national news
ഇ.വി.എമ്മിനെതിരായ എലോണ്‍ മസ്‌കിന്റെ പ്രസ്താവന; തെരഞ്ഞെടുപ്പ് ബാലറ്റ് പേപ്പറില്‍ നടത്തണമെന്ന് അഖിലേഷ് യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Jun 16, 04:30 pm
Sunday, 16th June 2024, 10:00 pm

ന്യൂദല്‍ഹി: വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന എലോണ്‍ മസ്‌കിന്റെ പ്രസ്താവന ഏറ്റെടുത്ത് ഇന്ത്യാ മുന്നണി. രാഹുല്‍ ഗാന്ധിക്ക് പിന്നാലെ സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവും രംഗത്തെത്തി.

ലോകത്തെ പ്രമുഖരായ സാങ്കേതിക വിദഗ്ധര്‍ പോലും ഇ.വി.എമ്മില്‍ ക്രമക്കേട് സാധ്യമാണെന്ന് പറയുമ്പോഴും എന്തിനാണ് ഇ.വി.എം അടിച്ചേല്‍പ്പിക്കുന്നതെന്ന് ബി.ജെ.പി മറുപടി നല്‍കണമെന്നും അഖിലേഷ് യാദവ് പറഞ്ഞു.

ഇന്ത്യയിലെ ഇ.വി.എമ്മുകള്‍ ഒരു ബ്ലാക്ക് ബോക്സാണെന്ന് കോൺ​ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞ്. ഈ വോട്ടിങ് മെഷിനുകളെ വിലയിരുത്താനോ പരിശോധിക്കാനോ ആര്‍ക്കും കഴിയില്ലെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.

രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രക്രിയയിലെ സുതാര്യതയെക്കുറിച്ച് ഗുരുതരമായ ആശങ്കകള്‍ ഉയര്‍ന്നുവരുന്നതായും രാഹുല്‍ ഗാന്ധി ചൂണ്ടിക്കാട്ടി. സ്ഥാപനങ്ങള്‍ക്ക് ഉത്തരവാദിത്തം ഇല്ലാതാകുമ്പോള്‍ ജനാധിപത്യം കപടമായും വഞ്ചനയ്ക്ക് ഇരയായും അവസാനിക്കുമെന്നും രാഹുല്‍ പറഞ്ഞു.

‘സണ്‍ഡേ മിഡ് ഡേ’ എന്ന പത്രത്തിലെ ഇ.വി.എമ്മുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത പങ്കുവെച്ചുകൊണ്ടാണ് രാഹുലിന്റെ പ്രതികരണം. മഹാരാഷ്ടയിലെ ലോക്‌സഭാ മണ്ഡലമായ പടിഞ്ഞാറന്‍ മുംബൈയില്‍ 48 വോട്ടുകള്‍ക്ക് വിജയിച്ച ശിവസേന ഷിന്‍ഡെ വിഭാഗം നേതാവ് രവീന്ദ്ര വൈക്കറുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് രാഹുല്‍ പങ്കുവെച്ചത്.

വൈക്കറിന്റെ ബന്ധുവായ മങ്കേഷ് വസന്ത് പോളിങ് സ്റ്റേഷനില്‍ മൊബൈലുമായി എത്തിയെന്നായിരുന്നു ആരോപണം. പിന്നീട് ഈ ഫോണ്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ചുമലത നിര്‍വഹിച്ചിരുന്ന ദിനേശ് ഗുരുവിന് കൈമാറിയെന്നും പറയുന്നു. നിലവില്‍ മങ്കേഷ് വസന്തിനെതിരെയും ദിനേശിനെതിരെയും പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: INDIA Allies Latch On To Elon Musk’s Remarks To Make ‘EVM Tampering’ Point