ടി-20 ലോകകപ്പിലെ ഇന്ത്യ അമേരിക്ക മത്സരത്തിനാണ് കളമൊരുങ്ങുന്നത്. ഗ്രൂപ്പ് എ-യില്‍ പരാജയമറിയാത്ത രണ്ട് ടീമുകള്‍ തമ്മിലുള്ള ക്ലാസിക് പോരാട്ടത്തിനാണ് ന്യൂയോര്‍ക് വേദിയാകുന്നത്.
ആദ്യ മത്സരത്തില്‍ അയര്‍ലന്‍ഡിനെയും രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെയും പരാജയപ്പെടുത്തി ഇന്ത്യയിറങ്ങുമ്പോള്‍ കാനഡക്കൊപ്പം മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാനെ തകര്‍ത്തതിന്റെ ആവേശത്തിലാണ് യു.എസ്.എ.
ആതിഥേയരെന്ന പ്രിവിലേജില്‍ ലോകകപ്പ് കളിക്കുന്നവര്‍ എന്ന പരിഹാസങ്ങളില്‍ തളരാതെ മിക്ക ഫുള്‍ മെമ്പര്‍ ടീമുകളേക്കാളും ഈ ലോകകപ്പ് കളിക്കാന്‍ തങ്ങള്‍ യോഗ്യരാണെന്ന് തങ്ങളുടെ കളിമികവിലൂടെ തെളിയിച്ചുകൊണ്ടാണ് അമേരിക്ക തിളങ്ങുന്നത്.
ന്യൂയോര്‍ക്, ഈസ്റ്റ് മെഡോയിലെ നാസൗ കൗണ്ടി അന്താരാഷ്ട്ര ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഈ മാച്ചില്‍ വിജയിക്കുന്നവര്‍ക്ക് മുമ്പോട്ട് കുതിക്കാന്‍ സാധിക്കുമെന്നതിനാല്‍ വിജയം മാത്രമാണ് ഇരുവരും ലക്ഷ്യമിടുന്നത്.
ഇപ്പോള്‍ ഈ മത്സരത്തെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് അമേരിക്കന്‍ സൂപ്പര്‍ താരം ഹര്‍മീത് സിങ്. നേരത്തെ ഇന്ത്യക്കായി അണ്ടര്‍ 19ല്‍ കളിച്ച താരമാണ് ഹര്‍മീത്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെ മത്സരങ്ങള്‍ കണ്ടാണ് താന്‍ വളര്‍ന്നതെന്നും ഇന്ത്യന്‍ സൂപ്പര്‍ താരങ്ങളായ കുല്‍ദീപ് യാദവിനൊപ്പവും സഞ്ജു സാംസണൊപ്പവും കളിച്ചതിനെ കുറിച്ചും സിങ് പറയുന്നു.
സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഹര്‍മീത് സിങ് ഇക്കാര്യം പറയുന്നത്.
‘രോഹിത് ശര്‍മയുടെ മത്സരങ്ങള്‍ കണ്ടാണ് ഞാന്‍ വളര്‍ന്നത്. രോഹിത് എന്റെ സ്‌കൂളില്‍ പഠിച്ചവനാണ്. ഞാന്‍ സഞ്ജു സാംസണിനൊപ്പവും കുല്‍ദീപ് യാദവിനൊപ്പവും അണ്ടര്‍ 19ടീമില്‍ ഇന്ത്യക്ക് വേണ്ടി കളിച്ചവനാണ്. അക്‌സര്‍ പട്ടേലിനൊപ്പവും ഞാന്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഇവരെ ഒരിക്കല്‍ക്കൂടി കണ്ടുമുട്ടുന്നതും ഇവര്‍ക്കൊപ്പം കളിക്കുന്നതും ഏറെ രസകരമായിരിക്കും,’ സിങ് പറഞ്ഞു.
രോഹിത് ശര്‍മക്കൊപ്പം ടോസിങ്ങിനിറങ്ങുന്നത് സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നത് പോലെയാണ് എന്നാണ് അമേരിക്കന്‍ നായകന്‍ മോനാങ്ക് പട്ടേല്‍ പറഞ്ഞത്.
‘ഇത്തരത്തിലുള്ള ഓരോ കാര്യങ്ങളാണ് സ്വപ്‌നം കാണുന്നത്, അപ്പോള്‍ വളരെ പെട്ടെന്ന് രോഹിത് ശര്‍മക്കൊപ്പം ഒരു മത്സരത്തിന്റെ ടോസിങ്ങില്‍ പങ്കാളിയാകുന്നു! ഇതൊരിക്കലും വിശ്വസാക്കാന്‍ സാധിക്കുന്ന ഒന്നല്ല.
ഇതൊരു ഹൈ പ്രഷര്‍ ഗെയിം ആകുമെന്ന കാര്യത്തില്‍ സംശയമില്ല. ഈ നിമിഷം മുതല്‍ ചിന്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഞങ്ങള്‍ക്ക് മികച്ച ക്രിക്കറ്റ് കളിക്കണം, ഞങ്ങള്‍ക്ക് എല്ലാ ടീമുകള്‍ക്കെതിരെയും കളിക്കണം,’ സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ മോനങ്ക് പട്ടേല്‍ പറഞ്ഞു.
എന്നാല്‍ മോനാങ്ക് പട്ടേലോ സഞ്ജു സാംസണോ കുല്‍ദീപ് യാദവോ മത്സരത്തില്‍ കളിക്കുന്നില്ല. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയാണ് ഇന്ത്യ കളത്തിലിറക്കുന്നത്. തോളിന് പരിക്കേറ്റതിനാല്‍ മോനങ്ക് പട്ടേലിന് പകരം ആരോണ്‍ ജോണ്‍സാണ് അമേരിക്കയെ നയിക്കുന്നത്.