ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ആദ്യ ടി-20യില്‍ സന്ദര്‍ശകര്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ്. സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 203 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ സൗത്ത് ആഫ്രിക്ക 141ന് പുറത്തായി. മത്സരത്തില്‍ 61 റണ്‍സിന് വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുമ്പിലെത്തുകയും ചെയ്തു.
50 പന്തില്‍ 107 റണ്‍സ് നേടിയാണ് സഞ്ജു സാംസണ്‍ പുറത്തായത്. ഏഴ് ഫോറും പത്ത് സിക്‌സറും അടക്കം 214.00 എന്ന വെടിക്കെട്ട് സ്‌ട്രൈക്ക് റേറ്റിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഇതോടെ ടി-20 ഫോര്‍മാറ്റില്‍ തുടര്‍ച്ചയായി സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന ഐതിഹാസിക നേട്ടവും സഞ്ജു സ്വന്തമാക്കി.
For his sublime century in the 1st T20I, Sanju Samson receives the Player of the Match award 👏👏
ഇപ്പോള്‍ സഞ്ജുവിന്റെ പ്രകടനത്തെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്.
വ്യക്തിഗത സ്‌കോര്‍ തൊണ്ണൂറുകളില്‍ നില്‍ക്കുമ്പോഴും സഞ്ജു സാംസണ്‍ ബൗണ്ടറികളടിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും സ്വന്തം നേട്ടങ്ങളേക്കാള്‍ ടീമിനാണ് അദ്ദേഹം പ്രാധാന്യം നല്‍കിയതെന്നും സ്‌കൈ പറയുന്നു. പോസ്റ്റ് മാച്ച് പ്രസന്റേഷനില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍.
‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള സഞ്ജുവിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ അവന്‍ അനുഭവിക്കുന്നത്. അവന്റെ സ്‌കോര്‍ തൊണ്ണൂറുകളില്‍ നില്‍ക്കുമ്പോഴും അവന്‍ ബൗണ്ടറികളടിക്കുകയാണ്. സ്വന്തം നേട്ടങ്ങളേക്കാള്‍ ടീമിനാണ് അവന്‍ പ്രാധാന്യം നല്‍കിയത്. അത് അദ്ദേഹത്തിന്റെ വ്യക്തിത്വത്തെയാണ് അടയാളപ്പെടുത്തുന്നത്. അതാണ് ഞങ്ങള്‍ തേടിക്കൊണ്ടിരിക്കുന്നത്,’ സ്‌കൈ പറഞ്ഞു.
സഞ്ജുവിന്റെ വെടിക്കെട്ടിന് പുറമെ കാലങ്ങള്‍ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ വരുണ്‍ ചക്രവര്‍ത്തിയുടെയും യുവതാരം രവി ബിഷ്‌ണോയ് യുടെ ബൗളിങ്ങും ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായി.
ഒറ്റ ഓവറില്‍ അപകടകാരികളായ ഹെന്‌റിക് ക്ലാസനെയും ഡേവിഡ് മില്ലറിനെയും പുറത്താക്കിയാണ് ചക്രവര്‍ത്തി കരുത്ത് കാട്ടിയത്. നാല് ഓവറില്‍ 25 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് ചക്രവര്‍ത്തി സ്വന്തമാക്കിയത്. റിയാന്‍ റിക്കല്‍ട്ടണും ചക്രവര്‍ത്തിയുടെ മുമ്പില്‍ തോറ്റ് മടങ്ങി.