മുംബൈ: മഹാരാഷ്ട്രയില്‍ ദുര്‍മന്ത്രവാദികളെന്ന് ആരോപിച്ച് ദമ്പതികളെ ജീവനോടെ തീവെച്ച് കൊലപ്പെടുത്തി. ഗഡ്ചിരോളി ജില്ലയിലെ ജമ്നി ദേവാജി തെലാമി (52), ദേശു കടിയ അറ്റ്ലാമി (57) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 15 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ദമ്പതികളുടെ മന്ത്രവാദം മൂലമാണ് ഗ്രാമത്തിലെ മൂന്നര വയസുള്ള ആരോഹി ബന്ദു തെലാമി എന്ന കുട്ടി മരിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇതിനുപിന്നാലെ മേയ് ഒന്നിന് ഗ്രാമനിവാസികള്‍ ഒരു പഞ്ചായത്ത് വിളിച്ചുകൂട്ടി. തുടര്‍ന്ന് അതില്‍ ഏതാനും ചിലര്‍ ഇരകളെ പിടികൂടുകയും മര്‍ദിക്കുകയും പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്യുകയുമായിരുന്നു.
ആക്രമണത്തില്‍ അന്വേഷണം ആരംഭിച്ച എസ്.പി ഗഡ്ചിരോളി നിലോത്പാല്‍, ഇടപ്പള്ളി സബ് ഡിവിഷണല്‍ പൊലീസ് ഓഫീസര്‍ ചൈതന്യ കദം, ഓഫീസര്‍ നീലകാന്ത് കുക്ഡെ എന്നിവര്‍ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ ഇടപ്പള്ളി ഇന്‍ ചാര്‍ജ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.
മധുകര്‍ ദേശു പൊയ്, അമിത് എന്ന നാഗേഷ് റാംജി തെലാമി, മധുകര്‍ ബാജു ഹേദോ, ഗണേഷ് ബാജു ഹേദോ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ പൊലീസ് അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.
മഹാരാഷ്ട്ര പ്രിവന്‍ഷന്‍ ഓഫ് ഹ്യൂമന്‍ സാക്രിഫൈസ്, മന്ത്രവാദ നിയമത്തിലെ സെക്ഷന്‍ 302, 307, 201, 143, 147, 149, സബ് സെക്ഷന്‍ 3 (2) എന്നിവ പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്.
Content Highlight: In Maharashtra, a couple was burned alive after being accused of witchcraft