ഇത് സമത്വത്തിലേക്കുള്ള ചുവടുവെയ്പ്പ്; വിവാഹ വേദിയിലേക്ക് കുതിപ്പുറത്തെത്തി ദളിത് യുവാവ്; പിന്തുണയുമായി ഭരണകൂടം
India
ഇത് സമത്വത്തിലേക്കുള്ള ചുവടുവെയ്പ്പ്; വിവാഹ വേദിയിലേക്ക് കുതിപ്പുറത്തെത്തി ദളിത് യുവാവ്; പിന്തുണയുമായി ഭരണകൂടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th January 2022, 12:54 pm

ജയ്പൂര്‍: വിവാഹത്തിന് കുതിരപ്പുറത്തുകയറി എത്തുക എന്ന മേല്‍ജാതിക്കാരുടെ മാത്രം അവകാശത്തിന് അന്ത്യംകുറിച്ചുകൊണ്ട് രാജസ്ഥാനിലെ ബണ്ടി ജില്ലയിലെ ദളിത് വിവാഹം.

ബണ്ടി ജില്ലയിലെ ചാഡി ഗ്രാമത്തിലെ 27 വയസുകാരനായ ശ്രീറാം മേഘ്‌വാള്‍ എന്ന ദളിത് യുവാവാണ് പൊലീസിന്റേയും ഭരണകൂടത്തിന്റേയും പിന്തുണയോടെ വിവാഹവേദിയിലേക്ക് കുതിരപ്പുറത്ത് എത്തിയത്.

ജില്ലാ ഭരണകൂടം നടത്തുന്ന ഓപ്പറേഷന്‍ സമന്തയിലൂടെയാണ് ഇത്തരമൊരു മുന്നേറ്റത്തിന് വഴിയൊരുങ്ങിയത്. ദളിതര്‍ക്ക് നേരെ നടക്കുന്ന ഉച്ചനീച്ചത്വങ്ങള്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷന്‍ സമന്ത(സമത്വം)ക്ക് ഭരണകൂടം നേതൃത്വം നല്‍കിയത്.

കനത്ത പൊലീസ് സുരക്ഷയിലായിരുന്നു വിവാഹം. ജയ് ഭീം മുദ്രാവാക്യത്തിന്റേയും ചില ഹിന്ദി ഗാനങ്ങളുടേയും അകമ്പടിയോടെയായിരുന്നു വരന്‍ കുതിരപ്പുറത്ത് ഗ്രാമം ചുറ്റിക്കൊണ്ട് വിവാഹവേദിയിലേക്ക് എത്തിയത്.

‘ ഈ ഗ്രാമത്തില്‍ കുതിരപ്പുറത്ത് കയറി വിവാഹത്തിന് പോകുന്ന ആദ്യ ദളിതന്‍ ആണ് ഞാന്‍. ദളിതര്‍ അധഃസ്ഥിതരാണ്, അവര്‍ അധഃസ്ഥിതരായി തുടരട്ടെ എന്ന ചിലരുടെ കാഴ്ചപ്പാടിന് ഇതിലൂടെ ഒരു മാറ്റം വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് സമത്വത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ്,’ ഗ്രാമപഞ്ചായത്തിലെ കരാര്‍ ജീവനക്കാരന്‍ കൂടിയായ ശ്രീറാം മേഘ്‌വാള്‍ പറയുന്നു.

പട്ടികജാതിയില്‍പ്പെട്ട യുവാക്കളെ കുതിരപ്പുറത്ത് കയറി വിവാഹത്തിന് എത്താന്‍ അനുവദിക്കാത്തതുള്‍പ്പെടെയുള്ള ദളിത് വിരുദ്ധതയ്ക്കും വിലക്കുകള്‍ക്കുമെതിരെയുള്ള ഒരു പോരാട്ടം കൂടിയായിരുന്നു ഓപ്പറേഷന്‍ സമന്ത.

അത്തരത്തില്‍ ബണ്ടി പൊലീസിന്റെയും ഭരണകൂടത്തിന്റെയും കീഴില്‍ നടത്തുന്ന ആദ്യ വിവാഹം കൂടിയാണ് ഇത്. ജാതീയത കൊടികുത്തി വാഴുന്ന രാജസ്ഥാനിലെ ബണ്ടി ജില്ലയില്‍ മേല്‍ജാതിക്കാരുടെ മാത്രം അവകാശമായി ആണ് വിവാഹത്തിനിടയിലുള്ള കുതിരസവാരിയെ കരുതുന്നത്. എന്നാല്‍ ഈ രീതിക്ക് മാറ്റം വരുത്തുക എന്ന ഉദ്ദേശത്തോടെയാണ് ഓപ്പറേഷന്‍ സമന്തക്ക് രൂപം നല്‍കിയത്.

