ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലെ അവസാന ദിനം തുടക്കത്തിലേ ആധിപത്യം നേടി ഓസ്‌ട്രേലിയ. അവസാന ദിവസത്തിലെ ആദ്യ സെഷന്റെ ആദ്യ നിമിഷങ്ങളില്‍ തന്നെ വിരാട് കോഹ്‌ലിയെയും രവീന്ദ്ര ജഡേജയെയും പുറത്താക്കിയാണ് കമ്മിന്‍സും സംഘവും ഇന്ത്യക്ക് മേല്‍ പടര്‍ന്നുകയറിയത്.
അര്‍ധ സെഞ്ച്വറിക്ക് തൊട്ടടുത്ത് വെച്ചാണ് വിരാടിനെ ഇന്ത്യക്ക് നഷ്ടമാകുന്നത്. 78 പന്തില്‍ നിന്നും 49 റണ്‍സ് നേടി നില്‍ക്കവെയാണ് വിരാട് പുറത്താകുന്നത്. സ്‌കോട് ബോളണ്ട് എറിഞ്ഞ 47ാം ഓവറിലെ മൂന്നാം പന്തിലാണ് വിരാട് മടങ്ങിയത്.
വിരാടിന്റെ എക്കാലത്തേയും പേടി സ്വപ്‌നമായ സ്ലിപ് തന്നെയാണ് ഇത്തവണയും താരത്തെ ചതിച്ചത്. ബോളണ്ടിന്റെ ഡെലിവെറി ബാറ്റില്‍ എഡ്ജ് ചെയ്ത് സ്ലിപ്പിലുള്ള സ്റ്റീവ് സ്മിത്തിന് ക്യാച്ച് നല്‍കിയാണ് വിരാട് പുറത്താകുന്നത്.
ആ ഓവറില്‍ മറ്റൊരു വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു. സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ആണ് ഇന്ത്യക്ക് നഷ്ടമായത്. നേരിട്ട രണ്ടാം പന്തില്‍ തന്നെയായിരുന്നു ജഡ്ഡുവിന്റെ മടക്കം.
ബോളണ്ടിന്റെ ഫുള്ളറില്‍ എഡ്ജായി വിക്കറ്റ് കീപ്പര്‍ അലക്‌സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് താരം പുറത്തായത്. രണ്ട് പന്ത് നേരിട്ട് സില്‍വര്‍ ഡക്കായാണ് ജഡ്ഡുവിന്റെ മടക്കം. രണ്ടാം ഇന്നിങ്‌സില്‍ ബോളണ്ടിന്റെ മൂന്നാം വിക്കറ്റായാണ് ജഡേജ പുറത്താകുന്നത്.
അഞ്ചാം ദിവസം വമ്പന്‍ തിരിച്ചുവരവിനൊരുങ്ങിയ ഇന്ത്യക്ക് ഏര്‍ളി വിക്കറ്റുകള്‍ നഷ്ടമായത് ചില്ലറ ആഘാതമൊന്നുമല്ല സൃഷ്ടിച്ചിരിക്കുന്നത്. ആദ്യ ഇന്നിങ്‌സിലേതെന്ന പോലെ ലോവര്‍ മിഡില്‍ ഓര്‍ഡറിനെ ആശ്രയിച്ചായിരിക്കും ഇന്ത്യയുടെ മുന്നോട്ടുള്ള യാത്ര.
നാലാം ദിവസം ക്യാപ്റ്റന്‍ രോഹിത് ശര്‍മയടക്കം മൂന്ന് മുന്‍നിര വിക്കറ്റുകളും ഇന്ത്യക്ക് നാലാം ദിവസം തന്നെ നഷ്ടമായിരുന്നു. മികച്ച തുടക്കം നല്‍കിയ നായകന്‍ 60 പന്തില്‍ നിന്നും 43 റണ്‍സ് നേടി പുറത്തായപ്പോള്‍ ഗില്‍ 18 റണ്‍സിനും പൂജാര 27 റണ്‍സിനും പുറത്തായി.
നിലവില്‍ 48 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ അഞ്ച് വിക്കറ്റിന് 184 റണ്‍സ് എന്ന നിലയിലാണ്. ആറ് പന്തില്‍ നിന്നും നാല് റണ്‍സുമായി കെ.എസ്. ഭരത്തും 81 പന്തില്‍ നിന്നും 30 റണ്‍സുമായി അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍.
നിലവില്‍ 82 ഓവറില്‍ നിന്നും 260 റണ്‍സാണ് ഇന്ത്യക്ക് വിജയക്കാന്‍ ആവശ്യമുള്ളത്.
ടെസ്റ്റിന്റെ നാലാം ദിവസം ടീം സ്‌കോര്‍ 270ല്‍ നില്‍ക്കവെ പാറ്റ് കമ്മിന്‍സ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് മുമ്പില്‍ 444 റണ്‍സിന്റെ വിജയലക്ഷ്യവും കുറിക്കപ്പെട്ടു.
Content highlight: India lost early wickets in Day 5