Pakisthan
ഖുര്‍ആന്‍ വചനങ്ങളുള്ള വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് പാകിസ്ഥാനിൽ യുവതിക്കുനേരെ ആള്‍ക്കൂട്ടം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Feb 27, 12:43 pm
Tuesday, 27th February 2024, 6:13 pm

ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ ഖുര്‍ആന്‍ വചനങ്ങളുള്ള വസ്ത്രം ധരിച്ചുവെന്ന് ആരോപിച്ച് യുവതിക്കുനേരെ ആള്‍ക്കൂട്ടക്രമണം. ഭക്ഷണം കഴിക്കുന്നതിനായി പങ്കാളിക്കൊപ്പം ലാഹോറിലെ ഒരു റെസ്റ്റോറന്റില്‍ എത്തിയ യുവതിക്ക് നേരെയാണ് ആള്‍ക്കൂട്ടം ആക്രോശിച്ച് എത്തിയത്.

യുവതിയെ റെസ്റ്റോറന്റില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്നും വസ്ത്രം അഴിച്ചുമാറ്റണമെന്നും ആള്‍ക്കൂട്ടം ആവശ്യപ്പെടുകയായിരുന്നു. മതനിന്ദയ്ക്ക് വധശിക്ഷയാണ് നല്‍കേണ്ടതെന്നും ആള്‍ക്കൂട്ടം മുദ്രാവാക്യം മുഴക്കി.

സംഭവ സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ആള്‍ക്കൂട്ടത്തെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടര്‍ന്ന് കറുത്ത ഗൗണ്‍ ഉപയോഗിച്ച് വസ്ത്രം മറച്ചതിന് ശേഷം ആള്‍ക്കൂട്ടത്തിനടയിലൂടെ യുവതിയെ ഉദ്യോഗസ്ഥര്‍ പുറത്തേക്ക് കൊണ്ടുപോവുകയും ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

അതേസമയം ഓണ്‍ലൈന്‍ സ്റ്റോറിലടക്കം ലഭ്യമാവുന്ന കാലിഗ്രാഫി എഴുത്തുകളുള്ള വസ്ത്രമാണ് പെണ്‍കുട്ടി ധരിച്ചിരുന്നതെന്ന് വെളിപ്പെടുത്തുന്ന ഒരു വീഡിയോ സ്റ്റേഷനില്‍ എത്തിയ പൊലീസ് ഉദ്യോഗസ്ഥ പങ്കുവെച്ചു.

യുവതി ധരിച്ച വസ്ത്രത്തില്‍ എഴുതിയിരിക്കുന്ന അറബി വാക്ക് മുഴുവന്‍ ‘ഹല്‍വ’ എന്നാണ്. പല വിധത്തില്‍ എഴുതിയ ഹല്‍വ എന്ന വാക്കിനെ ഖുര്‍ആന്‍ എന്ന് ചിത്രീകരിച്ചുകൊണ്ടായിരുന്നു ആള്‍ക്കൂട്ടത്തിന്റെ ആക്രോശം.

എന്നാല്‍ ആദ്യമായിട്ടല്ല പാകിസ്ഥാനില്‍ ഇത്തരത്തിലുള്ള ആക്രോശങ്ങള്‍ ഉണ്ടാവുന്നത്. 2022ല്‍ സെവന്‍ അപ്പ് കുപ്പിയുടെ ക്യൂ.ആര്‍ കോഡില്‍ മുഹമ്മദ് നബിയുടെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് ആരോപിച്ച് ശീതളപാനീയങ്ങള്‍ വിതരണം ചെയ്യുന്ന ട്രക്ക് കത്തിച്ചുകളയുമെന്ന് ഒരു പാകിസ്ഥാന്‍ പൗരന്‍ ഭീഷണി മുഴക്കിയിരുന്നു.

പോഡ്കാസ്റ്ററും ആക്ടിവിസ്റ്റുമായ ഇമ്രാന്‍ നോഷാദ് ഖാന്‍ ഇടപെട്ട് ട്രാക്ക് ഡ്രൈവറെയും ട്രക്കിനെയും രക്ഷപ്പെടുത്തുകയായിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Content Highlight: In Pakistan, a mob attacked the woman for wearing a dress with Quranic verses on it