സല്‍മാന്‍ രാജകുമാരനെ ഉപരോധിക്കാനുള്ള ബില്‍ യു.എസ് ജനപ്രതിനിധി സഭയില്‍ വെച്ച് ഇല്‍ഹാന്‍ ഒമര്‍; ബൈഡനും സ്പീക്കറും സമ്മര്‍ദ്ദത്തില്‍
World News
സല്‍മാന്‍ രാജകുമാരനെ ഉപരോധിക്കാനുള്ള ബില്‍ യു.എസ് ജനപ്രതിനിധി സഭയില്‍ വെച്ച് ഇല്‍ഹാന്‍ ഒമര്‍; ബൈഡനും സ്പീക്കറും സമ്മര്‍ദ്ദത്തില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 3rd March 2021, 8:48 am

വാഷിംഗ്ടണ്‍: യു.എസ് ജനപ്രതിനിധി സഭയില്‍ സല്‍മാന്‍ രാജകുമാരനെ ഉപരോധിക്കാനുള്ള ബില്‍ അവതരിപ്പിച്ച് ഇല്‍ഹാന്‍ ഒമര്‍. മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന് വ്യക്തമായതിനാല്‍ അദ്ദേഹത്തിനെ ഉപരോധിക്കണമെന്ന് ഡെമോക്രാറ്റിക് പ്രതിനിധികൂടിയായ ഇല്‍ഹാന്‍ ഒമര്‍ സഭയില്‍ പറഞ്ഞു. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രതിനിധി തന്നെ ജനപ്രതിനിധി സഭയില്‍ പരസ്യവിമര്‍ശനവുമായി ബില്‍ അവതരിപ്പിച്ചത് സ്പീക്കര്‍ നാന്‍സി പെലോസിയേയും, പ്രസിഡന്റ് ജോ ബൈഡനേയും പ്രതിരോധത്തിലാക്കി.

”ഇത് മാനവികതയോടുള്ള പരീക്ഷണമാണ്. അമേരിക്ക അഭിപ്രായ സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും, മനുഷ്യാവകാശത്തിലും വിശ്വസിക്കുന്നുണ്ടെങ്കില്‍ സല്‍മാന്‍ രാജകുമാരനെതിരെ ഉപരോധം ഏര്‍പ്പെടുത്തണം. അങ്ങനെ ചെയ്യാതിരിക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നുമില്ല,” ഇല്‍ഹാന്‍ ഒമര്‍ പറഞ്ഞു.

ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മുഹമ്മദ് ബിന്‍ സല്‍മാന് ഉപരോധം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ഡെമോക്രാറ്റുകള്‍ക്കിടയില്‍ നിന്ന് തന്നെ ഉയര്‍ന്നിരുന്നു.

എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഉപരോധം ഏര്‍പ്പെടുത്താനാകില്ലെന്ന് അമേരിക്ക തിങ്കളാഴ്ച വ്യക്തമാക്കിയിരുന്നു.
സൗദിയുമായുള്ള ബന്ധം നല്ല നിലയ്ക്ക് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നതെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് പറഞ്ഞത്. സല്‍മാന്‍ രാജകുമാരനെതിരെ സൗദി നടപടി സ്വീകരിക്കണമെന്നും നെഡ് പ്രൈസ് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഉപരോധം ഏര്‍പ്പെടുത്തുന്നത് പോലുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നത് സൗദി അറേബ്യയിലെ അമേരിക്കന്‍ സ്വാധീനത്തെ ബാധിക്കുമെന്നും നെഡ് പ്രൈസ് അഭിപ്രായപ്പെട്ടിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ശനിയാഴ്ച പുറത്തുവിട്ടതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് അന്താരാഷ്ട്രതലത്തില്‍ നടക്കുന്നത്.

ജമാല്‍ ഖഷോഗ്ജി വധവുമായി ബന്ധപ്പെട്ട് സൗദിയിലെ 76 പേര്‍ക്ക് യു.എസ് ഉപരോധവും യാത്രാ വിലക്കും ഏര്‍പ്പെടുത്തിയിരുന്നു. അമേരിക്ക മുഹമ്മദ് ബിന്‍ സല്‍മാനുമായി ബന്ധമുള്ളവരെ ഉപരോധിച്ചെങ്കിലും അദ്ദേഹത്തിനെതിരെ മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇത് യു.എസിന്റെ വിശ്വാസ്യതയെ ദുര്‍ബലപ്പെടുത്തുന്നതായി ആക്ടിവിസ്റ്റ് ആന്‍ഡ്രിയ പ്രാസോവ് പറഞ്ഞിരുന്നു.

ശനിയാഴ്ച പ്രസിഡന്റ് ജോ ബൈഡനാണ് മാധ്യമപ്രവര്‍ത്തകന്‍ ഖഷോഗ്ജിയുമായി ബന്ധപ്പെട്ട രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ഇസ്താംബുളില്‍ ഓപ്പറേഷന് അനുവാദം നല്‍കിയ സല്‍മാന്‍ ഖഷോഗ്ജിയെ കൊല്ലുകയോ അല്ലെങ്കില്‍ പിടിച്ചുകൊണ്ടുവരികയോ ചെയ്യ
ണമെന്നായിരുന്നു നിര്‍ദേശിച്ചിരുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുഹമ്മദ് ബിന്‍ സല്‍മാന്റെ സ്വാധീനം വിലയിരുത്തുമ്പോള്‍ അദ്ദേഹത്തിന്റെ അനുവാദമില്ലാതെ 2018ല്‍ നടന്ന ഈ കൊലപാതകം സംഭവിക്കില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

തനിക്കെതിരെ അഭിപ്രായങ്ങള്‍ ഉയര്‍ത്തുന്നവരെ അക്രമാസക്തമായ വഴികളിലൂടെ നിശബ്ദരാക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്റെ രീതികളും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാനോ സൗദിക്കോ എതിരെ അമേരിക്ക വിലക്കുകളോ മറ്റു നടപടികളോ സ്വീകരിച്ചിട്ടില്ല. എന്നാല്‍ ഖഷോഗ്ജി ആക്ട് എന്ന പുതിയ നിയമം അമേരിക്ക അവതരിപ്പിച്ചു
മാധ്യമപ്രവര്‍ത്തകരെയോ എതിരഭിപ്രായം പുലര്‍ത്തുന്നവരെയോ അവരുടെ കുടുംബാംഗങ്ങളെയോ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നവര്‍ക്ക് അമേരിക്കയില്‍ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തുന്നതാണ് ഈ ആക്ട്. ഇതിന്റെ ഭാഗമായി 76 സൗദി പൗരന്മാരെ കരിമ്പട്ടികയില്‍ പെടുത്തി.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Ilhan Omar unveils bill to sanction MBS for Khashoggi’s murder