ഇതുവരെ നാല് ടീം മാത്രം; സ്വന്തം തോല്‍വി മറികടക്കാന്‍ ഇന്ത്യക്ക് വേണ്ടത് വെറും ഒറ്റ ജയം; സംഭവിച്ചാല്‍ ചരിത്രം
Sports News
ഇതുവരെ നാല് ടീം മാത്രം; സ്വന്തം തോല്‍വി മറികടക്കാന്‍ ഇന്ത്യക്ക് വേണ്ടത് വെറും ഒറ്റ ജയം; സംഭവിച്ചാല്‍ ചരിത്രം
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 14th September 2024, 10:08 am

ബംഗ്ലാദേശിന്റെ ഇന്ത്യന്‍ പര്യടനത്തിനാണ് ക്രിക്കറ്റ് ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്നത്. ഈ വര്‍ഷം ഇന്ത്യ കളിക്കുന്ന മൂന്ന് ടെസ്റ്റ് പരമ്പരകളില്‍ ആദ്യത്തേതാണ് ബംഗ്ലാ കടുവകള്‍ക്കെതിരെ നടക്കുന്ന രണ്ട് മത്സരങ്ങളുടെ സീരീസ്.

നവംബര്‍ 19നാണ് പരമ്പരയിലെ ആദ്യ മത്സരം. ചെന്നൈയിലെ എം.എ ചിദംബരം സ്റ്റേഡിയമാണ് വേദി.

ഈ മത്സരത്തില്‍ ഒരു ചരിത്ര നേട്ടവും ഇന്ത്യയെ കാത്തിരിക്കുന്നുണ്ട്. ആ നേട്ടം സ്വന്തമാക്കാന്‍ വേണ്ടതാകട്ടെ ചെപ്പോക്കിലെ വിജയവും.

അന്താരാഷ്ട്ര റെഡ് ബോള്‍ ഫോര്‍മാറ്റില്‍ ഇതുവരെ 579 മത്സരത്തിലാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇതുവരെ 178 മത്സരത്തില്‍ വിജയിച്ചപ്പോള്‍ അത്ര തന്നെ മത്സരത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഇതിന് പുറമെ 222 മത്സരങ്ങള്‍ സമനിലയിലും ഒരു മത്സരം ടൈയിലും അവസാനിച്ചു.

ബംഗ്ലാദേശിനെതിരെ നടക്കുന്ന ആദ്യ മത്സരത്തില്‍ വിജയിച്ചാല്‍ തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലാദ്യമായി പരാജയപ്പെട്ട മത്സരങ്ങളേക്കാളേറെ വിജയിച്ച മത്സരങ്ങള്‍ എന്ന നിലയിലേക്ക് ഇന്ത്യയെത്തും.

ചരിത്രത്തില്‍ ഇതുവരെ നാല് ടീമുകള്‍ക്ക് മാത്രമേ നിലവില്‍ ഈ നേട്ടം അവകാശപ്പെടാനുള്ളൂ. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍ എന്നിവരാണ് തോറ്റ മത്സരങ്ങളേക്കാള്‍ വിജയിച്ച മത്സരത്തില്‍ മുന്നിട്ട് നില്‍ക്കുന്നത്.

866 ടെസ്റ്റുകളാണ് ഓസ്‌ട്രേലിയ ഇക്കാലം വരെ കളിച്ചത്. ഇതില്‍ 414ലും വിജയിച്ചപ്പോള്‍ 232 മത്സരത്തിലാണ് പരാജയം രുചിച്ചത്. ഇംഗ്ലണ്ടാണ് രണ്ടാം സ്ഥാനത്ത്. ആകെ കളിച്ച 1077 മത്സരത്തില്‍ നിന്നും 397 വിജയവും 325 തോല്‍വിയുമാണ് ഇംഗ്ലണ്ടിന്റെ പേരിലുള്ളത്.

കളിച്ച 466 മത്സരത്തില്‍ നിന്നും 179 വിജയമാണ് പ്രോട്ടിയാസ് സ്വന്തമാക്കിയത്. 161 എണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തു. ഈ ടീമുകളില്‍ വിജയിച്ച മത്സരവും പരാജയപ്പെട്ട മത്സരവും തമ്മില്‍ ഏറ്റവും ചെറിയ മാര്‍ജിനുള്ളത് പാകിസ്ഥാന്റെ പേരിലാണ്. 458 മത്സരത്തില്‍ നിന്നും 144 എണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ 148 മത്സരത്തില്‍ വിജയിക്കുകയും ചെയ്തു.

ഈ എലീറ്റ് ലിസ്റ്റിലേക്കാണ് ഇന്ത്യ കണ്ണുവെക്കുന്നത്.

ചെപ്പോക്കില്‍ വിജയിക്കുകയാണെങ്കില്‍ ഇന്ത്യക്ക് നേരിട്ട് ഈ ലിസ്റ്റിലേക്ക് പ്രവേശിക്കാം. അഥവാ ചെപ്പോക് ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയാണെങ്കില്‍ ഗ്രീന്‍ പാര്‍ക്കില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ജയിച്ചാലും ഇന്ത്യക്ക് ഈ നേട്ടത്തിലെത്താം.

അഥവാ ചെപ്പോക്കില്‍ ബംഗ്ലാദേശ് ഇന്ത്യയെ അട്ടിമറിക്കുകയാണെങ്കില്‍ ശേഷം പരാജയമറിയാതെ രണ്ട് ടെസ്റ്റ് വിജയിച്ചാല്‍ മാത്രമേ ഇന്ത്യക്ക് ഈ ലിസ്റ്റില്‍ ഇടം നേടാന്‍ സാധിക്കൂ.

അതേസമയം, ആദ്യ ടെസ്റ്റിനുള്ള സ്‌ക്വാഡ് ഇരു ടീമുകളും ഇതിനോടകം തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്ക് മുന്നോടിയായി മൊമെന്റം നേടാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍ പാകിസ്ഥാനെ വൈറ്റ്‌വാഷ് ചെയ്ത അതേ ഡോമിനന്‍സ് ഇന്ത്യക്കെതിരെയും തുടരാനാണ് കടുവകളൊരുങ്ങുന്നത്.

ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോഹ്‌ലി, കെ.എല്‍. രാഹുല്‍, സര്‍ഫറാസ് ഖാന്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാല്‍.

ആദ്യ ടെസ്റ്റിനുള്ള ബംഗ്ലാദേശ് സ്‌ക്വാഡ്

നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, ഷദ്മാന്‍ ഇസ്‌ലാം, സാക്കിര്‍ ഹസന്‍, മൊമിനുള്‍ ഹഖ്, മുഷ്ഫിഖര്‍ അഹമ്മദ്, ഷാകിബ് അല്‍ ഹസന്‍, ലിട്ടന്‍ ദാസ്, മെഹ്ദി മിര്‍സ, ജാക്കിര്‍ അലി, താസ്‌കിന്‍ അഹമ്മദ്, ഹസന്‍ മുഹമ്മദ്, നാഹിദ് റാണ, തൈജുല്‍ ഇസ്‌ലാം, മുഹുമ്മദുള്‍ ഹസന്‍ ജോയി, നയീം ഹസന്‍, ഖലീല്‍ അഹമ്മദ്

 

Content Highlight: IND vs BAN: India need one win to secure a historic record