ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനം മെല്‍ബണില്‍ പുരോഗമിക്കുകയാണ്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആതിഥേയര്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള ശ്രമത്തിലാണ്.
ടോപ് ഓര്‍ഡറിലെ നാല് താരങ്ങളും അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. അരങ്ങേറ്റക്കാരന്‍ സാം കോണ്‍സ്റ്റസ് 65 പന്തില്‍ 60 റണ്‍സടിച്ചപ്പോള്‍ 121 പന്തില്‍ 51 റണ്‍സാണ് ഖവാജ നേടിയത്. 145 പന്തില്‍ 72 റണ്‍സുമായി മാര്‍നസ് ലബുഷാനും തന്റെ റോള്‍ ഗംഭീരമാക്കി. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയ സ്റ്റീവ് സ്മിത്ത് ക്രീസില്‍ തുടരുകയാണ്.
അതേസമയം, ആരാധകര്‍ ഏറെ പ്രതീക്ഷ വെച്ച സൂപ്പര്‍ താരം ട്രാവിസ് ഹെഡിന് തിളങ്ങാന്‍ സാധിച്ചില്ല. രോഹിത് ശര്‍മയുടെ ടീമിനെതിരെ എല്ലായ്‌പ്പോഴും കൊടുങ്കാറ്റഴിച്ചുവിടുന്ന ഓസീസിന്റെ മീശക്കാരന്‍ ഈ പരമ്പരയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തിരുന്നത്.
എന്നാല്‍ മെല്‍ബണില്‍ പൂജ്യത്തിന് പുറത്താകാനായിരുന്നു താരത്തിന്റെ വിധി. നേരിട്ട ഏഴാം പന്തില്‍ സൂപ്പര്‍ താരം ജസ്പ്രീത് ബുംറയ്ക്ക് വിക്കറ്റ് നല്‍കിയായിരുന്നു ഹെഡിന്റെ മടക്കം.
അന്താരാഷ്ട്ര തലത്തില്‍ ഇതാദ്യമായാണ് ട്രാവിസ് ഹെഡ് ഇന്ത്യക്കെതിരെ പൂജ്യത്തിന് പുറത്താകുന്നത്.
Two wickets fall in quick succession 👏👏
Washington Sundar gets Labuschagne (72) and Bumrah picks up the wicket of Travis Head (0).
അതേസമയം, 71 ഓവര്‍ പിന്നിടുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സ് എന്ന നിലയിലാണ് ഓസ്‌ട്രേലിയ. 71 പന്തില്‍ 50 റണ്‍സുമായി മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തും ആറ് പന്തില്‍ അഞ്ച് റണ്‍സുമായി അലക്‌സ് കാരിയുമാണ് ക്രീസില്‍.
നിലവില്‍ ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇരു ടീമുകളും 1-1ന് ഒപ്പത്തിനൊപ്പമാണ്. പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയപ്പോള്‍ അഡ്‌ലെയ്ഡില്‍ പത്ത് വിക്കറ്റിന് വിജയിച്ചാണ് കങ്കാരുക്കള്‍ തിരിച്ചടിച്ചത്. ഗാബ ടെസ്റ്റ് സമനിലയില്‍ അവസാനിക്കുകയും ചെയ്തു.
ഇതിന് മുമ്പ് ഓസ്‌ട്രേലിയയില്‍ പര്യടനത്തിനെത്തിയ രണ്ട് തവണയും ഇന്ത്യ ബോക്‌സിങ് ഡേ ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയിരുന്നു. 2018ല്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് കരുത്തിലും 2020ല്‍ നായകനായ അജിന്‍ക്യ രഹാനെയുടെ സെഞ്ച്വറി കരുത്തിലുമാണ് ഇന്ത്യ വിജയിച്ചുകയറിയത്.
മെല്‍ബണിലും സിഡ്‌നിയിലും നടക്കുന്ന രണ്ട് മത്സരത്തില്‍ ഒന്നിലെങ്കിലും വിജയിച്ചാല്‍ ഇന്ത്യക്ക് ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി ഹോള്‍ഡേഴ്‌സായി തുടരാനുമാകും.
Content Highlight: IND vs AUS Boxing Day Test: Jasprit Bumrah dismissed Travis Head for zero