ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് വന്‍ തിരിച്ചടി. ക്യാപ്റ്റനും സൂപ്പര്‍ താരവുമായ സൂര്യകുമാര്‍ യാദവിന്റെ പരിക്കാണ് ഇന്ത്യന്‍ ക്യാമ്പില്‍ ആശങ്ക പടര്‍ത്തുന്നത്.
കഴിഞ്ഞ ദിവസം പ്രാക്ടീസ് സെഷനിടെയാണ് സൂര്യകുമാറിന് പരിക്കേറ്റത്. സ്‌പോര്‍ട്‌സ് ജേണലിസ്റ്റ് വൈഭവ് ഭോലയാണ് ക്യാപ്റ്റന്റെ പരിക്കിനെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. പ്രാക്ടീസ് സെഷനിടെ താരം മടങ്ങുന്ന ചിത്രം പങ്കുവെച്ചാണ് സൂര്യക്ക് പരിക്കേറ്റെന്ന വിവരം പുറത്തുവിട്ടത്. താരം പരമ്പരയില്‍ നിന്നും പുറത്താകുമോ എന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
പരിക്ക് എപ്രകാരമുള്ളതാണെന്നോ അതിന്റെ തോത് എത്രത്തോളമാണെന്നോ എന്നതിനെ സംബന്ധിച്ച് വിവരങ്ങളൊന്നും തന്നെ ലഭ്യമല്ല. ആദ്യ മത്സരത്തില്‍ താരമുണ്ടാകുമോ എന്നതും ചോദ്യചിഹ്നമാണ്. ഒരുപക്ഷേ പരിക്ക് ഗുരുതരമാണെങ്കില്‍ ഈ പരമ്പരയും താരത്തിന് നഷ്ടപ്പെട്ടേക്കാം.
സൂര്യ പുറത്തായാല്‍ പകരം ഇന്ത്യയെ നയിക്കുന്നത് ആര് എന്ന ചോദ്യവും ഉയരുന്നുണ്ട്. നിലവിലെ സ്‌ക്വാഡില്‍ രണ്ട് താരങ്ങള്‍ക്കാണ് ടി-20യില്‍ ടീമുകളെ നയിച്ച് പരിചയമുള്ളത്. ഹര്‍ദിക് പാണ്ഡ്യയും സഞ്ജു സാംസണും. ഈ പരമ്പരയില്‍ വൈസ് ക്യാപ്റ്റനായി ആരെയും പ്രഖ്യാപിച്ചിട്ടില്ല എന്നതിനാല്‍ സൂര്യയുടെ അഭാവത്തില്‍ ക്യാപ്റ്റന്‍സിയുടെ അധികം ചുമതല ഇവരില്‍ ഒരാളെ തേടിയെത്തിയേക്കാം.
ഇതിന് മുമ്പ് ഇന്ത്യയെ ടി-20 മത്സരങ്ങളില്‍ നയിച്ചിട്ടുണ്ട് എന്നതിനാല്‍ പാണ്ഡ്യക്ക് തന്നെ നറുക്കുവീഴാനാണ് സാധ്യതകള്‍. പക്ഷേ ഹര്‍ദിക് ആ സ്ഥാനം ഏറ്റെടുക്കുമോ എന്നത് ഒരു വലിയ ചോദ്യമാണ്.
ഇന്ത്യയുടെ നായകനായി നേരത്തെ പരിഗണിച്ചിരുന്ന താരമായിരുന്നു ഹര്‍ദിക് പാണ്ഡ്യ. ടി-20 ലോകകപ്പില്‍ ഇന്ത്യയുടെ ഉപനായകനും പാണ്ഡ്യ തന്നെയായിരുന്നു. എന്നാല്‍ ഗംഭീര്‍ യുഗത്തില്‍ ഹര്‍ദിക്കിനെ മറികടന്ന് സൂര്യ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തുകയായിരുന്നു. മാത്രമല്ല വൈസ് ക്യാപ്റ്റന്‍സിയില്‍ നിന്നും താരം പുറത്തായി.
ഈ സാഹചര്യത്തില്‍ സൂര്യക്ക് പകരം താത്കാലികമായി നായകസ്ഥാനമേറ്റെടുക്കാന്‍ ആവശ്യപ്പെട്ടാല്‍ ഹര്‍ദിക് അതിനു തയ്യാറാവുമോയെന്ന കാര്യം സംശയമാണ്. അങ്ങനെയെങ്കില്‍ സഞ്ജുവിന്റെ കീഴിലാകും ഇന്ത്യയിറങ്ങുക.
നവംബര്‍ എട്ടിന് കിങ്‌സ്മീഡിലാണ് പരമ്പരയിലെ ആദ്യ മത്സരം അരങ്ങേറുന്നത്. നാല് ടി-20കളാണ് ഇന്ത്യ സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ കളിക്കുക.
India’s Tour Of South Africa
ആദ്യ മത്സരം: നവംബര്‍ 8, കിങ്‌സ്മീഡ്.
രണ്ടാം മത്സരം: നവംബര്‍ 10, സെന്റ് ജോര്‍ജ്‌സ് ഓവല്‍.
മൂന്നാം മത്സരം: നവംബര്‍ 13, സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്.
അവസാന മത്സരം: നവംബര്‍ 15, വാണ്ടറേഴ്‌സ് സ്റ്റേഡിയം.