Film News
നടനും നടിയ്ക്കും രണ്ട് പ്രതിഫലം, തുല്യ വേതനം എന്ന് ചിന്തിക്കാന്‍ ഇപ്പോഴും ഫിലിം ഇന്‍ഡസ്ട്രി പ്രാപ്തമായിട്ടില്ല: അനിഖ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 07, 03:10 pm
Monday, 7th March 2022, 8:40 pm

സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷയെന്ന് നടി അനിഖ.

ഫിലിം ഇന്‍ഡസ്ട്രി എടുത്ത് നോക്കുകയാണെങ്കില്‍ പ്രശ്‌നങ്ങള്‍ കാണാമെന്നും നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നതെന്നും അനിഖ പറഞ്ഞു. മാതൃഭൂമി ഡോട്ട്‌കോമിനോടായിരുന്നു അനിഖയുടെ പ്രതികരണം.

‘ഫിലിം ഇന്‍ഡസ്ട്രി എടുത്ത് നോക്കുകയാണെങ്കില്‍ നമുക്ക് പ്രശ്‌നങ്ങള്‍ കാണാം. നടനും നടിയ്ക്കും രണ്ട് പ്രതിഫലമാണ് ലഭിക്കുന്നത്. തുല്യപ്രാധാന്യമുള്ള വേഷങ്ങള്‍ ചെയ്താല്‍ പോലും തുല്യ വേതനം എന്ന് ചിന്തിക്കാന്‍ ഫിലിം ഇന്‍ഡസ്ട്രി പോലും ഇപ്പോഴും പ്രാപ്തമായിട്ടില്ല.

നമ്മുടെ സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും ഒരു പോലെ ജീവിക്കാനും സ്വാതന്ത്ര്യം അനുഭവിക്കാനും കഴിയുന്ന ഒരു സാഹചര്യം ഇല്ലെങ്കിലും അത് സാധ്യമാകുന്ന ഒരു കാലം ഉണ്ടാവും എന്ന് തന്നെയാണ് പ്രതീക്ഷ. ആണിനെയും പെണ്ണിനേയും വേര്‍തിരിവുകളോടെ മാത്രം കാണുന്ന രീതി ഓരോ വ്യക്തിയിലും ആദ്യം മാറണം. അടുത്ത തലമുറയിലെങ്കിലും കാര്യങ്ങള്‍ക്ക് മാറ്റം വരും എന്ന് പ്രതീക്ഷയുണ്ട്. അതിനനുസരിച്ച് സമൂഹത്തിലും മാറ്റം ഉണ്ടാവും,’ അനിഖ പറഞ്ഞു.

‘ഇരവും പകലും എന്ന പാട്ടില്‍ ചെയ്തപോലെ തന്നെ യാത്ര ചെയ്യാന്‍ ഇഷ്ടമുള്ള ആളാണ് ഞാന്‍. തനിച്ച് യാത്ര ചെയ്യാനും രാത്രി കറങ്ങി നടക്കാനും ഒക്കെ ആഗ്രഹമുണ്ട്. പക്ഷെ ഇപ്പോഴത്തെ ഒരു സാഹചര്യത്തില്‍ അത് സുരക്ഷിതമല്ല എന്നത് കൊണ്ട് തന്നെ അത്തരം ആഗ്രഹങ്ങള്‍ പൂര്‍ണമാവാറില്ല.

തനിച്ച് യാത്ര ചെയ്യുന്ന സ്ത്രീകള്‍ ഇല്ലെന്നല്ല, തീര്‍ച്ചയായും ഉണ്ട്, പക്ഷേ എല്ലാവര്‍ക്കും അത് സാധ്യമാകണമെങ്കില്‍ സമൂഹം പലപ്പോഴും സ്ത്രീകളെ നോക്കി കാണുന്ന രീതി മാറണം. നിയമ സംവിധാനങ്ങളും കുറച്ച് കൂടി ശക്തമാവണം. എന്നാലെ എല്ലാവര്‍ക്കും അവര്‍ ആഗ്രഹിക്കുന്ന പോലെ പുറത്തിറങ്ങാനും യാത്ര ചെയ്യാനുമുള്ള സ്വാതന്ത്ര്യം ഉണ്ടാവൂ,’ അനിഖ കൂട്ടിച്ചേര്‍ത്തു.

അനിഖ സുരേന്ദ്രനും ശ്രേയ ജയദീപും ഒരുമിച്ചെത്തിയ ഇരവും പകലും എന്ന മ്യൂസിക് ആല്‍ബം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. യാത്രയിലൂടെ സ്വാതന്ത്രത്തിന്റെ ആനന്ദം കണ്ടെത്തുന്ന രണ്ട് പെണ്‍കുട്ടികളെയാണ് ആല്‍ബത്തില്‍ ആവിഷ്‌കരിച്ചിരുന്നത്. ശ്രേയ ജയദീപ് ആലപിച്ചിരിക്കുന്ന ഗാനത്തിന്റെ വരികള്‍ എഴിതിയിരിക്കുന്നത് ബാബുരാജ് കളമ്പൂരാണ്. അര്‍ജുന്‍ ബി. നായരാണ് ഈണമൊരുക്കിയിരിക്കുന്നത്. ശ്രാവണ്‍ ശങ്കറിന്റേതാണ് ഗാനരംഗത്തിന്റെ ആശയവും സംവിധാനവും.


Content Highlight: in film industry, there are two rewards for an actor and an actress said anikha