ഇന്ത്യൻ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ വെളിപ്പെടുത്തിയ റിപ്പോർട്ട് ഐ.എൽ.ഒ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു
national news
ഇന്ത്യൻ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്മ വെളിപ്പെടുത്തിയ റിപ്പോർട്ട് ഐ.എൽ.ഒ വെബ്‌സൈറ്റിൽ നിന്നും നീക്കം ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th August 2024, 9:06 am

ന്യൂദൽഹി: ഇന്ത്യൻ യുവാക്കൾക്കിടയിൽ വർധിച്ചുവരുന്ന തൊഴിലില്ലായ്മായെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയ റിപ്പോർട്ട് ഐ.എൽ.ഒ വെബ്സൈറ്റിൽ നിന്ന് നീക്കം ചെയ്തതായി പരാതി. ദി പ്രിന്റ് ആണ് വെബ്‌സൈറ്റിൽ നിന്നും വിവരങ്ങൾ നീക്കം ചെയ്യപ്പെട്ട വിവരം പുറത്ത് വിട്ടത്. ഇൻ്റർനാഷണൽ ലേബർ ഓർഗനൈസേഷനും (ഐ.എൽ.ഒ) ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്‌മെന്റും സംയുക്തമായി നിർമിച്ച ഇന്ത്യ എംപ്ലോയ്‌മെൻ്റ് റിപ്പോർട്ട് 2024 ആണ് വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യപ്പെട്ടിരിക്കുന്നത്.

തൊഴിലില്ലായ്മായെക്കുറിച്ചുള്ള ഐ.എൽ.ഒ റിപ്പോർട്ടിനെതിരെയുള്ള എതിർപ്പ് അറിയിച്ച് സർക്കാർ ഔദ്യോഗികമായി എത്തിയിരുന്നു. ലേബർ എംപ്ലോയ്‌മെൻ്റ് സെക്രട്ടറി സുമിത ദവ്‌റ മുതിർന്ന ഐ.എൽ.ഒ ഉദ്യോഗസ്ഥരെ വിളിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്‌മെൻ്റ് തയ്യാറാക്കിയ 2024 ലെ ഇന്ത്യ എംപ്ലോയ്‌മെൻ്റ് റിപ്പോർട്ടിൽ സർക്കാരിന് അതൃപ്തിയുണ്ടെന്ന് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റിപ്പോർട്ട് വെബ്സൈറ്റിൽ നിന്നും അപ്രത്യക്ഷമായത്.

വെബ്‌സൈറ്റിൽ മുമ്പ് ലഭ്യമായ റിപ്പോർട്ടിലെ വിവരങ്ങൾ ഒന്നും തന്നെ ഐ.എൽ.ഒയുടെ വെബ്‌സൈറ്റിൽ ഇപ്പോൾ കണ്ടെത്താനാകുന്നില്ല. റിപ്പോർട്ട് സർക്കാർ നിർദേശ പ്രകാരം നീക്കം ചെയ്തതാണോ അതോ മറ്റേതെങ്കിലും പ്രശ്നം ആണോ എന്നറിയിൻ ദി പ്രിന്റ് ഐ.എൽ.ഒയെ ജിമെയിൽ വഴി ബന്ധപ്പെട്ടു. എന്നാൽ അതെ സംബന്ധിച്ച വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ല.

അതേസമയം, റിപ്പോർട്ട് നീക്കം ചെയ്യുന്നതിനായുള്ള എതിർപ്പുകളെക്കുറിച്ചോ സർക്കാർ നിർദേശങ്ങളെക്കുറിച്ചോ തങ്ങൾക്ക് വിവരങ്ങൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്ന് റിപ്പോർട്ട് തയ്യാറാക്കാൻ ഐ.എൽ.ഒയുമായി സഹകരിച്ച ഡൽഹി ആസ്ഥാനമായുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹ്യൂമൻ ഡെവലപ്‌മെൻ്റ്  പറഞ്ഞു.

‘റിപ്പോർട്ടിനെതിരെയുള്ള എതിർപ്പുകളോ അല്ലെങ്കിൽ അത് എടുത്തുകളയുന്നതിനെക്കുറിച്ചോ ഞങ്ങൾക്ക് ഐ.എൽ.ഒയിൽ നിന്നോ സർക്കാരിൽ നിന്നോ വിവരങ്ങൾ ഒന്നും ലഭിച്ചിട്ടില്ല,’ ഇൻസ്റ്റിറ്റ്യൂട്ടിൻ്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പ്രിയങ്ക ത്യാഗി പറഞ്ഞു.

 

ഈ വർഷം മാർച്ചിൽ പുറത്തിറക്കിയ റിപ്പോർട്ടിൽ കഴിഞ്ഞ 20 വർഷമായുള്ള ഇന്ത്യൻ തൊഴിൽ മേഖലയെക്കുറിച്ച് വിശദമായി പഠനം നടത്തിയിട്ടുണ്ടായിരുന്നു. തുടർന്ന് 2022 ലെ കണക്കനുസരിച്ച്, തൊഴിലില്ലായ്മ നേരിടുന്ന ജനവിഭാഗത്തിൽ 83 ശതമാനം യുവാക്കളാണെന്ന് റിപ്പോർട്ട് കണ്ടെത്തിയിരുന്നു. കൂടാതെ മൊത്തം തൊഴിലില്ലാത്തവരിൽ വിദ്യാസമ്പന്നരായ യുവാക്കളുടെ ശതമാനം 2000ൽ 54.2 ശതാമാനമായിരുന്നു. എന്നാൽ 2022ൽ എത്തിയപ്പോൾ ഇത് 65.7 ശതമാനമായി വർധിച്ചുവെന്നും കണ്ടെത്തിയിരുന്നു.

യുവാക്കളിലെ ഒരു വലിയ വിഭാഗത്തിന് അടിസ്ഥാന ഡിജിറ്റൽ സാക്ഷരതാ വൈദഗ്ധ്യം ഇല്ലെന്ന് റിപ്പോർട്ടിൽ പറയുന്നുണ്ട്. കൂടാതെ 75 ശതമാനം പേർക്ക് ഇമെയിലിൽ അറ്റാച്ച്മെന്റുകൾ  അയയ്‌ക്കാനും 60 ശതമാനം പേർക്ക് ഫയലുകൾ കോപ്പി ചെയ്യാനും അറിയില്ല. 90 ശതമാനം പേർക്കും സ്‌പ്രെഡ്‌ഷീറ്റ് ഉപയോഗിക്കാനും അറിയില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

 

Content Highlight: ILO report that noted high unemployment among Indian youth now missing from website, link not working