Jammu and Kashmir
മോദിക്ക് ഞാന്‍ 72 മണിക്കൂര്‍ സമയം തരുന്നു; എന്റെ മകനെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യണം; കാശ്മീരില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സൈനികന്റെ പിതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 16, 04:28 am
Saturday, 16th June 2018, 9:58 am

ശ്രീനഗര്‍: തന്റെ മകനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ ഭീകരരോട് പ്രതികാരം ചെയ്യണമെന്ന ആവശ്യവുമായി കൊല്ലപ്പെട്ട സൈനികന്റെ പിതാവ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താന്‍ 72 മണിക്കൂര്‍ സമയം ഇതിനായി അനുവദിക്കുകയാണെന്നും പിതാവ് മുഹമ്മദ് ഹനീഫ് പറഞ്ഞു.

ഈ രാഷ്ട്രീയക്കാര്‍ ശ്രീനഗറില്‍ തന്നെ ഉണ്ടായിരുന്നിട്ടും എല്ലാവരും കൊല്ലപ്പെടുകയാണ്. അത് ബി.ജെ.പിയുടെ നേതാക്കളായാലും നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായാലും കോണ്‍ഗ്രസ് നേതാക്കളായാലും അത് അങ്ങനെ തന്നെയാണ് സംഭവിക്കുന്നത്.


Dont Miss ഗൗരി ലങ്കേഷിനുശേഷം ഉന്നംവെച്ചത് കെ.എസ് ഭഗവാനെയും ഗിരീഷ് കര്‍ണാടിനെയും; കൊലപാതകത്തിനുപിന്നില്‍ വന്‍സംഘമെന്ന് പൊലീസ്


“ആദ്യം രാഷ്ട്രീയ നേതാക്കളെ ഇവിടെ നിന്ന് ചവിട്ടിപ്പുറത്താക്കണം. അതിന് ശേഷം ഇവിടെയുള്ള തീവ്രവാദ വേരുകള്‍ അറുത്തുമാറ്റാനുള്ള ഓപ്പറേഷന്‍ ആരംഭിക്കണം.

ഞാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 72 മണിക്കൂര്‍ സമയം തരികയാണ്. അതിനുള്ളില്‍ എന്റെ മകനെ ഇല്ലാതാക്കിയവര്‍ക്ക് മറുപടി നല്‍കിയിരിക്കണം. അല്ലാത്ത പക്ഷം എന്റെ മകന്റെ കൊലപാതകത്തിന് ഞാന്‍ തന്നെ മറുപടി നല്‍കും.

ഭയപ്പെടാനൊന്നും ഇല്ലെന്നും ഈദ് ആഘോഷങ്ങള്‍ക്കായി താന്‍ എത്തും എന്ന് പറഞ്ഞാണ് എന്റെ മകന്‍ യാത്രയായത്. – ഹനീഫ് പറയുന്നു.

പെരുന്നാളിനു വീട്ടിലേക്ക് തിരിച്ചു വരുന്ന വഴിയാണ് ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. രാവിലെ ഒന്‍പതിന് ഷാദി മാര്‍ഗില്‍നിന്ന് അതുവഴിവന്ന സ്വകാര്യ കാറില്‍ ഷോപിയാനിലേക്കു പുറപ്പെട്ടതായിരുന്നു. വാഹനം കലംപോര എത്തിയപ്പോള്‍ ഭീകരര്‍ തടയുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു.

തുടര്‍ന്നു സൈന്യവും പൊലീസും ചേര്‍ന്നു നടത്തിയ അന്വേഷണത്തില്‍ പത്തു കിലോമീറ്റര്‍ അകലെ ഗുസ്സു ഗ്രാമത്തില്‍ നിന്നാണു മൃതദേഹം ലഭിച്ചത്. തലയിലും കഴുത്തിലും വെടിയേറ്റ നിലയിലായിരുന്നു മൃതദേഹം. 44 രാഷ്ട്രീയ റൈഫിള്‍സിലെ റൈഫിള്‍മാന്‍ ആണ് ഔറംഗസേബ്.

ഏപ്രില്‍ 30നു ഹിസ്ബുല്‍ ഭീകരന്‍ സമീര്‍ ടൈഗറിനെ ഏറ്റുമുട്ടലില്‍ വകവരുത്തിയ സംഘത്തില്‍ ഔറംഗസേബ് ഉണ്ടായിരുന്നു.