ജാതീതയ വേരൂന്നിയ സംസ്ഥാനത്ത് കഴിഞ്ഞ 10വര്‍ഷത്തിനിടെ ദളിത് വരന്മാരുടെ കുതിരസവാരി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട് 76ഓളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി രാജസ്ഥാന്‍ പൊലീസ് അടുത്തിടെ അറിയിച്ചിരുന്നു.

‘ഞങ്ങള്‍ ബണ്ടി ജില്ലയില്‍ ഒരു സര്‍വേ നടത്തിയിരുന്നു. വിവാഹ ചടങ്ങുകളുടെ ഭാഗമായി ദളിതര്‍ കുതിരപ്പുറത്ത് കയറിയിട്ടില്ലാത്ത 30 ഓളം ഗ്രാമങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ചിലയിടങ്ങളില്‍ ആളുകള്‍ ഇതിനെ എതിര്‍ത്തു. ഇതിന് പിന്നാലെ ഞങ്ങള്‍ ‘ഓപ്പറേഷന്‍ സമന്ത’ ആരംഭിക്കുകയും ഈ ഗ്രാമങ്ങളില്‍ സര്‍പഞ്ച്, പോലീസ്, ഗ്രാമരക്ഷക്, പൊലീസ് മിത്രങ്ങള്‍ എന്നിവരെ അംഗങ്ങളാക്കി സമന്ത കമ്മറ്റികള്‍ രൂപീകരിക്കുകയും ചെയ്തു.

ദളിത് കുടുംബങ്ങളെ അവരുടെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക എന്നതാണ് ഈ കമ്മിറ്റിയിലൂടെ ലക്ഷ്യമിടുന്നത്. വിവാഹത്തിന് കുതിരയെ ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന ദളിത് കുടുംബങ്ങള്‍ക്കെതിരെ ആരെങ്കിലും പ്രശ്‌നങ്ങളുമായി രംഗത്തെത്തുന്നുണ്ടെന്ന് കണ്ടെത്തിയാല്‍ അവര്‍ക്കെതിരെ ഞങ്ങള്‍ കര്‍ശന നടപടി സ്വീകരിക്കും’ ജില്ലാ കളക്ടറോടൊപ്പം മേഘ്വാളിന്റെ വിവാഹത്തില്‍ പങ്കെടുത്ത ബുന്ദി എസ്.പി ജയ് യാദവ് പറഞ്ഞു.

ഇത്തരമൊരു സംരംഭത്തിന് എല്ലാ സമുദായത്തില്‍പ്പെട്ടവരില്‍ നിന്നും നല്ല പ്രതികരണമാണ് ലഭിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഭരണകൂടത്തില്‍ നിന്നും ലഭിച്ച ഈ പിന്തുണയ്ക്ക് നന്ദി അറിയിക്കുകയാണെന്ന് വധുവിന്റെ പിതാവ് ബാബുലാല്‍ മേഘ്വാള്‍ പറഞ്ഞു: ”നേരത്തെ, ഭയം കാരണം, ദളിത് വരന്മാര്‍ കുതിരപ്പുറത്ത് കയറില്ലായിരുന്നു. പക്ഷേ എന്റെ മരുമകന്‍ ഇത് മാറ്റി”, അദ്ദേഹം പറഞ്ഞു.

മൂന്ന് പൊലീസ് സ്റ്റേഷനുകളില്‍ നിന്നായി 60 ഓളം ഉദ്യോഗസ്ഥരെയായിരുന്നു വിവാഹത്തിന്റെ ഭാഗമായി വിന്യസിച്ചത്.

ബി.ആര്‍ അംബേദ്കറിന്റെ ഒരു വലിയ ചിത്രത്തിന് മുന്നിലായാണ് വിവാഹവേദി ഒരുക്കിയത്. ഗ്രാമം മുഴുവന്‍ വലംവെച്ച ശേഷമാണ് യുവാവ് വിവാഹ വേദിയില്‍ എത്തിയത്. ഇനി ദളിത് വിഭാഗത്തില്‍ നിന്ന് കൂടുതല്‍ വരന്മാര്‍ അവരുടെ വിവാഹ ഘോഷയാത്രയിലേക്ക് കുതിരപ്പുറത്ത് കയറി എത്തുമെന്നും നമ്മുടെ സമൂഹം മാറുകയാണെന്നും മേഘ്‌വാള്‍ പറഞ്ഞു.