ബര്‍മിംഗ്ഹാം: കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി ഒരു പരിഹാരം കണ്ടെത്തണമെന്ന് ബ്രിട്ടീഷ് ലേബര്‍പാര്‍ട്ടി നേതാവ് ജെര്‍മി കോര്‍ബിന്‍.
ഡിസംബര്‍ 12ന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായി ബര്‍മിംഗ്ഹാമിലെ ജിയോ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു കശ്മീര്‍ വിഷയത്തില്‍ കോര്‍ബിന്‍ പ്രതികരണം നടത്തിയത്.
കശ്മീരില്‍ നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശലംഘനങ്ങളെക്കുറിച്ചും മാധ്യമ വിലക്കിനെക്കുറിച്ചമുള്ള അവതാരകന്റെ ചോദ്യത്തിന് നന്ദി പറഞ്ഞുകൊണ്ടാണ് അദ്ദേഹം വിഷയത്തില്‍ പ്രതികരിച്ചത്, ” താങ്കളുടെ
ഈ ചോദ്യത്തിന് നന്ദി” എന്നാണ് കോര്‍ബിന്‍ പറഞ്ഞത്.
”കശ്മീരില്‍ താമസിക്കുന്ന ജനങ്ങളുടെ അവകാശങ്ങള്‍ മുന്‍നിര്‍ത്തി സുസ്ഥിരമായ സമാധാനം നിലനിര്‍ത്താന്‍ ഇന്ത്യയും പാക്കിസ്ഥാനും ഈ വിഷയം അഭിസംബോധനചെയ്യണം”- അദ്ദേഹം പറഞ്ഞു.
”കാലാകാലം കശ്മീരില്‍ നടക്കുന്ന ദുരിതവും പിരിമുറുക്കവും മനുഷ്യാവകാശ പ്രശ്നങ്ങളും അനുഭവിച്ച് നമുക്ക് പോകാന്‍ കഴിയില്ല. കുറേവര്‍ഷം ഈ വിഷയത്തെക്കുറിച്ച് പഠിച്ച വ്യക്തി എന്ന നിലയില്‍ അവിടെയുള്ള ആളുകള്‍ക്ക് ഞാന്‍ ഒരു സുഹൃത്തായിരിക്കുമെന്ന ഉറപ്പ് നല്‍കുന്നു”- അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയെ പിന്തുണയ്ക്കുന്ന ഒരു കൂട്ടം ആളുകള്‍ ലേബര്‍ പാര്‍ട്ടിക്കെതിരെ നടത്തുന്ന വിദ്വേഷ പ്രചാരണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ബ്രിട്ടീഷ് ജനതയോട് വിവേകപൂര്‍ണ്ണമായ തീരുമാനമെടുക്കാന്‍ കോര്‍ബിന്‍ ആഹ്വാനം ചെയ്തു.
ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി.ജെ.പി (ഒ.ബി.ജെ.പി) ഗ്രൂപ്പ് ഈ വര്‍ഷം ആദ്യം കശ്മീരിലെ ജനങ്ങളെ പിന്തുണച്ച 50 ലേബര്‍ എം.പിമാരെ പരസ്യമായി എതിര്‍ക്കുകയും ബ്രിട്ടീഷ് ഇന്ത്യക്കാരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വോട്ടുചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്തിരുന്നു.
ജനങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രകടന പത്രികകളും നയങ്ങളും പരിഗണിക്കണം.
നയങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ വോട്ട് ചെയ്യുന്നതിനെക്കുറിച്ച് തീരുമാനമെടുക്ക
ണമെന്നും അദ്ദേഹം പറഞ്ഞു.
” സാമുദായികാടിസ്ഥാനത്തില്‍ ഒരു രാഷ്ട്രീയ വേര്‍തിരിവ് ഉണ്ടാക്കണമെന്ന് ഞാന്‍ കരുതുന്നില്ല. ജനങ്ങളെ ഒരുമിച്ച് നിര്‍ത്താനുള്ള രാഷ്ട്രീയ ഐക്യമാണ് ആവശ്യം” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവര്‍ (ജനങ്ങള്‍) ഞങ്ങളുടെ പ്രകടന പത്രിക പരിഗണിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. വിദ്യാഭ്യാസത്തിലും ഭവന നിര്‍മ്മാണത്തിലും ഞങ്ങള്‍ നിക്ഷേപം കൊണ്ടുവരും. പ്രത്യേകിച്ചും ചെറുകിട, ഇടത്തരം സംരംഭങ്ങളെ നിക്ഷേപങ്ങളിലൂടെയും സഹായധനത്തിലൂടെയും ഞങ്ങള്‍ പിന്തുണയ്ക്കും, ”അദ്ദേഹം അഭിപ്രായപ്പെട്ടു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ലേബര്‍പാര്‍ട്ടി 53 ശതമാനം സ്ത്രീകളെ സ്ഥാനാര്‍ഥികളിയായി നിര്‍ത്തുന്നുണ്ട്. ബ്രിട്ടീഷ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്.
തെരഞ്ഞെടുപ്പില്‍ അധികാരത്തിലേറുകയാണെങ്കില്‍ 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് സര്‍ക്കാരിനുവേണ്ടി ഔപചാരികമായി ക്ഷമാപണം നടത്താമെന്നും 1984 ലെ ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ ബ്രിട്ടന്റെ പങ്കിനെക്കുറിച്ച് പരിശോധിക്കുമെന്നും കോര്‍ബിന്‍ വ്യക്തമാക്കിയിരുന്നു.
107 പേജുള്ള പ്രകടന പത്രികയില്‍ ”കശ്മീര്‍ ഉള്‍പ്പെടെയുള്ള ലോകത്തിലെ ഏറ്റവും വലിയ മാനുഷിക പ്രതിസന്ധികള്‍” എന്ന് വിളിക്കുന്ന വിഷയങ്ങളില്‍ ക്രിയാത്മക പങ്ക് വഹിക്കുന്നതില്‍ കണ്‍സര്‍വേറ്റീവ് പറഞ്ഞിരുന്നു. പക്ഷേ, പ്രകടന പത്രികയില്‍ കശ്മീരിനെക്കുറിച്ചുള്ള വീക്ഷണത്തെക്കുറിച്ച് ലേബര്‍ പാര്‍ട്ടി വിശദീകരിച്ചിട്ടുണ്ടായിരുന്നില്ല.