ഹൈദരാബാദ്: ജാതി സെന്‍സസ് വിവരങ്ങള്‍ പുറത്തുവിട്ട് തെലങ്കാന. സംസ്ഥാനത്തെ 3.7 കോടി ജനസംഖ്യയുടെ 56.33 ശതമാനവും പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരാണെന്ന് റിപ്പോര്‍ട്ടിയില്‍ പറയുന്നു. തെലങ്കാനയിലെ മൊത്തം ജനസംഖ്യയില്‍ 50.51 ശതമാനം പുരുഷന്മാരും 49.45 ശതമാനം സ്ത്രീകളുമാണ്.
മന്ത്രി ഉത്തം കുമാര്‍ റെഡ്ഢിയാണ് മന്ത്രിസഭയില്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. റിപ്പോര്‍ട്ട് അനുസരിച്ച്, തെലങ്കാനയിലെ 56.33 ശതമാനം പിന്നോക്ക വിഭാഗക്കാരില്‍ 10.08 ശതമാനം ഒ.ബി.സി മുസ്‌ലിങ്ങളാണ്. സംസ്ഥാനത്തെ മൊത്തം ജനസംഖ്യയുടെ 17.43 ശതമാനം പട്ടികജാതിക്കാരും 10.45 ശതമാനം പട്ടികവര്‍ഗക്കാരുമാണ്.
12.56 ശതമാനം മുസ്‌ലിം വിഭാഗത്തില്‍പ്പെട്ടവരും 10.85 ശതമാനം ഒ.ബി.സി വിഭാഗവും മറ്റുള്ളവര്‍ 15.79 ശതമാനവുമാണ്.
പട്ടികവര്‍ഗക്കാര്‍ – 37,05,929 (10.45 %)
പിന്നോക്ക വിഭാഗങ്ങള്‍ (മുസ്‌ലിങ്ങള്‍ ഒഴികെ) – 1,64,09,179 (46.25 %)
പിന്നോക്ക വിഭാഗങ്ങള്‍ മുസ്‌ലിങ്ങള്‍ – 35,76,588 (10.08 %)
ഓപ്പണ്‍ കാറ്റഗറി മുസ്‌ലിങ്ങള്‍ – 8,80,424 (2.48 %)
ഓപ്പണ്‍ കാറ്റഗറി (മുസ്‌ലിങ്ങള്‍ ഒഴികെ) – 13.31%
മുസ്‌ലിങ്ങള്‍ (ആകെ) – 12.56%
ഓപ്പണ്‍ വിഭാഗം (ആകെ) – 15.79%
തെലങ്കാന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു ജാതി സെന്‍സസ്. 2024 ഫെബ്രുവരിയിലാണ് സര്‍വേ നടത്താന്‍ തെലങ്കാന മന്ത്രിസഭ അംഗീകാരം നല്‍കിയത്.
സര്‍വേ പൂര്‍ത്തിയാക്കിയത് ഏറെ വെല്ലുവിളികള്‍ നേരിട്ടുകൊണ്ടാണെന്ന് മന്ത്രി ഉത്തം കുമാര്‍ പറഞ്ഞു. സര്‍വേ കാലയളവില്‍ സംസ്ഥാനത്തെ 1.03 ശതമാനം വീടുകള്‍ പൂട്ടിയിട്ട നിലയിലായിരുന്നു. 2024 നവംബര്‍ ഡിസംബര്‍ മാസങ്ങളിലാണ് സര്‍വേ നടന്നത്.
ആദ്യഘട്ടത്തില്‍ 1.68 ശതമാനം കുടുംബങ്ങള്‍ ഉത്തരം നല്‍കാന്‍ മടിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 84,137 വീടുകള്‍ ഉപയോഗത്തിലില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തെലങ്കാനയില്‍ കുറഞ്ഞത് 162 സമുദായങ്ങളെ പിന്നോക്ക വിഭാഗങ്ങളായി തരംതിരിച്ചിട്ടുണ്ട്. അവ അഞ്ച് ഗ്രൂപ്പുകളായും തിരിച്ചിട്ടുണ്ട്. എ, ബി, സി, ഡി, ഇ എന്നിങ്ങനെയാണ് ഗ്രൂപ്പുകള്‍.
ഇതില്‍ ഗ്രൂപ്പ് സിയില്‍ ക്രൈസ്തവ മതത്തിലേക്ക് മതപരിവര്‍ത്തനം നടത്തിയ പട്ടികജാതിക്കാരും ഗ്രൂപ്പ് ഇയില്‍ സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മുസ്‌ലിം സമുദായക്കാരുമാണ്.
നേരത്തെ ബീഹാര്‍, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടന്നിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണത്തിലുള്ള കര്‍ണാടകയില്‍ ജാതി സെന്‍സസ് നടന്നിട്ടുണ്ടെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല.
Content Highlight: In Telangana, more than 50 percent backward classes; Caste Census report out