കാറ്റലോണിയൻ ക്ലബ്ബായ ബാഴ്സലോണ ലീഗിൽ ഗംഭീര പ്രകടനം നടത്തി മുന്നോട്ട് പോവുകയാണ്. ചാമ്പ്യൻസ് ലീഗും ലീഗ് ടൈറ്റിലും നേടി യൂറോപ്പിലെ മികച്ച ക്ലബ്ബുകളിലൊന്നാണ് തങ്ങൾ എന്ന് തെളിയിച്ച റയൽ മാഡ്രിഡിനെയും സൈഡാക്കിയാണ് ലീഗിൽ ബാഴ്സയുടെ തേരോട്ടം.
എന്നാൽ ജൂണിൽ പി.എസ്.ജിയുമായുള്ള കരാർ അവസാനിക്കുന്ന മെസി ബാഴ്സയിലേക്ക് മടങ്ങിവരുമെന്ന രീതിയിൽ റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. മെസി ബാഴ്സയിലേക്കെത്തിയാൽ അത് ബാഴ്സയിലെ യുവതാരമായ ഗാവിയുടെ ഭാവിയെ സ്വാധീനിക്കും എന്ന വിവരങ്ങളാണിപ്പോൾ പുറത്ത് വരുന്നത്.
മെസിയെ ബാഴ്സയിലേക്ക് എത്തിക്കേണ്ടി വന്നാൽ അവർക്ക് ഗാവിയെ വൻ തുകക്ക് വിൽക്കേണ്ടി വരുമെന്നും എങ്കിൽ ലിവർപൂളോ മാഞ്ചസ്റ്റർ സിറ്റിയോ ഗാവിയെ വാങ്ങുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ടൈംസാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
18കാരനായ സ്പാനിഷ് യുവതാരത്തിന് മധ്യനിരയിൽ കളി മെനയാനും മുന്നേറ്റനിര താരങ്ങളുടെ ജോലി എളുപ്പമാക്കാനും അസാമാന്യ മികവാണുള്ളത്. അതിനാൽ തന്നെയാണ് താരത്തെ തങ്ങളുടെ തട്ടകത്തിലേക്കെത്തിക്കാൻ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തന്ത്രങ്ങൾ മെനയുന്നത്.
മെസിയും ഗാവിയും ഒരേ ടീമിലാണെങ്കിൽ രണ്ട് താരങ്ങൾക്കും കളിക്കാനുള്ള സ്പെയ്സ് കിട്ടില്ല എന്ന കാരണത്താലാണ് ഗാവിയെ മെസി വന്നാൽ ബാഴ്സ വിൽക്കുന്നത് എന്നാണ് ടൈംസിന്റെ റിപ്പോർട്ടിൽ പരാമർശിക്കുന്നത്.