പ്രതിപക്ഷത്തിരിക്കുമെന്ന് പറയുമ്പോഴും നിര്‍ണായക ശക്തികളുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യമുന്നണി നേതാക്കള്‍
national news
പ്രതിപക്ഷത്തിരിക്കുമെന്ന് പറയുമ്പോഴും നിര്‍ണായക ശക്തികളുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യമുന്നണി നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 6th June 2024, 7:58 am

ന്യൂദല്‍ഹി: ശക്തമായ പ്രതിപക്ഷമായി പാര്‍ലമെന്റിലുണ്ടാകുമെന്ന് പറയുമ്പോഴും എന്‍.ഡി.എയിലെ നിര്‍ണായക ഘടകകക്ഷികളുമായി ആശയവിനിമയം തുടര്‍ന്ന് ഇന്ത്യമുന്നണി നേതാക്കള്‍. സര്‍ക്കാര്‍ രൂപീകരിക്കാന്‍ എന്‍.ഡി.എയില്‍ നിര്‍ണായക ശക്തികളായി നിലനില്‍ക്കുന്ന ചന്ദ്രബാബു നായിഡു, നിതീഷ് കുമാര്‍ എന്നിവരുമായി ഇന്ത്യമുന്നണയില്‍ പെട്ട നേതാക്കള്‍ കൂടിക്കാഴ്ചകളും ആശയവിനിമയും തുടരുന്നുണ്ട്.

കഴിഞ്ഞ ദിവസം ഇന്ത്യ മുന്നണി യോഗം കഴിഞ്ഞ് ദല്‍ഹിയില്‍ നിന്ന് മടങ്ങുമ്പോള്‍ എയര്‍പോര്‍ട്ടില്‍ വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തേജസ്വി യാദവ് യോഗത്തിനായി ദല്‍ഹിയിലെത്തിയത് പോലും നിതീഷ് കുമാറിനൊപ്പം ഒരേ വിമാനത്തിലാണ്.

ചന്ദ്രബാബു നായിഡുമായി കൂടിക്കാഴ്ച നടത്തിയതിന്റെ വിവരങ്ങള്‍ സ്റ്റാലിന്‍ തന്നെയാണ് സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. കലൈഞ്ജറുടെ ദീര്‍ഘകാല സുഹൃത്താണ് ചന്ദ്രബാബു നായിഡുവെന്നും അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നതായും സ്റ്റാലിന്‍ പറഞ്ഞു.

തമിഴ്‌നാടും ആന്ധ്രപ്രദേശും തമ്മിലുള്ള സൗഹാര്‍ദം ശക്തിപ്പെടുത്താന്‍ ഇരുവരും ശ്രമിക്കുമെന്നും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാരില്‍ നിര്‍ണായക സ്വാധീനമാകാന്‍ അദ്ദേഹത്തിന് സാധിക്കട്ടെ എന്നും സ്റ്റാലിന്‍ പറഞ്ഞു.

അതേസമയം എന്‍.ഡി.എയില്‍ തന്നെ ഉറച്ചുനില്‍ക്കാനാണ് നിലവില്‍ ചന്ദ്രബാബു നായിഡുവിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ടുകള്‍. ലോക്‌സഭ സ്പീക്കര്‍ സ്ഥാനം, മൂന്ന് കാബിനറ്റ് മന്ത്രിമാര്‍, രണ്ട് സഹമന്ത്രിമാര്‍ എന്നിവയും അദ്ദേഹം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. നിതീഷ് കുമാറും മൂന്ന് കാബിനറ്റ് മന്ത്രിമാരെയും രണ്ട് സഹമന്ത്രിമാരെയും ആവശ്യപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല ഇരവരും അവരവരുടെ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകപദവിയും ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ സാഹചര്യത്തില്‍ ഇന്ത്യമുന്നണി ശക്തമായ പ്രതിപക്ഷമായി നിലകൊള്ളുമെന്നാണ് കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ നടന്ന യോഗത്തില്‍ തീരുമാനമെടുത്തിട്ടുള്ളത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഉചിതയമായ സമയത്ത് തീരുമാനമെടുക്കുമെന്നും യോഗത്തിന് ശേഷം തീരുമാനമെടുത്തിട്ടുണ്ട്.

content highlights: India Front leaders met with crucial forces even as they said they would be in the opposition