ടി-20 മത്സരങ്ങളുമാണുള്ളത്. ഡിസംബര്‍ 9 മുതലായിരുന്നു ആദ്യം പരമ്പര തീരുമാനിച്ചിരുന്നത്. നിലവിലെ സാഹചര്യത്തില്‍ പരമ്പര നീട്ടുകയായിരുന്നു.
ജോഹനാസ്‌ബെര്‍ഗില്‍ വെച്ചാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ മത്സരം നടക്കുന്നത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ 26ന് സെഞ്ചൂറിയനില്‍ വെച്ചും മൂന്നാം ടെസ്റ്റ് ജനുവരി മൂന്നിന് കേപ്ടൗണില്‍ വെച്ചുമാണ് നടക്കുന്നത്.