കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ അധ്യാപകനും ബി.ജെ.പി നേതാവുമായ പത്മരാജനെതിരെ നിര്‍ണായക തെളിവ് ലഭിച്ചതായി പൊലീസ്. പെണ്‍കുട്ടിയെ പത്മരാജന്‍ ലൈംഗികമായ പീഡിപ്പിച്ചതിന് തെളിവ് ലഭിച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്.
സ്‌കൂളിലെ ശുചിമുറിയിലെ ടൈലില്‍ നിന്ന് കണ്ടെത്തിയ രക്തക്കറ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിന്റെ പരിശോധനാ ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് പത്മരാജന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചുവെന്ന് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.
സ്‌കൂളിലെ ശുചിമുറിയില്‍ വെച്ചാണ് അധ്യാപകന്‍ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അന്വേഷണ സംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയത്.
കേസില്‍ തലശ്ശേരി പോക്‌സോ കോടതിയില്‍ അന്വേഷണ സംഘം ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. നേരത്തെ പോക്‌സോ വകുപ്പുകള്‍ ചുമത്താത്തതിനാല്‍ പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു.
മാര്‍ച്ച് 17 നാണ് ലൈംഗികാതിക്രമം നേരിട്ട പെണ്‍കുട്ടിയുടെ കുടുംബം പാനൂര്‍ പൊലീസില്‍ പരാതി നല്‍കിയത്. മാര്‍ച്ച് 17 ന് പാനൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
എന്നാല്‍ പ്രതിയ പൊലീസിന്റെ തൊട്ടടുത്ത് തന്നെ ഉണ്ടായിട്ടും ബി.ജെ.പി നേതൃത്വമടക്കം പ്രതിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിന്റെ തെളിവുകള്‍ പുറത്തുവന്നിട്ടും പൊലീസിന് പ്രതിയെ പിടികൂടുത് വൈകിപ്പിച്ചു. സംഭവം നടന്ന് ഒരു മാസമായിട്ടും പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്യാതെ വന്നപ്പോള്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നു വന്നു.
പ്രതിഷേധം ശക്തമായതോടെയാണ് ഇയാളെ അറസ്റ്റുചെയ്തത്. ഇയാള്‍ സംസ്ഥാനം വിട്ടുവെന്നും മറ്റുമുള്ള അഭ്യൂഹങ്ങള്‍ക്കിടെയാണ് പാനൂരില്‍വെച്ചു തന്നെ അറസ്റ്റിലാകുന്നത്.
കുട്ടി തന്നെ അധ്യാപകന്റെ ക്രൂരത പറഞ്ഞതോടെ ബന്ധുക്കള്‍ ഉടന്‍ തന്നെ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കിയിരുന്നു. അച്ഛന്‍ മരണപ്പെട്ട കുട്ടിയെ അധ്യാപകന്‍ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പുറത്തുപറഞ്ഞാല്‍ കുട്ടിയേയും മാതാവിനേയും കൊന്നുകളയുമെന്നായിരുന്നു പത്മരാജന്റെ ഭീഷണി.
കുട്ടിയെയും കുടുംബത്തെയും നിരന്തരം സ്റ്റേഷനിലും മറ്റും വിളിപ്പിച്ച് പൊലീസ് നിരന്തരം ചോദ്യം ചെയ്തിരുന്നു. ഗൈനക്കോളജിസ്റ്റ് വരെ പീഡനം സ്ഥിരീകരിച്ചിട്ടും കുട്ടിയുടെ മാനസിക നിലയില്‍ സംശയം ഉണ്ടെന്ന് പറഞ്ഞ് പൊലീസ് പത്തുവയസ്സുകാരിയെ കോഴിക്കോട് കൊണ്ടുപോയി മനശ്ശാസ്ത്ര വിദഗ്ധരെ കൊണ്ട് മണിക്കൂറുകളോളം പരിശോധിപ്പിക്കുകയും ചെയ്തിരുന്നു.