Sports News
ഇന്ത്യയ്ക്ക് ഇരട്ടത്തിരിച്ചടി; സൂപ്പര്‍ താരം പുറത്ത്, ചാമ്പ്യന്‍സ് ട്രോഫിയും വെള്ളത്തിലാകുമോ?
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 12, 03:37 am
Sunday, 12th January 2025, 9:07 am

ക്രിക്കറ്റ് ലോകത്തെ പ്രധാന ടൂര്‍ണമെന്റായ ചാമ്പ്യന്‍സ് ട്രോഫി 2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 10 വരെയാണ് നടക്കുക. ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍.

ടൂര്‍ണമെന്റില്‍ കറാച്ചിയില്‍ വെച്ച് നടക്കുന്ന ഉദ്ഘാടനമത്സരത്തില്‍ പാകിസ്ഥാന്‍ ന്യൂസിലാന്‍ഡിനെ നേരിടും. രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശും ഇന്ത്യയും തമ്മിലുള്ള മത്സരം ദുബായില്‍ നടക്കും. ഇന്ത്യയുടെ രണ്ടാം മത്സരം പാകിസ്ഥാനുമായിട്ടാണ്. ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന മത്സരമാണിത്. ഫെബ്രുവരി 23നാണ് മത്സരം.

എന്നാല്‍ ടൂര്‍ണമെന്റിന് മുന്നോടിയായി ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഇന്ത്യയുടെ പ്രധാന പേസര്‍ ജസ്പ്രീത് ബുംറയ്ക്ക് ചാമ്പ്യന്‍സ് ട്രോഫിയുടെ ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെടുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങള്‍. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലെ അവസാന മത്സരത്തില്‍ പരിക്ക് മൂലം പുറത്തായിരുന്നു.

ഇതോടെ ചികിത്സയുടെ ഭാഗമായി ആദ്യ രണ്ട് മത്സരങ്ങള്‍ ബുംറയ്ക്ക് നഷ്ടപ്പെട്ടേക്കാം. മാത്രമല്ല പരിക്ക് കാരണം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള വൈറ്റ് ബോള്‍ പരമ്പരയില്‍ നിന്നും ബുംറ വിട്ടുനില്‍ക്കും. ചാമ്പ്യന്‍സ് ട്രോഫിയിലേക്കുള്ള തിരിച്ചുവരവിന് ബുംറയ്ക്ക് വിശ്രമം ആവശ്യമാണ്. ഇതോടെ ടീം വലിയ ആശയക്കുഴപ്പത്തിലാണ്. വരുന്ന ഇവന്റുകളില്‍ ബുംറയുടെ അഭാവം ഇന്ത്യയ്ക്ക് ഇരട്ടത്തിരിച്ചടിയാണ്.

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍, വേദി, തിയ്യതി എന്ന ക്രമത്തില്‍

ബംഗ്ലാദേശ് VS ഇന്ത്യ – ദുബായ് – 2025 ഫെബ്രുവരി 20, വ്യാഴം

പാകിസ്ഥാന്‍ VS ഇന്ത്യ – ദുബായ് – 2025 ഫെബ്രുവരി 23, ഞായര്‍

ന്യൂസിലാന്‍ VS ഇന്ത്യ – ദുബായ് – 2025 മാര്‍ച്ച് 2, ഞായര്‍

അതേസമയം ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ച് ടി-20കള്‍ക്കുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചിട്ടുണ്ട്. മലയാളി സൂപ്പര്‍ താരം ഓപ്പണിങ് സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. ജനുവരി 22 മുതല്‍ ഇംഗ്ലണ്ട് അഞ്ച് ടി-20യും മൂന്ന് ഏകദിനങ്ങളും കളിക്കും. ഫെബ്രുവരി 6, 9, 12 തീയതികളിലാണ് മൂന്ന് ഏകദിനങ്ങള്‍.

Content Highlight: India Have Big Setback In Champions Trophy 2025