Sports News
ഇന്ത്യയ്ക്ക് വമ്പന്‍ തിരിച്ചടി; കത്തിക്കേറി സിംബാബ്‌വേ
സ്പോര്‍ട്സ് ഡെസ്‌ക്
2024 Jul 06, 01:44 pm
Saturday, 6th July 2024, 7:14 pm

ഇന്ത്യയും സിംബാബ്‌വേയും തമ്മിലുള്ള ആദ്യ ടി-20 മത്സരം ഹരാരെ സ്‌പോര്‍ട് ക്ലബ്ബില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടോസ് നേടിയ ഇന്ത്യ ആദ്യം ഫീല്‍ഡ് തെരഞ്ഞടുക്കുകയായിരുന്നു. നിലവില്‍ ആദ്യ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ സിംബാബ്‌വേ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 115 റണ്‍സാണ് നേടിയത്. ഇന്ത്യയുടെ ശക്തമായ ബൗളിങ്ങിലാണ് സിംബാബ്‌വേ പതറിയത്.

എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് വമ്പന്‍ ബാറ്റിങ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ബ്രയാന്‍ ബെന്നറ്റിന്റെ ആദ്യ ഓവറിലെ നാലാം പന്തില്‍ അരങ്ങേറ്റക്കാരന്‍ അഭിഷേക് ശര്‍മ പൂജ്യം റണ്‍സിന് പുറത്താവുകയായിരുന്നു. പിന്നീട് മൂന്നാം ഓവറില്‍ ബ്ലെസിങ് മുസാറബാനി 7 റണ്‍സിന് റിതുരാജ് ഗെയ്ക്വാദിനെ പറഞ്ഞയച്ചതോടെ ഇന്ത്യ സമ്മര്‍ദത്തിലായി.

പിന്നീട് അരങ്ങേറ്റക്കാരനായ റിയാന്‍ പരാഗ് തെണ്ടായി ചതാരയുടെ പന്തില്‍ രണ്ട് റണ്‍സിനാണ് കൂടാരം കയറിയത്. പരാഗിന് പുറകെ സില്‍വര്‍ ഡക്കായാണ് റിങ്കു സിങ്ങിനെയും ചതാര പറഞ്ഞയച്ചത്. നിലവില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 22 പന്തില്‍ 24 റണ്‍സ് നേടി ക്രീസില്‍ തുടരുകയാണ്. ഒപ്പം അരങ്ങേറ്റക്കാരന്‍ ആയ ധ്രുവ് ജുറെലുമുണ്ട്. മത്സരം പുരോഗമിക്കുമ്പോള്‍ ഒമ്പത് ഓവറില്‍ 36 റണ്‍സിന് നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ.

ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വേ തകര്‍ന്നത് ഇന്ത്യന്‍ യുവ സ്പിന്‍ മാന്ത്രികന്‍ രവി ബിഷ്‌ണോയിയുടെ തകര്‍പ്പന്‍ പ്രകടനത്തിലാണ്. നാല് ഓവറില്‍ രണ്ട് മെയ്ഡന്‍ അടക്കം 13 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. മുകേഷ് കുമാര്‍ മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി ഒരു വിക്കറ്റ് നേടിയപ്പോള്‍ ആവേശ് ഖാന്‍ 29 റണ്‍സ് വഴങ്ങിയാണ് ഒരു വിക്കറ്റ് നേടിയത്. വാഷിങ്ടണ്‍ സുന്ദര്‍ 11 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടിയത് 2.75 എന്ന കിടിലന്‍ എക്കണോമിയിലാണ്.

തുടക്കത്തില്‍ ഇന്നസന്റ് കയിയയെ ഗോള്‍ഡന്‍ ഡക്കില്‍ മുകേഷ് കുമാര്‍പുറത്താക്കിയപ്പോള്‍ 22 റണ്‍സ് നേടിയ ബ്രയാന്‍ ബെന്നറ്റിനെ സ്പിന്നര്‍ രവി ബിഷ്‌ണോയിയും പുറത്താക്കി. സ്‌ട്രൈക്ക് ചെയ്ത വെസ്ലെയ് മധവെരെയുടെവിക്കറ്റും ബിഷ്‌ണോയ് നേടിയതോടെ ടീം സമ്മര്‍ദത്തിലാകുകയായിരുന്നു.

പിന്നീട് ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയെയും ബിഷ്‌ണോയി 17 റണ്‍സിന് കൂടാരം കയറ്റി. 23 റണ്‍സ് നേടിയ ഡിയോണ്‍ മൈര്‍സിനെയും പൂജ്യം റണ്‍സിന് റണ്‍ ഔട്ടിലൂടെ ജൊനാഥന്‍ കാമ്പെല്ലിനേയും വാഷിങ്ടണ്‍ പുറത്താക്കുകയായിരുന്നു. സിംബാബ്‌വേയ്ക്ക് വേണ്ടി 29 റണ്‍സ് നേടി ക്ലൈവ് മദാന്‌ഡെയാണ് ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയത്.

 

Content Highlight: India Have Big Set Back Against Zimbabwe