രാവിലെ ഏഴ് മുതൽ അപ്ഡേറ്റുകൾ; യാത്രാ റൂട്ട് മാപ്പുകൾ പങ്കുവെക്കും, തെലങ്കാന തെരഞ്ഞെടുപ്പിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായി നേതാക്കൾ
national news
രാവിലെ ഏഴ് മുതൽ അപ്ഡേറ്റുകൾ; യാത്രാ റൂട്ട് മാപ്പുകൾ പങ്കുവെക്കും, തെലങ്കാന തെരഞ്ഞെടുപ്പിൽ സമൂഹ മാധ്യമങ്ങളിൽ സജീവമായി നേതാക്കൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 9th November 2023, 4:49 pm

ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കെ യുവ വോട്ടർമാർക്കിടയിൽ സ്വാധീനമുണ്ടാക്കാൻ സമൂഹ മാധ്യമങ്ങളിൽ സജീവമായി തെലങ്കാനയിലെ സ്ഥാനാർത്ഥികൾ.

വലിയ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് നിത്യവുമുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് പുറമേ നേതാക്കൾ തങ്ങളുടെ യാത്രയുടെ റൂട്ട് മാപ്പുകളും എപ്പോൾ ജനങ്ങളെ കാണാൻ സാധിക്കും തുടങ്ങിയ കാര്യങ്ങളും പോസ്റ്റ്‌ ചെയ്യുന്നുണ്ട്. സ്ഥിരമായി ഫോട്ടോകളും പങ്കുവെക്കുന്നുണ്ട്.

കരിംനഗർ എം.പിയും മുൻ തെലങ്കാന ബി.ജെ.പി അധ്യക്ഷനുമായ ബന്ദി സഞ്ജയ്‌ കുമാർ, തെലങ്കാന പ്രദേശ് കോൺഗ്രസ്‌ കമ്മിറ്റി അധ്യക്ഷൻ എ. രേവന്ത് റെഡ്‌ഡി, ബി.ജെ.പി എം.എൽ.എ എറ്റെല രാജേന്ദർ, ബി.ആർ.എസ് മന്ത്രി തലസനി ശ്രീനിവാസ് യാദവ് തുടങ്ങിയവരാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വളരെ സജീവമായിട്ടുള്ളത്.

‘തെലങ്കാനയിലെ ബഹുഭൂരിപക്ഷം യുവാക്കളും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. നേതാക്കൾക്ക് അനുയായികളുമായും വോട്ടർമാരുമായും ബന്ധപ്പെടാനും അവർക്ക് വിസിബിലിറ്റി ലഭിക്കാനും ഏറ്റവും നല്ല മാർഗമാണ് സമൂഹ മാധ്യമങ്ങൾ,’ കോൺഗ്രസ്‌ പ്രചാരണ മാനേജർമാരിലൊരാൾ പറഞ്ഞു.

രേവന്ത് റെഡ്‌ഡി, സഞ്ജയ്‌ കുമാർ, ശ്രീനിവാസ് യാദവ് എന്നിവർ ഒരു മണ്ഡലത്തിലെ പ്രശ്നങ്ങൾ വിശദീകരിക്കുവാൻ എന്നും തെലങ്കാന നാടോടിഗാനങ്ങളിലെ വരികളും സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുന്നു.

രാവിലെ ഏഴ് മണി തൊട്ട് തങ്ങളുടെ വിവരങ്ങൾ പോസ്റ്റ്‌ ചെയ്തു തുടങ്ങുന്ന നേതാക്കൾ ഓരോ മണിക്കൂർ കൂടുമ്പോഴും അപ്ഡേറ്റുകൾ അറിയിക്കും. അതേസമയം നേതാക്കളല്ല, അവർ ചുമതലപ്പെടുത്തിയ ആളുകളാണ് അവരുടെ സന്ദേശങ്ങൾ പോസ്റ്റ്‌ ചെയ്യുന്നത് എന്ന് പ്രചാരകർ അറിയിക്കുന്നു.

നവംബർ 30നാണ് തെലങ്കാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Content Highlight: In poll-bound Telangana, politicians step up online presence