Advertisement
national news
കര്‍ഷക സമരത്തെക്കുറിച്ച് ചര്‍ച്ച; ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ച് കേന്ദ്ര സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Mar 09, 04:12 pm
Tuesday, 9th March 2021, 9:42 pm

ന്യൂദല്‍ഹി: കര്‍ഷക സമരത്തെക്കുറിച്ച് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ചര്‍ച്ച സംഘടിപ്പിച്ചതിനെതിരെ ഇന്ത്യ. ബ്രിട്ടീഷ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധം അറിയിച്ചത്.

വിദേശകാര്യ സെക്രട്ടറി വി ശ്രിംഗ്‌ളയാണ് ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ അലക്‌സ് ഡബ്ലിയു. എല്ലിസിനെ വിളിച്ചുവരുത്തി വിമര്‍ശിച്ചത്.

”അനാവശ്യവും പക്ഷാപാത”പരവുമായ ചര്‍ച്ച നടത്തിയത് തെറ്റായെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വിമര്‍ശനം.

‘മറ്റൊരു ജനാധിപത്യ രാജ്യത്തെ രാഷ്ട്രീയ കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടലാണ് നടന്നതെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. മറ്റൊരു രാജ്യത്തെ നടക്കുന്ന സംഭവങ്ങളെ തെറ്റായി വ്യാഖ്യാനിച്ച് വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നതില്‍ നിന്ന് ബ്രിട്ടീഷ് എം. പിമാര്‍ മാറി നില്‍ക്കേണ്ടതാണെന്നും ഇന്ത്യ ആവശ്യപ്പെട്ടു,’ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

രാജ്യത്ത് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്നവരുടെ സുരക്ഷിതത്വത്തെയും മാധ്യമസ്വാതന്ത്ര്യത്തെയും കുറിച്ച് ബ്രിട്ടീഷ് എം.പിമാര്‍ ചര്‍ച്ച നടത്തിയതില്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അപലപിക്കുകയും ചെയ്തിട്ടുണ്ട്.

ഇന്ത്യന്‍ വംശജനും മൈദന്‍ഹെഡ് ലിബറല്‍ ഡെമോക്രാറ്റ് നേതാവുമായ ഗുര്‍ച് സിംഗ് നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ചര്‍ച്ച തിങ്കളാഴ്ച ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സംഘടിപ്പിച്ചത്.

ഒരു ലക്ഷത്തിലധികം യു. കെ നിവാസികളായിരുന്നു അപേക്ഷയില്‍ ഒപ്പുവെച്ചത്. ലേബര്‍ പാര്‍ട്ടി, ലിബറല്‍ ഡെമോക്രാറ്റ്‌സ്, ദ സ്‌കോട്ടിഷ് പാര്‍ട്ടി എന്നിവയുടെ എം.പിമാര്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: India advises British MPs after debate on farm laws